215 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് സൺറൈസേഴ്സ്

അഞ്ച് പന്തും നാലു വിക്കറ്റും ശേഷിക്കെ ഹൈദരാബാദിനു ജയം. അഭിഷേക് ശർമയ്ക്ക് 21 പന്തിൽ അർധ സെഞ്ചുറി.
സൺറൈസേഴ്സിന് 215 നിസാരം
അഭിഷേക് ശർമ

ഹൈദരാബാദ്: പഞ്ചാബ് കിങ്സ് മുന്നോട്ടുവച്ച 215 റൺസ് വിജയലക്ഷ്യം സൺറൈസേഴ്സ് ഹൈദരാബാദ് അനായാസം മറികടന്നു. അഞ്ച് പന്തും നാലു വിക്കറ്റും ശേഷിക്കെയാണ് വിജയം. ഇതോടെ ഐപിഎൽ ലീഗ് ഘട്ടം ജയത്തോടെ പൂർത്തിയാക്കാനും എസ്ആർഎച്ചിനായി. പത്ത് ടീമുകളിൽ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബിന്‍റെ ഫിനിഷ്. അവസാനക്കാർ മുംബൈ ഇന്ത്യൻസ് തന്നെ.

ശിഖർ ധവാന്‍റെയും സാം കറന്‍റെയും അഭാവത്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയാണ് അവസാന മത്സരത്തിൽ പഞ്ചാബിനെ നയിച്ചത്. ടോസ് നേടിയ ജിതേഷ് തെരഞ്ഞെടുത്തത് ബാറ്റിങ്. തകർപ്പൻ തുടക്കവും അവർക്കു ലഭിച്ചു. പ്രഭ്‌സിമ്രൻ സിങ്ങും (45 പന്തിൽ 71) അഥർവ തയ്ഡെയും (27 പന്തിൽ 46) ഒന്നാം വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്തു. റിലീ റൂസോ 24 പന്തിൽ 49 റൺസെടുത്തപ്പോൾ, ക്യാപ്റ്റൻ ജിതേഷ് 15 പന്തിൽ പുറത്താകാതെ 32 റൺസുമായി ഇന്നിങ്സിനു ഫിനിഷിങ് ടച്ച് നൽകി. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് അവർ 214 റൺസെടുത്തത്.

മറുപടി ബാറ്റിങ്ങിൽ എസ്ആർഎച്ച് ഓപ്പണർ ട്രാവിസ് ഹെഡ് ആദ്യ പന്തിൽ തന്നെ പുറത്തായി. പക്ഷേ, അവിടെ ഒരുമിച്ച അഭിഷേക് ശർമയും (28 പന്തിൽ 66) രാഹുൽ ത്രിപാഠിയും (18 പന്തിൽ) ചേർന്ന് ഒന്നാന്തരം അടിത്തറയൊരുക്കി. ഹെഡ് നിരാശപ്പെടുത്തിയിട്ടും 21 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കാൻ അഭിഷേകിനു സാധിച്ചു. എന്നാൽ, ഇതിലും വേഗത്തിൽ രണ്ട് അർധ സെഞ്ചുറികൾ അഭിഷേക് ഈ സീസണിൽ നേടിയിട്ടുണ്ട്, 16 പന്തിലും 18 പന്തിലും.

പിന്നീട് നിതീഷ് കുമാർ റെഡ്ഡിയും (25 പന്തിൽ 37) ഹെൻറിച്ച് ക്ലാസനും (26 പന്തിൽ 42) ആളിക്കത്തിയപ്പോൾ പഞ്ചാബിന്‍റെ പ്രതീക്ഷകൾ അസ്തമിച്ചു. പലപ്പോഴും ഓവറിൽ ശരാശരി പതിനാലിനു മുകളിലേക്ക് ഉയർന്ന റൺറേറ്റ് നിയന്ത്രിച്ചു നിർത്താൻ പഞ്ചാബ് ബൗളർമാർക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല.

മത്സരത്തിൽ രണ്ട് വിക്കറ്റ് നേടിയ ഹർഷൽ പട്ടേൽ, ആകെ 24 വിക്കറ്റുമായി പർപ്പിൾ ക്യാപ്പ് ഏറെക്കുറെ ഉറപ്പിച്ചു. ജസ്പ്രീത് ബുംറ 20 വിക്കറ്റ് നേടിയിട്ടുണ്ടെങ്കിലും മുംബൈ ഇന്ത്യൻസിന് ഇനി മത്സരങ്ങളില്ല. 18 വിക്കറ്റുള്ള കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ വരുൺ ചക്രവർത്തിയാണ് മൂന്നാം സ്ഥാനത്ത്. കെകെആറിന് ഇനി പരമാവധി മൂന്നു മത്സരങ്ങൾ വരെ കിട്ടാം എന്ന സാഹചര്യത്തിൽ വരുണിൽ നിന്നു മാത്രമാണ് ഹർഷൽ വെല്ലുവിളി നേരിടുന്നത്.

Trending

No stories found.

Latest News

No stories found.