

കനകക്കപ്പിൽ കന്നി മുത്തം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ഓവറോൾ ചാംപ്യൻ. മേളയുടെ ചരിത്രത്തിലാദ്യമായി ഏർപ്പെടുത്തിയ സ്വർണക്കപ്പിൽ ആതിഥേയ ജില്ല മുത്തമിട്ടു. 1825 പോയിന്‍റുമായാണ് മുഖ്യമന്ത്രിയുടെ പേരിലെ സ്വർണക്കപ്പ് തലസ്ഥാന ജില്ല ഷെൽഫിലെത്തിച്ചത്. ഓവറോൾ പോയിന്‍റ് പട്ടികയിൽ തൃശൂർ (892), കണ്ണൂർ (859) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
നീന്തലിലും ഗെയിംസ് ഇനങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയാണ് തിരുവനന്തപുരം ജേതാക്കളായത്. ഗെയിംസിൽ 1107 പോയിന്‍റോടെ തിരുവനന്തപുരം എതിരാളികളെ ബഹുദൂരം പിന്നിലാക്കി. കണ്ണൂർ (798 പോയിന്‍റ്) ഗെയിംസിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നീന്തലിൽ 649 പോയിന്‍റുമായി തിരുവനന്തപുരം ഒന്നാമതെത്തിയപ്പോൾ 149 പോയിന്‍റുകൾ നേടിയ തൃശൂർ രണ്ടാം സ്ഥാനം സ്വന്തമാക്കി.
അത്‌ലറ്റിക്സിൽ മലപ്പുറം
ട്രാക്കിലും ഫീൽഡിലും വാശിയേറിയ പോരാട്ടമാണ് മലപ്പുറവും പാലക്കാടും നടത്തിയത്. ഒടുവിൽ 247 പോയിന്‍റ് വാരിയ മലപ്പുറം ഒന്നാം സ്ഥാനം ഉറപ്പിച്ചു. 212 പോയിന്‍റ് സമ്പാദിച്ച പാലക്കാട് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. അത്‌ലറ്റിക്സിൽ ജനറൽ സ്കൂൾ വിഭാഗത്തിൽ മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് (78 പോയിന്‍റ്) ഒന്നാം സ്ഥാനത്തെത്തി. പാലക്കാട് വടവന്നൂർ വിഎംഎച്ച്എസ് (58), മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് (57) എന്നിവ തുടർന്നുള്ള സ്ഥാനങ്ങളിൽ.
തിരുവനന്തപുരം ജിവി രാജയാണ് (57 പോയിന്‍റ്) മികച്ച സ്പോർട്സ് സ്കൂൾ. കൊല്ലം സായിയും വയനാട് സിഎച്ച്എസും രണ്ടാംസ്ഥാനം പങ്കിട്ടു. തലശേരി സായിയും കോതമംഗലം എംഎ കോളെജ് സ്പോർട്സ് ഹോസ്റ്റലുമാണ് മൂന്നാം സ്ഥാനക്കാർ. എട്ട് ദിവസങ്ങളിലായി തലസ്ഥാന നഗരിയിലെ 12 വേദികളിൽ നടന്ന കായിക മാമാങ്കത്തിൽ 20,000 കായിക പ്രതിഭകളാണ് മാറ്റുരച്ചത്. അത്‌ലറ്റിക്സിൽ 17 അടക്കം 34 പുതിയ മീറ്റ് റെക്കോഡുകൾ പിറന്നു.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിജയികൾക്ക് ട്രോഫികൾ കൈമാറി. ചാംപ്യൻമാരായ തിരുവനന്തപുരം 'ചീഫ് മിനിസ്റ്റേഴ്സ് സ്വർണക്കപ്പ്' ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി. അടുത്ത വർഷം ആതിഥ്യം വഹിക്കുന്ന കണ്ണൂരിനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രത്നകുമാരി കായിക മേളയുടെ പതാക പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി.