
പൂനെ: ലോകകപ്പിൽ മൂന്നാം ജയവും സ്വന്തമാക്കി അഫ്‌ഗാനിസ്ഥാൻ സെമി ഫൈനൽ സാധ്യത നിലനിർത്തി. ഇംഗ്ലണ്ടിനും പാക്കിസ്ഥാനും ശേഷം ശ്രീലങ്കയാണ് അഫ്‌ഗാന്‍റെ മികവിനു മുന്നിൽ അടിയറവ് പറയുന്ന മൂന്നാമത്തെ ടെസ്റ്റ് പ്ലെയിങ് രാജ്യം.
മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി തെരഞ്ഞെടുത്തത് ഫീൽഡിങ്. ക്യാപ്റ്റന്‍റെ തീരുമാനം സാധൂകരിച്ച അഫ്ഗാൻ ബൗളർമാർ, മുൻ ലോക ചാംപ്യൻമാരെ 49.3 ഓവറിൽ 241 റൺസിന് എറിഞ്ഞിട്ടു. ആധികാരികമായ മറുപടിയിൽ അഫ്‌ഗാൻ 45.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
അഫ്‌ഗാന്‍റെ ഇതുവരെയുള്ള ബൗളിങ് പ്രകടനങ്ങളിൽ മുന്നിൽ നിന്നത് സ്പിന്നർമാരായിരുന്നെങ്കിൽ ഇക്കുറി പേസ് ബൗളർ ഫസൽഹഖ് ഫാറൂഖിയുടെ ഊഴമായിരുന്നു. പത്തോവറിൽ 34 റൺസ് മാത്രം വഴങ്ങിയ ഫാറൂഖി നാല് ലങ്കൻ വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
പതിവു പോലെ ബൗളിങ് ഓപ്പൺ ചെയ്ത സ്പിന്നർ മുജീബ് ഉർ റഹ്മാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ, അസ്മത്തുള്ള ഒമർസായിക്കും റഷീദ് ഖാനും ഓരോ വിക്കറ്റ്. രണ്ടു ലങ്കൻ ബാറ്റർമാർ റണ്ണൗട്ടുമായി.
46 റൺസെടുത്ത ഓപ്പണർ പാഥും നിശങ്കയാണ് ലങ്കയുടെ ടോപ് സ്കോറർ. ഫോമിലല്ലാത്ത കുശാൽ പെരേരയ്ക്കു പകരം ടെസ്റ്റ് ക്യാപ്റ്റൻ ദിമുത് കരുണരത്നെ ഓപ്പണറായിറങ്ങിയെങ്കിലും 15 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ കുശാൽ മെൻഡിസിനും (39) ഇൻഫോം ബാറ്റർ സദീര സമരവിക്രമയ്ക്കും (36) കിട്ടിയ മികച്ച തുടക്കം മുതലാക്കാനുമായില്ല. വാലറ്റത്ത് തകർത്തടിച്ച് 31 പന്തിൽ 29 റൺസെടുത്ത മഹീഷ് തീക്ഷണയാണ് ലങ്കൻ സ്കോറിന് കുറച്ചെങ്കിലും മാന്യത നൽകിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാന് സ്റ്റാർ ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെ (0) ആദ്യ ഓവറിൽ തന്നെ നഷ്ടമായെങ്കിലും ഇബ്രാഹിം സദ്രാനും (39) റഹ്മത്ത് ഷായും (62) ചേർന്ന് ജയത്തിന് അടിത്തറ പാകി. തുടർന്നെത്തിയ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയും അസ്മത്തുള്ള ഒമർസായിയും കൂടി അർധ സെഞ്ചുറി നേടുകയും സെഞ്ചുറി പാർട്ട്ണർഷിപ്പ് പടുത്തുയർത്തുകയും ചെയ്തതോടെ ശ്രീലങ്കയ്ക്ക് ഒരവസരവും നൽകാതെ ആധികാരികമായി തന്നെ മൂന്നാം ജയവും പൂർത്തിയാക്കുകയായിരുന്നു അഫ്ഗാനിസ്ഥാൻ. 28 പന്ത് ബാക്കി നിൽക്കെ ഏഴു വിക്കറ്റ് ജയം. ഷാഹിദി 58 റൺസോടെയും ഒമർസായ് 73 റൺസോടെയും പുറത്താകാതെ നിന്നു.