

എറിഞ്ഞിടാൻ പാക്കിസ്ഥാൻ, അടിച്ചെടുക്കാൻ ദക്ഷിണാഫ്രിക്ക; ലാഹോർ ടെസ്റ്റിൽ വാശിയേറിയ പോരാട്ടം
ലാഹോർ: പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ വാശിയേറിയ പോരാട്ടം. മൂന്നാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 226 റൺസ് കൂടി നേടിയാൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം ഉറപ്പിക്കാം.
ക‍്യാപ്റ്റൻ ഐഡൻ മാർക്രം (3), വിയാൻ മുൾഡർ (0) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. 29 റൺസുമായി റ‍്യാൻ റിക്കിൾടണും 16 റൺസുമായി ടോണി ഡി സോർസിയുമാണ് ക്രീസിൽ. പാക്കിസ്ഥാനു വേണ്ടി നൊമാൻ അലിയാണ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്.
നേരത്തെ രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാൻ 167 റൺസിന് പുറത്തായിരുന്നു. 42 റൺസ് നേടിയ ബാബർ അസമാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സിൽ സൈമൺ ഹാർമറാണ് ബാബറിനെ പുറത്താക്കിയതെങ്കിൽ രണ്ടാം ഇന്നിങ്സിൽ കാഗിസോ റബാഡയാണ് ബാബറിന്‍റെ വിക്കറ്റ് വീഴ്ത്തിയത്.
ബാബറിനു പുറമെ ഓപ്പണിങ് ബാറ്റർ അബ്ദുള്ള ഷെഫീഖ് (41), സൗദ് ഷക്കീൽ (38), മുഹമ്മദ് റിസ്‌വാൻ എന്നിവർക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. മറ്റു താരങ്ങളെല്ലാവരും നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 5 വിക്കറ്റ് നേടിയ സെനുരൻ മുത്തുസ്വാമിയാണ് പാക്കിസ്ഥാനെ തകർത്തത്. മുത്തുസ്വാമിക്കു പുറമെ സൈമൺ ഹാർമർ നാലും കാഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ ലീഡ് ഉയർത്താൻ ബാറ്റേന്തിയ പാക്കിസ്ഥാന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ഇമാം ഉൾ ഹഖിനെ നഷ്ടമായി. ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ ഇമാം ഉൾ ഹഖിന് രണ്ടാം ഇന്നിങ്സിൽ ഒരു റൺസ് പോലും നേടാനായില്ല.
പിന്നാലെ ക്രീസിലെത്തിയ ക‍്യാപ്റ്റൻ ഷാൻ മസൂദിന് ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 7 റൺസെടുത്ത് താരം മടങ്ങി. തുടർന്ന് ടീം സ്കോർ 64ൽ നിൽക്കെ അബ്ദുള്ള ഷഫീക്കിനെയും പാക്കിസ്ഥാന് നഷ്ടമായെങ്കിലും നാലാം വിക്കറ്റിൽ ബാബർ- സൗദ് ഷക്കീൽ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ട് പാക്കിസ്ഥാന് തുണയായി.
ബാബർ- സൗദ് സഖ‍്യത്തിന്‍റെ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായിരുന്നില്ല. ബാബറിനെ റബാഡയും സൗദ് ഷക്കീലിനെ മുത്തുസ്വാമിയും പുറത്താക്കി. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ പാക്കിസ്ഥാന്‍റെ ഇന്നിങ്സ് 167 റൺസിൽ അവസാനിക്കുകയായിരുന്നു.