ഓസ്ട്രേലിയയെ വിറപ്പിച്ച ഒമാൻ സ്റ്റോയ്നിസിനു കീഴടങ്ങി

36 പന്തിൽ പുറത്താകാതെ 67 റൺസും, മൂന്നോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും നേടിയ സ്റ്റോയ്നിസ് ഏറെക്കുറെ ഒറ്റയ്ക്കാണ് ഒമാന്‍റെ വെല്ലുവിളിയിൽ നിന്ന് ഓസ്ട്രേലിയയെ കരകയറ്റിയത്
ഓസ്ട്രേലിയയെ വിറപ്പിച്ച ഒമാൻ സ്റ്റോയ്നിസിനു കീഴടങ്ങി
മാർക്കസ് സ്റ്റോയ്നിസ്

ബ്രിഡ്ജ്‌ടൗൺ: ഗ്രൗണ്ടിലിറങ്ങിയാൽ പിന്നെ എതിരാളികളെല്ലാം ഒരുപോലെയാണെന്നാണ് ഒമാൻ ക്യാപ്റ്റൻ അക്വിബ് ഇല്യാസ് ട്വന്‍റി20 ലോകകപ്പ് തുടങ്ങും മുൻപ് പറഞ്ഞത്. ഓസ്ട്രേലിയക്കെതിരേ കളിക്കാനിറങ്ങിയപ്പോൾ അവർ തെളിയിക്കുകയും ചെയ്തു, അതു വെറും വാക്കല്ലായിരുന്നു എന്ന്. പക്ഷേ, ഓസ്ട്രേലിയയെ വിറപ്പിച്ച ഏഷ്യൻ സംഘം, മാർക്കസ് സ്റ്റോയ്നിസ് എന്ന ഒറ്റയാൾ പട്ടാളത്തിനു മുന്നിൽ അടിയറവ് പറഞ്ഞു.

36 പന്തിൽ പുറത്താകാതെ 67 റൺസും, മൂന്നോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും നേടിയ സ്റ്റോയ്നിസ് ഏറെക്കുറെ ഒറ്റയ്ക്കാണ് ഒമാന്‍റെ വെല്ലുവിളിയിൽ നിന്ന് ഓസ്ട്രേലിയയെ കരകയറ്റിയത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് ഒമ്പതാം ഓവറിൽ 50 റൺസ് എത്തുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ഓപ്പണറായി മാറിയിരിക്കുന്ന ട്രാവിസ് ഹെഡ് 10 പന്തിൽ 12 റൺസുമായി മടങ്ങി. ക്യാപ്റ്റൻ മിച്ചൽ മാർഷ് 21 പന്ത് നേരിട്ടിട്ടും 14 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഐപിഎൽ ദുരിതം ആവർത്തിച്ച ഗ്ലെൻ മാക്സ്‌വെൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.

ഇതിനു ശേഷമായിരുന്നു വെറ്ററൻ ഓപ്പണർ ഡേവിഡ് വാർനറും അഞ്ചാം നമ്പറിലിറങ്ങിയ സ്റ്റോയ്നിസും ഒരുമിച്ച ബാറ്റിങ് കൂട്ടുകെട്ട്. 51 പന്തിൽ 56 റൺസെടുത്ത വാർനർ കരുതലോടെ കളിച്ചു. ആറ് ഫോറും ഒരു സിസ്കും ഉൾപ്പെട്ട ഈ ഇന്നിങ്സോടെ ട്വന്‍റി20 ക്രിക്കറ്റിൽ അദ്ദേഹം ഓസ്ട്രേലിയയുടെ ഏറ്റവും വലിയ റൺവേട്ടക്കാരനായും മാറി.

അതേസമയം, 9 റൺസിൽ കിട്ടിയ ലൈഫ് പരമാവധി മുതലാക്കിയ സ്റ്റോയ്നിസ് മറുവശത്ത് ആഞ്ഞടിക്കുകയായിരുന്നു. രണ്ട് ഫോറും ആറു സിക്സും ഉൾപ്പെട്ട ആ അപരാജിത ഇന്നിങ്സോടെ മത്സരഫലം ഏറെക്കുറെ നിർണയിക്കപ്പെടുകയും ചെയ്തു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് ഓസ്ട്രേലിയ നേടിയത്.

മറുപടി ബാറ്റിങ്ങിൽ അയാൻ ഖാൻ (36), മെഹ്റാൻ ഖാൻ (27), അക്വിബ് ഇല്യാസ് (18) എന്നിവരുടെ പോരാട്ടവീര്യത്തിന് ഒമാനെ 20 ഓവറിൽ 125/9 വരെയേ എത്തിക്കാൻ സാധിച്ചുള്ളൂ. സ്റ്റോയ്നിസിന്‍റെ മൂന്ന് വിക്കറ്റ് കൂടാതെ മിച്ചൽ സ്റ്റാർക്ക്, നേഥൻ എല്ലിസ്, ആഡം സാംപ എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനങ്ങളും ഓസ്ട്രേലിയൻ വിജയം എളുപ്പമാക്കാൻ സഹായിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com