അഫ്ഗാൻ പൊരുതാതെ കീഴടങ്ങി; ദക്ഷിണാഫ്രിക്ക ഫൈനലിൽ
എയ്ഡൻ മാർക്രവുമായി ആഹ്ളാദം പങ്കിടുന്ന ടബ്രെയ്സ് ഷംസി.

അഫ്ഗാൻ പൊരുതാതെ കീഴടങ്ങി; ദക്ഷിണാഫ്രിക്ക ഫൈനലിൽ

ട്വന്‍റി20 ലോകകപ്പിന്‍റെ ആദ്യ സെമി ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 56 റൺസിന് ഓൾഔട്ടായപ്പോൾ, ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി
Published on

തരൗബ: ട്വന്‍റി20 ലോകകപ്പിൽ ഉടനീളം ഗംഭീര പ്രകടനവുമായി മുന്നേറുകയായിരുന്ന അഫ്ഗാനിസ്ഥാൻ ഒടുവിൽ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ വീണു, അതും സെമി ഫൈനലിൽ! ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചെങ്കിലും 56 റൺസിന് ഓൾഔട്ടാകുകയായിരുന്നു ഏഷ്യൻ പ്രതിനിധികൾ. ദക്ഷിണാഫ്രിക്ക 8.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം നേടുകയും ചെയ്തു.

മാർക്കോ യാൻസനും കാഗിസോ റബാദയും ആൻറിച്ച് നോർക്കിയയും ഉൾപ്പെട്ട ദക്ഷിണാഫ്രിക്കൻ പേസ് നിരയ്ക്കു മുന്നിൽ ആദ്യ അഞ്ചോവറിൽ അഞ്ച് വിക്കറ്റ് അടിയറ വച്ചതോടെ തന്നെ മത്സരത്തിന്‍റെ ഗതി ഏറെക്കുറെ നിർണയിക്കപ്പെട്ടിരുന്നു.

1.5 ഓവറിൽ ആറ് റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടബ്രെയ്സ് ഷംസി അഫ്ഗാന്‍റെ പതനം വേഗത്തിലാക്കുകയും ചെയ്തു.

മറുപടി ബാറ്റിങ്ങിൽ ഫസൽഹക്ക് ഫാറൂഖി ഒരിക്കൽക്കൂടി പവർ പ്ലേയിൽ ആഞ്ഞടിച്ചു. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിൺ ഡി കോക്ക് (5) രണ്ടാം ഓവറിൽ പുറത്ത്. ഇതോടെ ടൂർണമെന്‍റിലെ വിക്കറ്റ് നേട്ടം ഫാറൂഖി 17 ആയി ഉയർത്തി. 15 വിക്കറ്റുമായി ഇന്ത്യയുടെ അർഷ്‌ദീപ് സിങ്ങാണ് രണ്ടാം സ്ഥാനത്ത്.

എന്നാൽ, തുടർന്ന് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ പരീക്ഷിക്കാൻ അഫ്ഗാൻ ബൗളർമാർക്കു സാധിച്ചില്ല. കൂടുതൽ നഷ്ടമില്ലാതെ റീസ ഹെൻഡ്രിക്സും (29) ക്യാപ്റ്റൻ എയ്ഡൻ മാർക്രവും (23) ചേർന്ന് ടീമിന്‍റെ വിജയം പൂർത്തിയാക്കുകയായിരുന്നു.

ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന രണ്ടാം സെമിയിലെ വിജയികളെയാവും ദക്ഷിണാഫ്രിക്ക ശനിയാഴ്ച നടക്കുന്ന ഫൈനലിൽ നേരിടുക.