ഇക്കുറി കലമുടഞ്ഞില്ല; ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റിലെ ലോക ചാംപ്യൻമാർ

ഓസ്ട്രേലിയയെ ആറ് വിക്കറ്റിനു കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ഐസിസി ട്രോഫി സ്വന്തമാക്കിയത്
Aiden Markram, Temba Bavuma take South Africa to World Test Championship

എയ്ഡൻ മാർക്രം ബാറ്റിങ്ങിനിടെ

Updated on

ലോർഡ്സ്: ക്രിക്കറ്റിന്‍റെ മെക്കയിൽ ദക്ഷിണാഫ്രിക്ക സകലപാപങ്ങളിൽനിന്നു മോചിപ്പിക്കപ്പെട്ട ദിവസം. ഓസ്ട്രേലിയക്കെതിരേ ഒരു ചെറുത്തുനിൽപ്പിനുള്ള ശേഷിയൊക്കെ ദക്ഷിണാഫ്രിക്കയ്ക്കുണ്ടാകുമെന്നു പറഞ്ഞ വിദഗ്ധരെയാകെ പരിഹസിച്ചുകൊണ്ട്, ടെസ്റ്റ് ക്രിക്കറ്റിലെ ലോക ചാംപ്യൻഷിപ്പ് സ്വന്തമാക്കിയ ദിവസം. ക്രിക്കറ്റ് എന്നാൽ ബൗളർമാരുടെ കൂടി കളിയാണെന്നും; ബാറ്റിങ് എന്നാൽ സിക്സറടി മാത്രമല്ലെന്നും, ജീവന്മരണ പോരാട്ടമാണെന്നുമെല്ലാം ഒരിക്കൽക്കൂടി ഓർമിപ്പിച്ചുകൊണ്ട് മൂന്നര ദിവസത്തിനുള്ളിൽ പോരാടി നേടിയ കിരീടം.

ടോസ് നേടി ആതിഥേയരെ ബാറ്റിങ്ങിനയച്ച ടെംബ ബവുമയുടെ തീരുമാനം ന്യായീകരിക്കുന്നതായിരുന്ന ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ പ്രകടനം. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ്. 212 റൺസിൽ അവസാനിച്ചു. എന്നാൽ, ഇരട്ടി ശക്തിയിൽ തിരിച്ചടിച്ച ഓസ്ട്രേലിയ എതിരാളികളുടെ ആദ്യ ഇന്നിങ്സ് വെറും 138 റൺസിൽ തീർത്തുകൊടുത്തു- 74 റൺസിന്‍റെ ലീഡും നേടി. പക്ഷേ, രണ്ടാം ഇന്നിങ്സിലും ഓസ്ട്രേലിയൻ ബാറ്റർമാർക്കു പിടിച്ചുനിൽക്കാനായില്ല- 207 റൺസിന് ഓൾഔട്ട്. ഇതോടെ 282 റൺസെടുത്താൽ ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം നേടാമെന്നായി.

Aiden Markram, Temba Bavuma during the match

എയ്ഡൻ മാർക്രവും ടെംബ ബവുമയും മത്സരത്തിനിടെ.

ഇക്കുറി പൊരുതാനുള്ള വിധി പുകഴ്പെറ്റ ഓസ്ട്രേലിയക്കായിരുന്നു. അത്രയും ആധികാരികമായ മുന്നേറ്റമാണ് രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രൻ ബാറ്റർമാർ പുറത്തെടുത്തത്. റിയാൻ റിക്കിൾട്ടണും (6) വിയാൻ മുൾഡറും (27) അധികം പിടിച്ചുനിന്നില്ലെങ്കിലും, ക്യാപ്റ്റൻ ടെംബ ബവുമയെ കൂട്ടു കിട്ടിയതോടെ ഓപ്പണർ എയ്ഡൻ മാർക്രം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ ബാറ്റിങ് പ്രകടനങ്ങളിലൊന്ന് പുറത്തെടുക്കുകയായിരുന്നു. 207 പന്തിൽ 136 റൺസെടുത്ത് മാർക്രം മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ വെറും ആറ് റൺസ് കൂടി മതിയായിരുന്നു.

ലക്ഷ്യത്തിലെത്താൻ അഞ്ച് വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടപ്പെടുത്തേണ്ടി വന്നത്. 134 പന്തിൽ 66 റൺസെടുത്ത ബവുമയ്ക്കു പിന്നാലെ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സിന്‍റെ (43 പന്തിൽ 8) വിക്കറ്റ് കൂടി നഷ്ടമായെങ്കിലും, ഡേവിഡ് ബെഡിങ്ങാമിന്‍റെ സഹായത്തോടെ മാർക്രം തന്‍റെ ടീമിനെ വിജയത്തിനു തൊട്ടടുത്തെത്തിച്ചു. വിക്കറ്റ് കീപ്പർ കൈൽ വെരെയ്നെ കൂട്ടുപിടിച്ച് ബെഡിങ്ങാം ചരിത്ര ദൗത്യം പൂർത്തിയാക്കുകയും ചെയ്തു.

പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും അടങ്ങിയ ഓസ്ട്രേലിയൻ ബൗളിങ് നിര ടെസ്റ്റ് ചാംപ്യൻഷിപ്പ് നിലനിർത്താനാവാതെ തല താഴ്ത്തുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com