ഒടുവിൽ ഓസ്ട്രേലിയ വിജയവഴിയിൽ

ശ്രീലങ്കയ്‌ക്കെതിരേ അഞ്ച് വിക്കറ്റ് വിജയം
ഓസ്ട്രേലിയൻ ഇന്നിങ്സിനെ തകർച്ചയിൽ നിന്നു കരകയറ്റി വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസും മാർനസ് ലബുഷെയ്നും മത്സരത്തിനിടെ.
ഓസ്ട്രേലിയൻ ഇന്നിങ്സിനെ തകർച്ചയിൽ നിന്നു കരകയറ്റി വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസും മാർനസ് ലബുഷെയ്നും മത്സരത്തിനിടെ.
Updated on

ലഖ്നൗ: ലോകകപ്പ് ക്രിക്കറ്റ് പോയിന്‍റ് ടേബിളിന്‍റെ താഴേയറ്റത്തുനിന്ന് ഓസ്ട്രേലിയ ഒടുവിൽ കരകയറി. ശ്രീലങ്കയ്ക്കെതിരേ അഞ്ച് വിക്കറ്റ് വിജയം കുറിച്ചുകൊണ്ടാണ് തിരിച്ചുവരവ്. ടൂർണമെന്‍റിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഓസ്ട്രേലിയ ഇതാദ്യമായി 200 റൺസും മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 43.3 ഓവറിൽ 209 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ ബാറ്റിങ് തകർച്ച അതിജീവിച്ച ഓസീസ് 35.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 215 റൺസെടുത്തു.

നേരത്തെ ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ കുശാൽ മെൻഡിസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാഥും നിശങ്കയും (67 പന്തിൽ 61) കുശാൽ പെരേരയും (82 പന്തിൽ 78) അവർക്ക് മികച്ച തുടക്കവും നൽകി. സ്കോർ 21.4 നാലോവറിൽ 125 റൺസിലെത്തിയപ്പോഴാണ് നിശങ്ക പുറത്താകുന്നത്. അവിടെനിന്ന് കൂട്ടത്തകർച്ച നേരിട്ട ലങ്കയ്ക്ക് 84 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമാകുകയായിരുന്നു.

ഓപ്പണർമാർക്കു ശേഷം ചരിത് അസലങ്കയ്ക്കു (25) മാത്രമാണ് രണ്ടക്ക സ്കോറെങ്കിലും നേടാനായത്.

എട്ടോവറിൽ 47 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നർ ആഡം സാംപയാണ് ലങ്കൻ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്. മിച്ചൽ സ്റ്റാർക്കും ക്യാപ്റ്റൻ പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഗ്ലെൻ മാക്സ്‌വെൽ ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയും തുടക്കത്തിൽ തകർച്ച നേരിട്ടു. 11 റൺസെടുത്ത ഡേവിഡ് വാർനറെയും റണ്ണൊന്നുമെടുക്കാത്ത സ്റ്റീവൻ സ്മിത്തിനെയും ഒരേ ഓവറിൽ കൂടാരം കയറ്റിയ പേസ് ബൗളർ ദിൽഷൻ മധുശങ്ക ലങ്കയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ, മറു വശത്ത് ഓപ്പണർ മിച്ചൽ മാർഷ് സമ്മർദമില്ലാതെ കളിച്ചപ്പോൾ റൺ നിരക്ക് ഓസ്ട്രേലിയയുടെ വരുതിയിൽ നിന്നു. 51 പന്തിൽ 52 റൺസെടുത്ത മാർഷ് റണ്ണൗട്ടാകുകയായിരുന്നു.

മാർനസ് ലബുഷെയ്ൻ (60 പന്തിൽ 40) നങ്കൂരമിട്ട് കളിച്ചപ്പോൾ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് മികച്ച സ്ട്രോക്ക്പ്ലേയിലൂടെ 59 പന്തിൽ 58 റൺസെടുത്തു. ഗ്ലെൻ മാക്സ്‌വെൽ 21 പന്തിൽ 31 റൺസുമായും, മാർക്കസ് സ്റ്റോയ്നിസ് 10 പന്തിൽ 20 റൺസുമായും പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി മധുശങ്ക 9 ഓവറിൽ 38 റൺസിന് മൂന്ന് വിക്കറ്റ് നേടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com