ഇന്ത്യക്ക് പുതിയ ബാറ്റിങ് കോച്ച്

തുടരെ രണ്ട് ടെസ്റ്റ് പരമ്പരകളിലെ വമ്പൻ പരാജയങ്ങൾക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ബാറ്റിങ് പരിശീലകനെ നിയമിച്ചു
Sitanshu Kotak
സിതാംശു കോടക്
Updated on

മുംബൈ: തുടരെ രണ്ട് ടെസ്റ്റ് പരമ്പരകളിലെ വമ്പൻ പരാജയങ്ങൾക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് പരിശീലകനായി സിതാംശു കോടക്കിനെ നിയമിച്ചു. സൗരാഷ്ട്രയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്ന കോടക് സാങ്കേതികത്തികവുള്ള ബാറ്ററായാണ് അറിയപ്പെട്ടിരുന്നത്.

നിലവിൽ ഇന്ത്യ എ ടീമിന്‍റെ പരിശീലകനാണ്. നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലകനായിരുന്ന കോടക്, 2023ലെ ഇന്ത്യൻ ടി20 ടീമിന്‍റെ അയർലൻഡ് പര്യടനത്തിലും താത്കാലിക കോച്ചായിരുന്നു. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ സഹപരിശീലകനുമായിരുന്നു.

സൗരാഷ്ട്രയുടെ വിശ്വസ്തനായ മധ്യനിര ബാറ്ററായിരുന്ന കോടക്, 130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 8,061 റൺസ് നേടിയിട്ടുണ്ട്. 41 റൺസാണ് ബാറ്റിങ് ശരാശരി. 15 സെഞ്ചുറികളും 55 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 89 ലിസ്റ്റ് എ മത്സരങ്ങളിൽ 42 എന്ന ശരാശരിയോടെ 3,083 റൺസും നേടി. ഇതിൽ മൂന്ന് സെഞ്ചുറിയും 26 അർധ സെഞ്ചുറിയും ഉൾപ്പെടുന്നു. 41 വയസ് വരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സജീവമായിരുന്ന സിതാംശു കോടകിന് ഇപ്പോൾ 52 വയസാണ്.

ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷമാണ് ഗംഭീർ ബാറ്റിങ് കോച്ചിനെ വേണമെന്ന ആവശ്യം ബിസിസിഐക്കു മുന്നിൽ വച്ചത്. നിലവിൽ സഹ പരിശീലകരായി അഭിഷേക് നായരും റിയാൻ ടെൻ ഡസ്ചേറ്റും ഗംഭീറിന്‍റെ കോച്ചിങ് സംഘത്തിലുണ്ട്.

ഗംഭീർ മുഖ്യ പരിശീലകനായ ശേഷം ബൗളിങ് കോച്ചായി മോണി മോർക്കലിനെ നിയമിക്കുകയും ഫീൽഡിങ് കോച്ചായി ടി. ദിലീപിനെ നിലനിർത്തുകയും ചെയ്തെങ്കിലും ബാറ്റിങ് കോച്ചിനെ നിയമിച്ചിരുന്നില്ല. ഗംഭീർ തന്നെ മികച്ച ബാറ്ററായിരുന്നതിനാൽ പ്രത്യേകം ബാറ്റിങ് പരിശീലകൻ വേണ്ടെന്ന അഭിപ്രായവും ഇടക്കാലത്ത് ഉ‍യർന്നുവന്നിരുന്നു. എന്നാൽ, സാക്ഷാൽ രാഹുൽ ദ്രാവിഡ് ഹെഡ് കോച്ചായിരിക്കുമ്പോൾ പോലും ബാറ്റിങ് കോച്ചായി വിക്രം റാത്തോഡ് ഉണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com