

വി.കെ. സഞ്ജു
സ്വീപ്പെന്നോ ഫ്ളിക്കെന്നോ പുള്ളെന്നോ വിളിക്കേണ്ടതെന്ന് ഉറപ്പില്ലാത്തൊരു ഷോട്ടിലൂടെ നൂറു തികച്ച് ഹെൽമറ്റ് ഊരിയ ശേഷം അവൻ ചിരിച്ച ഒരു ചിരിയുണ്ട്; നിഷ്കളങ്കമായ കുട്ടിത്തവും അടക്കാനാവാത്ത ആഹ്ളാദവും പൂത്തുലഞ്ഞ ചിരി.... പതിനാറുകാരന്റെ മുഖമുള്ള ഇരുപത്തൊന്നുകാരന്റെ ആദ്യത്തെ അന്താരാഷ്ട്ര മത്സരമാണതെന്ന് അത്ര നേരം അവൻ തോന്നിപ്പിച്ചിരുന്നതേയില്ല; ആ ചിരിയിൽ ഒട്ടുമില്ലാതിരുന്ന പക്വതയും പാകതയും ആ ഇന്നിങ്സിൽ ഉടനീളം നിറഞ്ഞുനിൽക്കുകയായിരുന്നു.
യശസ്വി ജയ്സ്വാൾ എന്ന ചെറുപ്പക്കാരനെ ഭൂരിപക്ഷം ക്രിക്കറ്റ് പ്രേമികൾക്കും പരിചയം രാജസ്ഥാന്റെ പിങ്ക് ജഴ്സിയിൽ ആടിത്തിമിർത്ത തട്ടുപൊളിപ്പൻ പ്രകടനങ്ങളിലൂടെയാകും. പക്ഷേ, വിരാട് കോലിക്ക് ആദ്യ ബൗണ്ടറി കണ്ടെത്താൻ 80 പന്ത് നേരിടേണ്ടി വന്നൊരു പിച്ചിൽ, പരിചയസമ്പന്നനായൊരു ടിപ്പിക്കൽ ടെസ്റ്റ് ഓപ്പണറുടെ വെള്ളക്കുപ്പായം അവനു നന്നായി ചേരുന്നുണ്ടായിരുന്നു. ജോസ് ബട്ലറെപ്പോലും നിഷ്പ്രഭനാക്കിയ സ്ട്രോക്ക് മേക്കിങ് വിസ്മയത്തിന് 40 റൺ സ്ട്രൈക്ക് റേറ്റിൽ സൂക്ഷ്മതയോടെ കളിക്കാനുമറിയാമെന്നു തെളിയിച്ച പ്രകടനം, വേഗവും ബൗൺസുമില്ലാത്ത ഡൊമിനിക്കൻ വിക്കറ്റിൽ ഒരു ക്ലാസിക് ടെസ്റ്റ് ഇന്നിങ്സ്!
ഇന്ത്യൻ കുപ്പായമിട്ടപ്പോൾ പെട്ടെന്നു കിട്ടിയ ഏകാഗ്രതയൊന്നുമായിരുന്നില്ല ഇതെന്ന് ജയ്സ്വാളിന്റെ ഫസ്റ്റ് ക്ലാസ് കരിയർ ശ്രദ്ധിക്കുന്നവർക്കറിയാം. 80.21 റൺസാണ് അവന്റെ ഫസ്റ്റ് ക്ലാസ് ആവറേജ്. 26 ഇന്നിങ്സിൽ അമ്പതിനു മേലുള്ള സ്കോറുകൾ 11 എണ്ണമുണ്ട്, ആ പതിനൊന്നിൽ ഒമ്പതും സെഞ്ചുറികളാണ്, അസാമാന്യ കൺവെർഷൻ റേറ്റ്!
സൂര്യകുമാർ യാദവിനെപ്പോലെ ടി20 വെടിക്കെട്ടിന്റെ ബലത്തിൽ ടെസ്റ്റ് ടീമിൽ ഇടം പിടിച്ച ബാറ്ററല്ല ജയ്സ്വാൾ. ക്രിക്കറ്റിന്റെ ക്ലാസിക് ഫോർമാറ്റിൽ കളിക്കാൻ വേണ്ട ശാരീരികവും മാനസികവുമായ വിഭവശേഷി അവന്റെ ബാറ്റിങ് സ്റ്റാറ്റിസ്റ്റിക്സിൽ എഴുതിവച്ചിട്ടുള്ളതാണ്.
2023 ഐപിഎൽ സീസണിലെ ആദ്യ ഓവറുകളിൽനിന്നു മാത്രം 110 റൺസ് വാരിക്കൂട്ടിയിട്ടുണ്ട് ജയ്സ്വാൾ. പക്ഷേ, നേരിടുന്ന ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തണമെന്നു വാശിയുള്ള ഐപിഎൽ ഓപ്പണറെയല്ല ടെസ്റ്റ് അരങ്ങേറ്റത്തിൽ കണ്ടത്. അവിടെ 16 പന്ത് നേരിട്ടാണ് ആദ്യ റണ്ണെടുക്കുന്നതു തന്നെ. ജേസൺ ഹോൾഡറുടെ ഓവറിൽ തുടരെ അഞ്ച് പന്തുകൾ ലീവ് ചെയ്യുന്ന ഇരുപത്തൊന്നുകാരൻ, ക്യാപ്സൂൾ ക്രിക്കറ്റ് യുഗത്തിൽ ഒരപൂർവ കാഴ്ചയായി. അൽസാരി ജോസഫിന്റെ ഷോർട്ട് പിച്ച് പന്തുകളും റഖീം കോൺവാളിന്റെ സ്ക്വയർ ടേണറുകളും അതിജീവിക്കാൻ കാണിച്ച ക്ഷമ, പ്രതിഭയോടു നീതി പുലർത്താത്ത പല യുവതാരങ്ങൾക്കും ഒരു സ്റ്റഡി ക്ലാസായും മാറി.
വീരേന്ദർ സെവാഗിന്റെയോ ശിഖർ ധവാന്റെയോ പൃഥ്വി ഷായുടെയോ കന്നി സെഞ്ചുറികളിൽ കണ്ട റണ്ണൊഴുക്ക് ജയ്സ്വാളിന്റെ അരങ്ങേറ്റത്തിൽ കാണാനായിട്ടില്ല. പക്ഷേ, അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ മറ്റേത് ഇന്ത്യൻ ബാറ്ററെക്കാൾ കൂടുതൽ പന്ത് നേരിട്ട ശേഷമാണ് രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ അവൻ കളം വിട്ടത്. ഉത്തർ പ്രദേശിൽ നിന്ന് ക്രിക്കറ്റ് കളിക്കാൻ മുംബൈയിലെത്തി, ആസാദ് മൈദാനിൽ പാനി പൂരി വിറ്റു നടന്ന പയ്യന്, ഇന്ത്യൻ കുപ്പായമിടാൻ കിട്ടിയ അവസരം അത്ര വേഗം കൈവിട്ടുകളയാൻ തോന്നില്ലല്ലോ....