
ചെന്നൈ: ആദ്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ പാക്കിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമിയിലേക്ക് ഒരു പടി കൂടി അടുത്തു.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 46.4 ഓവറില്‍ 270 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അവസാന ഘട്ടങ്ങളില്‍ പതറിയെങ്കിലും പത്താം വിക്കറ്റില്‍ കേശവ് മഹാരാജിന്റെയും ഷംസിയുടെയും ചെറുത്തുനില്‍പ്പിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക വിജയക്കൊടി പാറിക്കുകയായിരുന്നു. 91 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രാമാണ് ടോപ് സ്കോറര്‍. മറ്റ് ബാറ്റര്‍മാര്‍ എല്ലാവരും 30ല്‍ താഴെ മാത്രമാണ് സ്കോര്‍ ചെയ്തത്. പാക്കിസ്ഥാനായി ഷഹീന് അഫ്രീദി മൂന്നും മുഹമ്മദ് വാസിമും ഉസമ മിറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് വേണ്ടി ബാബര്‍ അസമും (50) സൗദ് ഷക്കീലും (52) അര്‍ധസെഞ്ചുറി നേടി. ഷബാദ് ഖആന് 43 റണ്‍സും നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ടാബ്റിസ് ഷംസി നാല് വിക്കറ്റ് നേടി.