
സ്മൃതി മന്ദാന
മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ‍്യ ഏകദിനത്തിൽ അർധ സെഞ്ചുറി നേടിയതോടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത‍്യൻ താരം സ്മൃതി മന്ഥന. ഇതോടെ ഇംഗ്ലണ്ട് താരം നാറ്റ് ഷിവർ ബ്രണ്ടിനെ മറികടന്നു. ആറു വർഷത്തിന്‍റെ ഇടവേളയ്ക്കു ശേഷമാണ് സ്മൃതി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.
റാങ്കിങ്ങിലെ ആദ‍്യ പത്തിലുൾപ്പെടുന്ന ഏക ഇന്ത‍്യൻ താരവും സ്മൃതി തന്നെയാണ്. 735 റേറ്റിങ് പോയിന്‍റുകളാണ് താരത്തിനുള്ളത്.
തൊട്ടു താഴെ 731 പോയിന്‍റുകളുമായി നാറ്റ് ഷിവർ ബ്രന്‍റും 725 പോയിന്‍റുമായി ലോറ വോൾവാർഡും 689 പോയിന്‍റുകളുമായി ഓസ്ട്രേലിയൻ താരം എല്ലിസ് പെറിയും ഉൾപ്പെടുന്നു.
ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിൽ 63 പന്തിൽ നിന്നും 6 ബൗണ്ടറിയും 2 സിക്സറുകളും അടക്കം 58 റൺസായിരുന്നു താരം അടിച്ചു കൂട്ടിയത്. ഓസ്ട്രേലിയക്കെതിരേ ഇന്ത‍്യ 282 റൺസ് വിജയലക്ഷ‍്യം ഉയർത്തിയെങ്കിലും ഓസ്ട്രേലിയ 44.2 ഓവറിൽ വിജയലക്ഷ‍്യം മറികടന്നു.