സ്റ്റീവൻ സ്മിത്ത് വിരമിച്ചു

ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യയോടേറ്റ പരാജയത്തിനു പിന്നാലെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽനിന്നു വിരമിച്ചു

ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ ഓസ്ട്രേലിയയെ നയിച്ച സ്റ്റീവൻ സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സെമി ഫൈനലിൽ ഇന്ത്യയോടേറ്റ പരാജയത്തിനു പിറ്റേന്നാണ് അപ്രതീക്ഷിത പ്രഖ്യാപനം. ടെസ്റ്റ്, ട്വന്‍റി20 മത്സരങ്ങളിൽ തുടർന്നും കളിക്കാൻ തയാറാണെന്നും പ്രഖ്യാപനം.

സെമി ഫൈനലിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോററായിരുന്നു സ്മിത്ത്. എന്നാൽ, അവർ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഇന്ത്യക്ക് വെല്ലുവിളി ആയതേയില്ല. സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നീ മൂന്ന് മുൻനിര പേസ് ബൗളർമാരുമില്ലാതെയാണ് ഓസ്ട്രേലിയ ഇക്കുറി ചാംപ്യൻസ് ട്രോഫിക്കെത്തിയിരുന്നത്.

''ഞാൻ എന്‍റെ അവസാന ഏകദിന മത്സരം കളിച്ചു കഴിഞ്ഞിരിക്കുന്നു'' എന്ന് സെമി പരാജയത്തിനു പിന്നാലെ തന്നെ സഹതാരങ്ങളെ സ്മിത്ത് അറിയിച്ചിരുന്നു. ബുധനാഴ്ചയാണ് മുപ്പത്തഞ്ചുകാരൻ ഈ വിവരം പരസ്യപ്പെടുത്തിയത്.

2027ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പദ്ധതികളിലും താൻ ഉണ്ടാകില്ലെന്നു കൂടിയാണ് സ്മിത്തിന്‍റെ പ്രഖ്യാപനത്തിന് അർഥം. ടെസ്റ്റ് ക്രിക്കറ്റിലായിരിക്കും താൻ ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

2024ലെ ട്വന്‍റി20 ലോകകപ്പ് ടീമിൽ സ്മിത്തിനെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, 2028 ഒളിംപിക്സിൽ ഓസ്ട്രേലിയക്കു വേണ്ടി കളിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ടി20 ഫോർമാറ്റിലാണ് ഒളിംപിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചുവരുന്നത്.

ഓസ്ട്രേലിയയുടെ ഓൾ ടൈം റൺ സ്കോറർമാരിൽ പന്ത്രണ്ടാം സ്ഥാനത്താണെങ്കിലും, രാജ്യത്തെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായാണ് സ്മിത്ത് അറിയപ്പെടുന്നത്. ലെഗ് സ്പിന്നറായി തുടങ്ങി സ്പെഷ്യലിസ്റ്റ് ബാറ്ററായി മാറിയ ക്രിക്കറ്ററാണ് അദ്ദേഹം.

ഏകദിന ക്രിക്കറ്റിൽ 12 സെഞ്ചുറികളാണ് സ്മിത്ത് നേടിയിട്ടുള്ളത്. അഞ്ച് ഓസ്ട്രേലിയക്കാർ മാത്രമാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിനു മുന്നിലുള്ളത്. ബാറ്റിങ് ശരാശരിയിൽ ഡേവിഡ് വാർനർക്കു മാത്രം പിന്നിൽ.

ഓസ്ട്രേലിയയുടെ 2015ലെയും 2023ലെയും ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേട്ടങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു സ്മിത്ത്. 2015 ലോകകപ്പിൽ, സെമി ഫൈനലിൽ ഇന്ത്യക്കെതിരേ നേടിയ സെഞ്ചുറി അടക്കം തുടരെ അഞ്ച് 50+ സ്കോറുകൾ സ്വന്തമാക്കി. ന്യൂസിലൻഡിനെതിരായ ഫൈനലിൽ പുറത്താകാതെ 56 റൺസും നേടി.

2015നും 2025നും ഇടയിൽ 64 മത്സരങ്ങളിലാണ് സ്മിത്ത് ഓസ്ട്രേലിയയെ നയിച്ചത്. എന്നാൽ, ഒരു ലോകകപ്പിലും അദ്ദേഹം ക്യാപ്റ്റനായിട്ടില്ല.

പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്നാണ് സ്ഥിരം ക്യാപ്റ്റൻസി നഷ്ടമാകുന്നതും 12 മാസത്തെ വിലക്ക് നേരിടുന്നതും. വിലക്കിനു ശേഷം തിരിച്ചുവന്നിട്ടും, ആധുനിക ക്രിക്കറ്റിൽ വിരാട് കോലിയും ജോ റൂട്ടും കെയ്ൻ വില്യംസണും കൂടി ഉൾപ്പെട്ട ഫാബ് ഫോറിന്‍റെ ഭാഗമായി സ്മിത്ത് എണ്ണപ്പെട്ടിരുന്നു.

ഓസ്ട്രേലിയക്കു വേണ്ടി 170 ഏകദിന മത്സരങ്ങളാണ് സ്മിത്ത് കളിച്ചത്. 43.74 എന്ന ശരാശരിയിൽ 5800 റൺസെടുത്തു. ഇതിൽ 12 സെഞ്ചുറി കൂടാതെ 35 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. 28 വിക്കറ്റും നേടിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com