സ്പോട്ട് ഫിക്സിങ്ങിനു പിടിക്കപ്പെട്ട സ്പിന്നർ പാക് ക്രിക്കറ്റ് ടീമിൽ

സ്പോട്ട് ഫിക്‌സിങ്ങിൽ ഉൾപ്പെട്ടെന്നു തെളിഞ്ഞതിനെത്തുടർന്ന് ആസിഫ് അഫ്രീദിക്ക് ആദ്യം ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും 6 മാസമായി ചുരുക്കിയിരുന്നു
സ്പോട്ട് ഫിക്സിങ്ങിനു പിടിക്കപ്പെട്ട സ്പിന്നർ പാക് ക്രിക്കറ്റ് ടീമിൽ | Spot fixer in Pakistan Test team

ആസിഫ് അഫ്രീദി

Updated on

റാവൽപിണ്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ 39 വയസുകാരനായ ഇടംകൈയ്യൻ സ്പിന്നർ ആസിഫ് അഫ്രീദി പാക്കിസ്ഥാനു വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. വാതുവയ്പ്പ് പിടിക്കപ്പെട്ടതിനെത്തുടർന്ന് ആറു മാസം വിലക്ക് നേരിട്ടതിനു പിന്നാലെയാണ് 'പ്രൊമോഷൻ'.

സ്പോട്ട് ഫിക്‌സിങ്ങിൽ ഉൾപ്പെട്ടെന്നു തെളിഞ്ഞതിനെത്തുടർന്ന് ആസിഫ് അഫ്രീദിക്ക് ആദ്യം ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) കാരണം വ്യക്തമാക്കാതെ ആറു മാസത്തിനു ശേഷം അദ്ദേഹത്തിന് കളിക്കാൻ അനുമതി നൽകുകയായിരുന്നു.

ഇടങ്കയ്യൻ സ്പിന്നർ നൗമാൻ അലി, ഓഫ് സ്പിന്നർ സാജിദ് ഖാൻ എന്നിവർക്കൊപ്പം അഫ്രീദിയും പ്ലെയിങ് ഇലവനിലെത്തിയപ്പോൾ, ലെഗ് സ്പിന്നർ അബ്രാർ അഹമ്മദ് പുറത്തായി.

ഇതോടെ ഈ ടെസ്റ്റിൽ പാക്കിസ്ഥാൻ രണ്ട് ഇടംകൈയ്യൻ സ്പിന്നർമാരെയാണ് കളത്തിലിറക്കുന്നത്. ആദ്യ മത്സരത്തിൽ 10 വിക്കറ്റ് വീഴ്ത്തി പാക്കിസ്ഥാന്‍റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് നൗമാൻ അലി. പാക്കിസ്ഥാൻ നിരയിൽ ഷഹീൻ ഷാ അഫ്രീദിയാണ് ഏക പേസ് ബൗളർ.

ആദ്യ ടെസ്റ്റിൽ പരിക്കുമൂലം കളിക്കാതിരുന്ന ഇടംകൈയ്യൻ സ്പിന്നർ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് തിരിച്ചെത്തി. ആദ്യ ടെസ്റ്റ് തോറ്റ സന്ദർശകർ, വിയാൻ മുൾഡർ, പ്രെനെലൻ സുബ്ബരായൻ എന്നിവരെ ഒഴിവാക്കി. ഇടങ്കയ്യൻ പേസർ മാർക്കോ യാൻസൻ ടീമിൽ തിരിച്ചെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com