ഇന്ത‍്യയ്‌ക്കെതിരേ കരുത്തുറ്റ സ്പിൻ നിരയുമായി ശ്രീലങ്ക; 16 അംഗ ടീമിനെ പ്രഖ‍്യാപിച്ചു

ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിന്‍റെ ഭാഗമായ ടെസ്റ്റ് മത്സരത്തിൽ ധനഞ്ജയ ഡി സിൽവ ടീമിനെ നയിക്കും
Sri Lanka announce squad for first Test vs India

പ്രഭാത് ജയസൂര‍്യ

Updated on

കൊളംബോ: ഇന്ത‍്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരത്തിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ‍്യാപിച്ചു. ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിന്‍റെ ഭാഗമായ ടെസ്റ്റ് മത്സരത്തിൽ ധനഞ്ജയ ഡി സിൽവ ടീമിനെ നയിക്കും.

കാമിൻഡു മെൻഡിസാണ് വൈസ് ക‍്യാപ്റ്റൻ. പ്രധാന താരങ്ങളായ പതും നിസങ്കയും കുശാൽ മെൻഡിസും ഇല്ലാതെയാണ് ആദ‍്യ മത്സരത്തിൽ ശ്രീലങ്ക കളിക്കാനിറങ്ങുന്നത്. പരുക്കാണ് ഇരുവർക്കും തിരിച്ചടിയായത്. കുശാൽ മെൻഡിസിനു പകരം നിരോഷൻ ഡിക്‌വെല്ലയെയാണ് ടീമിലെടുത്തിരിക്കുന്നത്.

3 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് താരം ടീമിലെത്തുന്നത്. പരിചയസമ്പന്നമായ താരങ്ങളും യുവാക്കളും അടങ്ങുന്നതാണ് ധനഞ്ജയ നയിക്കുന്ന 16 അംഗ ശ്രീലങ്കൻ ടീം. വെസ്റ്റ് ഇൻഡീസിനെതിരേ 1-0ന് ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിൽ നിന്നും തിരിച്ചുവരവിനൊരുങ്ങുകയാണ് ശ്രീലങ്ക. ഇന്ത‍്യയ്ക്കെതിരായ സന്നാഹ മത്സരത്തിൽ രണ്ട് അർധസെഞ്ചുറി നേടിയ നിഷാൻ മധുഷ്കയെയും ടീമിലെടുത്തിട്ടുണ്ട്.

സീനിയർ താരം ദിനേശ് ചണ്ഡിമൽ, യുവതാരങ്ങളായ പസിന്ദു സൂര്യബന്ധാര സോനൽ ദിനുഷ എന്നിവരും ടീമിൽ‌ ഉൾപ്പെടുന്നു. പ്രഭാത് ജ‍യസൂര‍്യയും രമേശ് മെൻഡിസും അടങ്ങുന്ന സ്പിന്നർമാർ അടങ്ങുന്നതാണ് ശ്രീലങ്കയുടെ ബൗളിങ് നിര. ശ്രീലങ്കയിലെ ഗലെയിൽ ഓഗസ്റ്റ് 15നാണ് ആദ‍്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

ഗലെയിൽ കളിച്ചിട്ടുള്ള 11 മത്സരങ്ങളിൽ നിന്നും 81 വിക്കറ്റുകൾ നേടിയിട്ടുണ്ട് പ്രഭാത്. ക‍്യാപ്റ്റൻ ധനഞ്ജയയും ഇവർക്കൊപ്പം ചേരുമ്പോൾ ബൗളിങ് നിര ശക്തമാകും. ഇവർക്കു പുറമെ സോനൽ ദിനുഷയും കെഷാര നുവന്തയും സ്പിന്നർമാരാണ്.

അസിത ഫെർണാൻഡോ, ലാഹിരു കുമാര, വിശ്വ ഫെർണാൻഡോ, മിലൻ രത്‌നായകെ, ദിൽഷൻ മധുശങ്ക എന്നിവർ പേസ് നിര കൈകാര‍്യം ചെയ്യും. അതേസമയം, ഇന്ത‍്യൻ ടീമിൽ ജസ്പ്രീത് ബുംറ, വാഷിങ്ടൺ സുന്ദർ, സായ് സുദർശൻ എന്നിവർക്കും പരുക്കിനെത്തുടർന്ന് പരമ്പര നഷ്ടമാകും. സായ് സുദർശനു പകരം സർഫറാസ് ഖാനെയും ബുംറയ്ക്ക് പകരം ആക്വിബ് നബിയെയുമാണ് ടീമിലെടുത്തിരിക്കുന്നത്.

ശ്രീലങ്കൻ ടീം: ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), കാമിൻഡു മെൻഡിസ് (വൈസ് ക്യാപ്റ്റൻ), ലഹിരു ഉദാര, നിഷാൻ മധുഷ്ക, ദിനേശ് ചണ്ഡിമൽ, പസിന്ദു സൂര്യബന്ധാര, സോണൽ ദിനുഷ, നിരോഷൻ ഡിക്‌വെല്ല (വിക്കറ്റ് കീപ്പർ), രമേഷ് മെൻഡിസ്, പ്രഭാത് ജയസൂര്യ, കസീറ നുവാന്ത, മിലാൻ രത്നായകെ, അസിത ഫെർണാൻഡോ, ലാഹിരു കുമാര, വിശ്വ ഫെർണാൻഡോ, ദിൽഷൻ മധുശങ്ക

logo
Metro Vaartha
www.metrovaartha.com