
കൊളംബോ: ചരിത് അസലങ്കയുടെ മനക്കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ പാക്കിസ്ഥാൻ ബൗളിങ് നിരയ്ക്കായില്ല. സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ മഴയെപ്പോലും വെല്ലുവിളിച്ച് നേടിയ വിജയവുമായി ശ്രീലങ്ക ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന കലാശ പോരാട്ടത്തിൽ ഇന്ത്യയാണ് എതിരാളികൾ.
47 പന്തിൽ 49 റൺസുമായി ലങ്കൻ വിജയം ഉറപ്പാകും വരെ പൊരുതിയത് അസലങ്കയാണെങ്കിലും, അതിനു മുൻപേ കരുത്തുറ്റ അടിത്തറയിട്ടത് മറ്റു രണ്ടുപേരായിരുന്നു- 87 പന്തിൽ 91 റൺസെടുത്ത കുശാൽ മെൻഡിസും 51 പന്തിൽ 48 റൺസെടുത്ത സദീര സമരവിക്രമയും. ഇവരുടെ നൂറു റൺസ് കൂട്ടുകെട്ട് പൊളിച്ച് തിരിച്ചുവരവിന് പാക് ബൗളർമാർ ശ്രമിച്ചെങ്കിലും ലങ്കൻ പോരാട്ടവീര്യത്തിനു മുന്നിൽ നിഷ്ഫലമായി.
ഇഫ്തിക്കർ അഹമ്മദ് ഇരുവരെയും പുറത്താക്കിക്കഴിയുമ്പോൾ ലങ്കയ്ക്ക് ജയിക്കാൻ വേണ്ടത് 41 പന്തിൽ 42 റൺസായിരുന്നു. ആ സമയത്ത് ആറു വിക്കറ്റും ബാക്കിയാണ്. രണ്ടോവറിൽ 12 റൺസ് മാത്രം വേണ്ടപ്പോഴും അഞ്ച് വിക്കറ്റ് ബാക്കി.
ഈ സമയത്താണ് ഷഹീൻ അഫ്രീദി തന്‍റെ അവസാന ഓവറുമായെത്തുന്നത്. അതുവരെ എറിഞ്ഞ എട്ടോവറിൽ 48 റൺസ് വഴങ്ങിയ അഫ്രീദി 41ാം ഓവറിൽ തനിനിറം കാട്ടി. നാല് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയതോടെ അവസാന ഓവറിൽ ലങ്കയ്ക്ക് ജയിക്കാൻ എട്ട് റൺസെന്ന നിലയിലായി. മൂന്നു വിക്കറ്റ് ബാക്കി.
അവസാന ഓവർ എറിയാനെത്തുന്നത് സ്ലിങ്ങർ സമൻ ഖാൻ. അതുവരെ എറിഞ്ഞ അഞ്ചോവറിൽ 32 റൺസ് വഴങ്ങിക്കഴിഞ്ഞു. ആദ്യ പന്തിൽ തന്നെ പ്രമോദ് മധുശൻ സിംഗിൾ എടുത്ത് അസലങ്കയ്ക്ക് സ്ട്രൈക്ക് കൈമാറി. രണ്ടാം പന്തിൽ റണ്ണില്ല, മൂന്നാം പന്തിൽ വീണ്ടും സിംഗിൾ. മൂന്നു പന്തിൽ വേണ്ടത് ആറ് റൺസ്. അടുത്ത പന്തിൽ സ്ട്രൈക്ക് അസലങ്കയ്ക്കു തിരിച്ചുകിട്ടിയെങ്കിലും മധുശൻ റണ്ണൗട്ട്!
പരുക്കേറ്റ മഹീഷ് തീക്ഷണയ്ക്ക് ബാറ്റ് ചെയ്യാനാവില്ലെന്ന ഘട്ടത്തിൽ രണ്ടു പന്തിൽ ആറു റൺസ് വേണം. അഞ്ചാം പന്ത് അസലങ്ക എഡ്ജ് ചെയ്തത് വിക്കറ്റ് കീപ്പർക്കും ഷോർട്ട് തേഡ് മാനും ഇടയിലൂടെ ബൗണ്ടറി കടന്നു. ഇനി ഒരു പന്തിൽ രണ്ടു റൺ. സമൻ ഖാന്‍റെ യോർക്കർ ശ്രമം സ്ക്വയർ ലെഗ്ഗിനു പിന്നിലേക്കു തിരിച്ച് വിട്ട് അസലങ്ക ലങ്കയെ വിജയതീരത്തെത്തിച്ചു.
നേരത്തെ, മഴ കാരണം 45 ഓവർ മത്സരമാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. ടോസ് നേടിയ പാക് ക്യാപ്റ്റൻ ബാബർ അസം ബാറ്റിങ് തെരഞ്ഞെടുത്തു. ഇമാം ഉൽ ഹക്കിനു പകരം ടീമിലെത്തിയ ഓപ്പണർ അബ്ദുള്ള ഷഫീക്ക് 69 പന്തിൽ 52 റൺസെടുത്തു. പിന്നീട് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനും (73 പന്തിൽ പുറത്താകാതെ 86) ഇഫ്തിക്കർ അഹമ്മദും (40 പന്തിൽ 47) നടത്തിയ കടന്നാക്രമണമാണ് പാക്കിസ്ഥാനെ 252 വരെയെത്തിച്ചത്.
വീണ്ടും മഴയെത്തിയതോടെ ലങ്കയുടെ വിജയലക്ഷ്യം 42 ഓവറിൽ 252 റൺസായി പുനർനിർണയിക്കുകയായിരുന്നു.