

അലിഷാൻ ഷറഫു
ന‍്യൂഡൽഹി: യുഎഇക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 123 റൺസ് വിജയലക്ഷ‍്യം. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടാനെ യുഎഇയ്ക്ക് സാധിച്ചുള്ളൂ. 38 പന്തിൽ നിന്നും 45 റൺസ് നേടിയ മലയാളി താരം അലിഷാൻ ഷറഫുവാണ് യുഎഇയുടെ ടോപ് സ്കോറർ.
അലിഷാനു പുറമെ ക‍്യാപ്റ്റൻ മുഹമ്മദ് വസീമും (12 പന്തിൽ 22) മുഹമ്മദ് അർഫാൻ (11) ആര‍്യാംശ് ശർമ (13) എന്നിവർക്ക് മാത്രമാണ് യുഎഇ നിരയിൽ രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കോർബിൻ ബോഷ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആൻറിച്ച് നോർകെ രണ്ടും ജോർജ് ലിൻഡെ ഒരു വിക്കറ്റും വീഴ്ത്തി.
കാഗിസോ റബാഡയ്ക്കും ഖേന മഫേകയ്ക്കും വിക്കറ്റ് വീഴ്ത്താനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇയ്ക്ക് മികച്ച തുടക്കമാണ് ക‍്യാപ്റ്റൻ മുഹമ്മദ് വസീം നൽകിയതെങ്കിലും സ്കോർ 38 റൺസിൽ നിൽക്കെ ജോർജ് ലിൻഡെ എറിഞ്ഞ പന്തിൽ പുറത്തായത് ടീമിന് തിരിച്ചടിയായി. പിന്നീട് വന്നവർക്ക് റൺസ് ഉയർത്താനായില്ല.
അലിഷാൻ പിടിച്ചു നിന്നെങ്കിലും ടി20 ക്രിക്കറ്റിന് വേണ്ട ആക്രമണോത്സുക ബാറ്റിങ് ഒന്നും അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞില്ല. പവർപ്ലേ പൂർത്തിയായപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 44 റൺസുണ്ടായിരുന്നു ടീമിന്. എന്നാൽ 13.4 ഓവറായപ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലെത്തി. പിന്നീട് റൺസ് ഉയർന്നില്ല. ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് ഇതിന് കാരണം.