
ഇന്ത‍്യൻ ടീം, പാക്കിസ്ഥാൻ ടീം
ന‍്യൂഡൽഹി: ലെജൻഡ്സ് ലീഗിൽ വെസ്റ്റ് ഇൻഡീസിനെതിരേ വിജയം നേടിയതോടെ സെമി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് യുവരാജ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ലെജൻഡ്സ് ക്രിക്കറ്റ് ടീം.
ലീഗ് മത്സരത്തിൽ പാക്കിസ്ഥാനെതിരേ കളിക്കാൻ ഇന്ത‍്യൻ താരങ്ങൾ തയാറല്ലെന്ന് അറിയിച്ചതോടെ സംഘാടകർ മത്സരം റദ്ദാക്കിയിരുന്നു. എന്നാലിപ്പോൾ സെമിയിൽ വീണ്ടും ഇന്ത‍്യയും പാക്കിസ്താനും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്.
ഇരു രാജ‍്യങ്ങളും തമ്മിൽ രാഷ്ട്രീയ പ്രശ്നം നിലനിൽക്കുന്നതിനാൽ മത്സരം നടക്കുമോയെന്ന കാര‍്യം വ‍്യക്തമല്ല. ലീഗ് റൗണ്ടിലെ പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിൽ ഇക്കാര‍്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഇന്ത‍്യ പിന്മാറിയത്.
എന്നാലിപ്പോൾ ഇതേ പ്രശ്നം ചൂണ്ടിക്കാണിച്ച് ടൂർണമെന്‍റ് സ്പോൺസർമാരിൽ ഒരാളായ ഈസ്മൈ ട്രിപ്പ് മത്സരത്തിൽ നിന്നു പിന്മാറിയിരിക്കുകയാണ്. ക്രിക്കറ്റിനെക്കാൾ വലുതാണ് രാജ‍്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈസ്മൈ ട്രിപ്പിന്‍റെ പിന്മാറ്റം.
''ലോക ചാംപ‍്യൻഷിപ്പ് ലെജൻഡ്സ് മത്സരത്തിൽ ഇന്ത‍്യയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നു. എന്നാൽ, പാക്കിസ്ഥാനുമായി വരാനിരിക്കുന്ന മത്സരം വെറുമൊരു മത്സരമല്ല. ക്രിക്കറ്റും തീവ്രവാദവും ഒരുമിച്ച് പോവില്ല. ഈസ്മൈ ട്രിപ്പ് ഇന്ത‍്യക്കൊപ്പം നിൽക്കുന്നു. സ്പോർട്സിനെക്കാൾ വലുതാണ് ചില കാര‍്യങ്ങൾ''. ഈസ്മൈ ട്രിപ്പ് കോ ഫൗണ്ടർ നിഷാന്ത് പീറ്റി എക്സിൽ കുറിച്ചു.