

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ
ലിസ്ബൺ: സമകാലിക ഫുട്ബോളിനെ ഏറ്റവും മനോഹരമാക്കിയ താരങ്ങളാണ് അർജന്‍റീനയുടെ ലയണൽ മെസിയും പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും. കളിക്കളത്തിൽ ഇരുവരുടെയും വൈരം ആവേശകരമായതും തലമുറകളെ പ്രചോദിപ്പിക്കുന്നതുമാണ്. കളത്തിനു പുറത്ത് മെസിയും ക്രിസ്റ്റ്യാനോയും പരസ്പ്പരം ബഹുമാനിക്കുന്നു. ഇപ്പോഴിതാ പിതാവ് ഹോർഹെ മെസിയുടെ വിയോഗത്തിന്‍റെ നൊമ്പരം പേറുന്ന ലയണൽ മെസിയെ ആശ്വസിപ്പിക്കുകയാണ് ക്രിസ്റ്റ്യാനോ.
പിതാവിന്‍റെ മരണത്തിൽ താൻ എത്രത്തോളം വേദനിക്കുന്നെന്ന് വ്യക്തമാക്കിക്കൊണ്ട് മെസി പങ്കുവച്ച വൈകാരികമായ ഇൻസ്റ്റഗ്രാം പോസ്റ്റിനാണ് ക്രിസ്റ്റ്യാനോ കമന്‍റിട്ടത്. "ഈ പ്രയാസകരമായ സമയത്ത് നിനക്കും നിന്‍റെ കുടുംബത്തിനും എന്‍റെ വലിയൊരു സ്നേഹാലിംഗനം, ലിയോ. കരുത്തനായിരിക്കൂ'-സിആർ7 കുറിച്ചു.
കുറച്ചുകാലമായി അസുഖ ബാധിതനായിരുന്ന ഹോർഹെ മെസി കഴിഞ്ഞയാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. പിതാവിന്‍റെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മനസുമായാണ് മെസി ലോകകപ്പിൽ അർജന്‍റീനയ്ക്കായി മിന്നും പ്രകടനം പുറത്തെടുത്തത്. ലോകകപ്പിനിടെ തന്‍റെ വിഷാദത്തിന് കാരണം മെസി പങ്കുവച്ചിരുന്നു. അതേസമയം, മെസിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിരമിക്കൽ സൂചനകളുണ്ട്. ഞാൻ ജീവിതകാലം മുഴുവൻ ചെയ്തത് ഫുട്ബോൾ കളിക്കുകയായിരുന്നു. എന്നാൽ ഇനി അധികകാലം ഇത് തുടരണമോ എന്ന കാര്യത്തിൽ എനിക്ക് വലിയ സംശയങ്ങളുണ്ട്- മെസി കുറിച്ചു. പിതാവില്ലാതെ ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ലെന്നും മെസി കൂട്ടിച്ചേർക്കുന്നു. ഫുട്ബോളിൽ നിന്ന് തത്കാലം ഇടവേളയെടുത്ത മെസി നിലവിൽ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ്.