സ്റ്റെഫി നിക്സൺ
സ്റ്റെഫി നിക്സൺ

സ്റ്റെഫി കോർട്ടിലുണ്ട്, എന്നും എപ്പോഴും

വിവാഹത്തോടെ കരിയർ തന്നെ ഉപേക്ഷിക്കേണ്ടി വരുന്ന വനിതാ കായിക താരങ്ങളുടെ പട്ടികയ്ക്ക് നീളമേറുമ്പോൾ, അമ്മയായ ശേഷവും കരിയർ അതിമനോഹരമായി മുന്നോട്ടു കൊണ്ടു പോകുകയാണ് ഈ ബാസ്കറ്റ്ബോൾ താരം

അജീന അബ്രാഹം

ബാസ്കറ്റ് ബോൾ കോർട്ടിൽ എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുമ്പോൾ ജയം എന്ന ലക്ഷ്യത്തിനപ്പുറം യാതൊന്നും സ്റ്റെഫിയെ ഉലയ്ക്കാറില്ല... പ്രസവശേഷം വർധിച്ച ഭാരത്തെ ആത്മവിശ്വാസം കൊണ്ടും കഠിനപ്രയത്നം കൊണ്ടും നിയന്ത്രണത്തിലാക്കി മികച്ച നീക്കങ്ങൾ കൊണ്ട് വീണ്ടും വിജയങ്ങൾ രചിച്ച് സ്റ്റെഫി നിക്സൺ ഇപ്പോഴും കളിക്കളത്തിലുണ്ട്. വിവാഹ ശേഷം കരിയർ തന്നെ ഉപേക്ഷിക്കേണ്ടി വരുന്ന വനിതാ കായിക താരങ്ങളുടെ പട്ടികയ്ക്ക് നീളമേറി വരുമ്പോൾ, വിവാഹത്തിനു ശേഷവും കരിയർ അതിമനോഹരമായി മുന്നോട്ടു കൊണ്ടു പോകുന്ന സ്റ്റെഫി ഇന്ത്യൻ ബാസ്കറ്റ് ബോൾ മേഖലയ്ക്കു തന്നെ അഭിമാനമാണ്.

വീട്ടിൽ തളച്ചിടാനുള്ളതല്ല ജീവിതം

''നമ്മുടെ കഴിവുകൾ പ്രയോജനപ്പെടുത്തണം, ഓരു ജീവിതവും വീട്ടിൽ തളച്ചിടുന്നതാവരുത്'', സ്റ്റെഫി പറയുന്നു. മാതൃത്വത്തിന്‍റെ ഉത്തരവാദിത്വങ്ങളോ കുടുംബജീവിതമോ ഒന്നും സ്റ്റെഫിയുടെ പരിശീലനത്തെയോ പ്രകടനമികവിനെയോ ബാധിക്കുന്നില്ല. 2017 ൽ കുട്ടിക്ക് എട്ടുമാസം പ്രായമുള്ള സമയത്താണ് സ്റ്റെഫി ഇന്ത്യൻ ടീമിന്‍റെ ഏഷ്യൻ ഗെയിംസ് ക്യാംപിലെത്തിയത്. അപ്പോഴെല്ലാം തനിക്ക് താങ്ങായി ഭർത്താവും ബാസ്കറ്റ് ബോൾ താരവുമായ യൂഡ്രിക് പെരേര ഉണ്ടായിരുന്നുവെന്ന് സ്റ്റെഫി പറയുന്നു.

കളിക്കളത്തിലെ ആറടി ഒരിഞ്ചുകാരി

ജക്കാർത്ത ഏഷ്യൻ ഗെയിംസിനു പിന്നാലെ വില്യം ജോൺ കപ്പ്, എബിസി ചാംപ്യൻഷിപ്പ് എന്നിവയിലെല്ലാം സ്റ്റെഫി ഇന്ത്യൻ ജഴ്സിയണിഞ്ഞു. പ്രസവശേഷം തിരിച്ചുവരണമെന്ന വാശിയാണ് തന്നെ ഇന്നുകാണുന്ന നിലയിലേക്ക് എത്തിച്ചതെന്ന് സ്റ്റെഫി. ആത്മവിശ്വാസത്തോടെ പൊരുതി നോടാനുള്ള മനസുണ്ടെങ്കിൽ വിജയം പിന്നാലെ വരുമെന്ന് ജീവിതത്തിലൂടെ കാണിച്ചു തരികയാണ് ഈ ആറടി ഒരിഞ്ച് ഉയരക്കാരി.

ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ബാസ്കറ്റ്ബോളിലേക്ക് ആകർഷിക്കപ്പെടുന്നത്. സബ് ജൂനിയർ മത്സരത്തിനായി സ്റ്റേറ്റ് ക്യാമ്പിലെത്തിയ സ്റ്റെഫി പീന്നിട് കൊല്ലത്തെ സ്പോർട്സ് ഹോസ്റ്റലിൽ പരിശീലനം തുടർന്നു. 2008ൽ ഇന്ത്യൻ യൂത്ത് ടീമിലെത്തി. 2010ൽ ഇന്ത്യൻ ജൂനിയർ ടീമിന്‍റെ ക്യാപ്റ്റനുമായി.

നല്ല ഉയരമുള്ളതു കൊണ്ടു മാത്രം ബാസ്ക്കറ്റ്ബോൾ വഴങ്ങണമെന്നില്ല. ചില സമയങ്ങളിൽ ബുദ്ധിമുട്ടും അനുഭവപ്പെടാറുണ്ട്. പരുക്കുകൾ കാരണം ചില കളികൾക്ക് ഇറങ്ങാനാകാതെ വരുന്നത് ഏറെ വേദനാജനകമാണ്. സെലക്ഷൻ ഉണ്ടായിട്ടും 2023 ലെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ സാധിക്കാത്തതിലെ വിഷമവും സ്റ്റെഫിയുടെ വാക്കുകളിൽ നിഴലിക്കുന്നു.

പരിശീലനത്തിലൂടെ വിജയം കൈപ്പിടിയിലൊതുക്കാം

കായിക ഇനങ്ങളിൽ താത്പര്യമുണ്ടായിട്ടും പല കാരണങ്ങളാൽ ഉപേക്ഷിക്കേണ്ടിവന്ന നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്, പ്രത്യേകിച്ച് സ്ത്രീകൾ. ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ സ്വപ്നം കാണാൻ പോലും മടിക്കുന്നവർ. ആദ്യകാലങ്ങളിൽ സ്പോർടിസിലേക്ക് പെൺകുട്ടികളെ അധികം പ്രോത്സാഹിപ്പിച്ചിരുന്നില്ലെങ്കിലും ഇന്നത്തെ സ്ഥിതി വിപരീതമാണ്. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അധ്യാപകരും കുടുംബവും സമൂഹവും ഓരേപോലെ അവരെ കൈപിടിച്ചുയർത്തുന്നുണ്ട്. അതിനാൽ മികച്ച പരിശീലനത്തിലൂടെ വിജയങ്ങൾ കീഴടക്കാനാകുമെന്ന് സ്റ്റെഫി പറയുന്നു.

ദേശീയ ബാസ്കറ്റ്ബോളിൽ റണ്ണറപ്പായ കേരള വനിതാ ടീമിന് ട്രെയിനുലുണ്ടായ ദുരിതയാത്ര ഏറെ വിവാദമായതാണ്. മുൻപും ഇതുതന്നെയാണ് സ്ഥിതി. മറ്റ് സംസ്ഥാനങ്ങളിൽ അവരുടെ ടീമുകൾക്ക് എസി കമ്പാർട്മെന്‍റുകളാണ് ബുക്ക് ചെയ്ത് നൽകുന്നത്. എന്നാൽ, ഇവിടെ അടിസ്ഥാന സൗകര്യം പോലും ഉറപ്പില്ല. മത്സരം കഴിഞ്ഞ് സീറ്റില്ലാതെ ജനറൽ കമ്പാർട്ട്മെന്‍റിൽ നിന്നു വരേണ്ട അവസ്ഥകൾ ഉണ്ടായിട്ടുണ്ട്.

ഇതിനിടയിലും, കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പിന്തുണ തനിക്ക് എന്നും കരുത്തായിരുന്നു എന്നു സ്റ്റെഫി. നിത്യജീവിതത്തിന്‍റെ പതിവുകളിലേക്ക് ഒതുങ്ങിപ്പോകാൻ ആഗ്രഹിക്കുന്നയാളല്ല സ്റ്റെഫി. തന്‍റെ കഴിവുകളിൽ പ്രയോജനപ്പെടുത്തി ഇനി മുന്നോട്ടുള്ള ജീവിതത്തിൽ കുട്ടികൾക്ക് കളി പഠിപ്പിച്ചുകൊടുക്കുന്ന കോച്ചാകണമെന്നാണ് ആഗ്രഹം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com