Mohanlal, Priyadarsan and Keerthi Suresh during the Kerala Cricket League match കെസിഎൽ മത്സരം കാണുന്ന മോഹൻലാൽ, പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങിയവർ
കെസിഎൽ മത്സരം കാണുന്ന മോഹൻലാൽ, പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങിയവർ

ട്രിവാൻഡ്രം റോയൽസിന് പിന്തുണയുമായി പ്രിയദർശനും കല്യാണിയും

കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം - കൊച്ചി മത്സരം താരസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
Published on

തിരുവനന്തപുരം: ഗ്രൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പിന്തുണയുമായി താരങ്ങൾ സ്റ്റേഡിയത്തിലും. കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം - കൊച്ചി മത്സരം ശ്രദ്ധേയമായത് താരസാന്നിധ്യം കൊണ്ട് കൂടിയാണ്. ടീമിന്‍റെ ഉടമസ്ഥർ കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവർ മത്സരം കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഒപ്പം താരപ്രഭയഭയുടെ മാറ്റ് കൂട്ടി കെസിഎല്ലിന്‍റെ ബ്രാൻഡ് അംബാസഡർ സാക്ഷാൽ മോഹൻലാലും, കേരള വനിതാ ക്രിക്കറ്റിന്‍റെ ബ്രാൻഡ് അംബാസഡർ കീര്‍ത്തി സുരേഷും.

ആകാംക്ഷയും ആവേശവും ഇടയ്ക്ക് മഴ ഉയർത്തിയ ആശങ്കയുമെല്ലാമായി കാണികൾക്ക് മികച്ചൊരു അനുഭവമായിരുന്നു ട്രിവാൻഡ്രം - കൊച്ചി മത്സരം. കൊച്ചിയെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കാനായെങ്കിലും മികച്ച ബൗളിങ്ങിലൂടെ അവരും തിരിച്ചടിച്ചു. അതോടെ മത്സരം ഇഞ്ചോടിഞ്ച് ആവേശത്തിലേക്ക്. അവിടെ കാണികളായി ഉടമസ്ഥർ കൂടിയായുള്ള താരങ്ങളുടെ സാന്നിധ്യം ടീമംഗങ്ങൾക്ക് പ്രത്യേക ഉർജം പകർന്നിട്ടുണ്ടാകണം. ആ ആത്മവിശ്വാസത്തിൽ അവർ ജയിച്ചു കയറുകയും ചെയ്തു.

ഉദ്ഘാടനച്ചടങ്ങിനെത്തിയ മോഹൻലാൽ ട്രിവാൻഡ്രം - കൊച്ചി മത്സരം കാണാനും സമയം കണ്ടെത്തി. സുഹൃത്ത് പ്രിയദർശനൊപ്പമാണ് അദ്ദേഹം ഇരിപ്പുറപ്പിച്ചത്. കേരള ക്രിക്കറ്റ് ലീഗ് ഒരുക്കുന്ന അവസരങ്ങളെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ച് അദ്ദേഹം കമന്‍റേറ്റർമാരുമായും സംസാരിച്ചു.

മഴ കളിയിൽ തടസം സൃഷ്ടിച്ചെങ്കിലും ടീമിന് വിജയത്തോടെ തുടങ്ങാനായതിൽ സന്തോഷമുണ്ടെന്ന് പ്രിയദർശൻ പറഞ്ഞു. കാണികൾക്ക് മികച്ചൊരു മത്സരാനുഭവം സമ്മാനിച്ച ഇരു ടീമുകളിലെയും താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

സഹ ഉടമകളായ ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, ഷിബു മാത്യു, ജോസ് പട്ടാറ, റിയാസ് ആദം എന്നിവരും മത്സരം കാണാനുണ്ടായിരുന്നു. ആദ്യ മത്സരത്തിലെ വിജയം നല്കുന്ന ആത്മവിശ്വാസം വരും മത്സരങ്ങളിലും ട്രിവാൻഡ്രം ടീമിന് വലിയ ആത്മവിശ്വാസം നൽകുമെന്ന് ടീം ഉടമകൾ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com