

ഡിവാൾഡ് ബ്രീവിസ്
ഡർബൻ: ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് ഡിവാൾഡ് ബ്രീവിസിനെ പരിഗണിച്ചില്ല. അടുത്തിടെ നമീബിയക്കെതിരേ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടും 16 അംഗ ടീമിൽ ബ്രീവിസിന് ഇടംനേടാനായില്ല.
ബ്രീവിസിനു പുറമെ പ്രെനെലൻ സുബ്രായൻ, റൂബിൻ ഹെർമാൻ എന്നിവരെയും ടീമിലെടുത്തിട്ടില്ല. സെപ്റ്റംബർ 24നാണ് പരമ്പര ആരംഭിക്കുന്നത്. പരുക്കിന്‍റെ പിടിയിലായതിനാൽ സ്റ്റാർ പേസർ കാഗിസോ റബാഡയും ടീമിലില്ല. ഡെയ്‌ൽ സ്റ്റെയിനെ അനുസ്മരിപ്പിക്കുന്ന ബൗളിങ് ആക്ഷനുള്ള ജെറാൾഡ് കോറ്റ്സി ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷം ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
2023 ഏകദിന ലോകകപ്പിലായിരുന്നു താരം അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏകദിന മത്സരം കളിച്ചത്. ടെംബ ബവുമയാണ് ടീമിന്‍റെ ക‍്യാപ്റ്റൻ. അതേസമയം, ഏയ്ഡൻ മാർക്രം ആദ‍്യ ഏകദിന മത്സരത്തിൽ കളിക്കില്ല. ക്വിന്‍റൺ ഡി കോക്ക്, ഡേവിഡ് മില്ലർ അടക്കമുള്ള സീനിയർ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2027 ലോകകപ്പ് ലക്ഷ‍്യമിട്ടാണ് ഇരുവരയെും ടീമിലെടുത്തതെന്നാണ് സൂചന. ജെറാൾഡ് കോറ്റ്സിക്കൊപ്പം മാർക്കോ യാൻസൻ, ലുങ്കി എൻഗിഡി, കോർബിൻ ബോഷ്, ക്വേന മഫാക്ക, ഓട്ട്നീൽ ബാർട്ട്മാൻ എന്നിവർ പേസ് നിര നിയന്ത്രിക്കും.
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: ടെംബ ബവുമ (ക്യാപ്റ്റൻ), ഓട്‌നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, മാത്യൂ ബ്രീറ്റ്‌സ്കെ, ജെറാൾഡ് കോറ്റ്സി, ക്വിന്‍റൺ ഡി കോക്ക്, ടോണി ഡി സോർസി, ബ്യോൺ ഫോർച്യൂൺ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, ക്വേന മഫാക്ക, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, റയാൻ റിക്കിൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്‌സ്.