ന്യൂഡൽഹി: ഗൗതം ഗംഭീറും എസ്. ശ്രീശാന്തും ഇന്ത്യക്കു വേണ്ടി കളിച്ചിരുന്ന കാലത്ത് കളിക്കളത്തിലെ തീപ്പൊരികളായിരുന്നു. എതിരാളി ആരെന്നു നോക്കാതെ നേർക്കു നേർ മുട്ടാൻ മടി കാണിക്കാത്തവർ. അങ്ങനെ രണ്ടു പേർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നൊക്കെ വിരമിച്ചെങ്കിലും വീണ്ടും കളിക്കളത്തിൽ പോരുമായി നേർക്കുനേർ വന്നിരിക്കുകയാണിപ്പോൾ.
ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്‍റ്സിന്‍റെ താരമാണ് ശ്രീശാന്ത്. ഗംഭീർ ആകട്ടെ ഇന്ത്യ ക്യാപ്പിറ്റൽസിന്‍റെ ക്യാപ്റ്റനും. ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിൽ, ശ്രീശാന്തിന്‍റെ ഓവറിൽ ഗംഭീർ തുടരെ ഒരു സിക്സും ഫോറും നേടിയ ശേഷം ശ്രീശാന്ത് തുറിച്ചു നോക്കിയതാണ് ഇപ്പോഴത്തെ പ്രശ്നം. രൂക്ഷ ഭാവം ഒട്ടും വിടാതെ ഗംഭീറും തുറിച്ചു നോക്കി.
ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത്. പറയാൻ പാടില്ലാത്തതാണ് ഗംഭീർ തന്നോടു മത്സരത്തിനിടെ പറഞ്ഞതെന്നും, അതൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമായിരുന്നു എന്നും ശ്രീശാന്ത് പറയുന്നു.
''എന്താണ് അയാൾ പറഞ്ഞതെന്ന് വൈകാതെ എല്ലാവരും അറിയും. എന്‍റെ കുടുംബവും എന്‍റെ സംസ്ഥാനവും എല്ലാവരും ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയത്. നിങ്ങൾ എല്ലാവരുടെയും പിന്തുണയോടെ ഞാൻ പോരാടി. ഇപ്പോൾ ഒരു കാരണവുമില്ലാതെ വീണ്ടും എന്നെ തളർത്താനാണ് ആളുകൾ ശ്രമിക്കുന്നത്'', ശ്രീശാന്ത് പറഞ്ഞു.
മിസ്റ്റർ ഫൈറ്റർ എന്നാണ് ഇൻസ്റ്റഗ്രാം പ്രതികരണത്തിൽ ഗൗതം ഗംഭീറിനെ ശ്രീശാന്ത് വിശേഷിപ്പിക്കുന്നത്. എപ്പോഴും എല്ലാവരോടും, സ്വന്തം ടീമംഗങ്ങളോടു പോലും ഒരു കാര്യവുമില്ലാതെ പോരടിച്ചുകൊണ്ടിരിക്കുന്ന ആളെന്നാണ് അതെക്കുറിച്ചുള്ള വിശദീകരണം. വീരേന്ദർ സെവാഗിനെപ്പോലുള്ള സീനിയർ താരങ്ങളെ പോലും ബഹുമാനിക്കാത്ത ഗംഭീറിനെക്കുറിച്ച് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേർക്കുന്നു.