

കെ. ശ്രീകാന്ത്, എസ്. ശ്രീശാന്ത്, ശ്രീചരണി
ദക്ഷിണാഫ്രിക്കയെ തകർത്ത് കന്നി കിരീടം ചൂടിയിരിക്കുകയാണ് ഹർമൻ പ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള പെൺപട. ഫൈനലിൽ ഷഫാലി വർമയുടെയും ദീപ്തി ശർമയുടെയും തിളക്കമാർന്ന പ്രകടനങ്ങളാണ് ഇന്ത‍്യയെ വിജയത്തിലെത്തിച്ചത്.
2005ലും 2017ലും ഫൈനലിൽ പ്രവേശിച്ചിരുന്നുവെങ്കിലും ഇന്ത‍്യക്ക് കീരിടം നേടാൻ ഏറെ നാളുകൾ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ 40,000 കാണികളെ സാക്ഷിയാക്കി ഹർമൻപ്രീത് കൗർ ഇന്ത‍്യക്ക് കിരീടം നേടി കൊടുത്തത് ക്രിക്കറ്റ് ചരിത്രത്തിന്‍റെ തങ്കലിപികളിൽ എന്നും ഓർമിക്കപ്പെടും.
1983ലാണ് ഇന്ത‍്യൻ പുരുഷ ടീം ആദ‍്യമായി ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. പിന്നീട് 2011 ലോകകപ്പിൽ അത് ആവർത്തിച്ചു. നിലവിൽ 14 വർഷങ്ങൾ താണ്ടി 2025ൽ വനിതാ ഏകദിന ലോകകപ്പിൽ കന്നി കിരീടം നേടി. ഈ മൂന്നു ലോകകപ്പിലും പൊതുവായ ഒരു കാര‍്യമുണ്ട്.
1983ൽ ഇന്ത‍്യൻ ടീമിനൊപ്പം കെ. ശ്രീകാന്തുണ്ടായിരുന്നു, 2011ൽ ശ്രീശാന്തും 2025 ൽ ശ്രീചരണിയും. മൂന്നു പേരുടെയും പേരുകളിലെ 'ശ്രീ'യാണ് ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ ഇപ്പോൾ കൗതുകം ഉണർത്തുന്നത്. വിവിധ കാലഘട്ടങ്ങളിലായി ഇന്ത‍്യ നേടിയ ചരിത്ര നേട്ടങ്ങളിൽ 'ശ്രീ'കളുടെ കടന്നു വരവ് ആശ്ചര‍്യത്തോടെയാണ് പലരും നോക്കി കാണുന്നത്.