
ദുലീപ് ട്രോഫി ഫൈനലിൽ ദക്ഷിണ മേഖലയും മധ്യ മേഖലയും ഏറ്റുമുട്ടും.
ബെംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റിൽ ദക്ഷിണ മേഖലയും മധ്യ മേഖലയും ഫൈനലിൽ ഏറ്റുമുട്ടും. സെമി ഫൈനലിൽ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ പിൻബലത്തിൽ ദക്ഷിണ മേഖല ഉത്തര മേഖലയെയും, മധ്യമേഖല പശ്ചിമ മേഖലയെയും മറികടന്നു.
മലയാളി താരം മുഹമ്മദ് അസറുദീൻ നയിച്ച ദക്ഷിണ മേഖല ഉശിരൻ ബാറ്റിങ് പ്രകടനത്തോടെയാണ് ഫൈനൽ ഉറപ്പാക്കിയത്. ചതുർദിന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണ മേഖല 536 എന്ന സ്കോർ ഉയർത്തി. എൻ. ജഗദീശന്‍റെ (197) സെഞ്ചുറിയാണ് ദക്ഷിണ മേഖലയെ മികച്ച സ്കോറിൽ എത്തിച്ചത്. ദേവദത്ത് പടിക്കലും (57), റിക്കി ഭുയിയും (54), ടി. ത്യാഗരാജനും (58) അർധ സെഞ്ചുറി കുറിച്ചു. അസറുദീൻ (11) നിരാശപ്പെടുത്തി. മറ്റൊരു മലയാളി താരം സൽമാൻ നിസാർ 29 റൺസ് നേടി.
മറുപടിക്കിറങ്ങിയ വടക്കൻ മേഖല 361ൽ ഒതുങ്ങിയപ്പോൾ ദക്ഷിണ മേഖലയ്ക്ക് 175 റൺസിന്‍റെ ലീഡ്. ഓപ്പണർ ശുഭം ഖജൂരിയ (128) സെഞ്ചുറിയുമായി പൊരുതി. നിശാന്ത് സിന്ധുവും (82) മികച്ച പ്രകടനം കാഴ്ചവച്ചു.
നാല് വിക്കറ്റ് പിഴുത ഗുർജൻപ്രീത് സിങ്ങും മൂന്നു പേരെ പുറത്താക്കിയ എം.ഡി. നിധീഷുമാണ് ഉത്തര മേഖലയെ പിടിച്ചുകെട്ടിയത്. രണ്ടാം ഇന്നിങ്സിൽ ദക്ഷിണ മേഖല 95/1 എന്ന നിലയിൽ നിൽക്കെ മത്സരം സമനിലയിൽ അവസാനിച്ചു.
പശ്ചിമ മേഖലയ്ക്കെതിരേ മധ്യ മേഖല 162 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പശ്ചിമ മേഖല ഋതുരാജ് ഗെയ്ക്ക്‌വാദിന്‍റെ (184) സെഞ്ചുറി മികവിൽ 438 റൺസെടുത്തു. സ്കോർ പിന്തുടർന്ന മധ്യ മേഖല 600 റൺസ് പടുത്തുയർത്തി. ഡാനിഷ് മലേവാർ (76), ശുഭം ശർമ (86), നായകൻ രജത് പാട്ടിദാർ (77), വിക്കറ്റ് കീപ്പർ ഉപേന്ദ്ര യാദവ് (87), ഓൾറൗണ്ടർ ഹർഷ് ദുബെ (75), സാരാംശ് ജെയ്‌ൻ (63 നോട്ടൗട്ട്) എന്നിവർ മധ്യ മേഖല നിരയിൽ ഹാഫ് സെഞ്ചുറി കുറിച്ചു. രണ്ടാം വട്ടം ബാറ്റെടുത്ത വെസ്റ്റ് സോൺ 216/8 എന്ന നിലയിൽ നിൽക്കെ മത്സരത്തിന് തിരശീല വീണു.