ക്രിക്കറ്റ് ആരാധനയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ചെറുപ്പക്കാരന്‍

രണ്ടു ലക്ഷത്തിനടുത്ത് ഫോളോവേഴ്സുണ്ട് ഈ ചാനലിന്. ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന ഫാന്‍റസി ക്രിക്കറ്റ് ടീം അനലിസ്റ്റാണ് ഓംകാര്‍
ക്രിക്കറ്റ് ആരാധനയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ചെറുപ്പക്കാരന്‍

ഇന്ത്യയിലെ ഓരോ വീട്ടിലും ഒരു ക്രിക്കറ്റ് ആരാധകനുണ്ടാകും. എന്നാല്‍ ആ ആരാധനയെ കരിയറാക്കുന്നവരും, അതില്‍ നിന്നു പണമുണ്ടാക്കുന്നവരും ചുരുക്കം. അത്തരമൊരു സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞവര്‍ പോലും വിരളമാണ്. അവിടെയാണ് ലാത്തൂര്‍ സ്വദേശി ഓംകാര്‍ ബോല്‍സേത്ത് എന്ന ഇരുപത്തിനാലുകാരന്‍ വ്യത്യസ്തമാകുന്നത്. ക്രിക്കറ്റ് അനലിസ്റ്റ് എന്ന കരിയറിലൂടെ ലക്ഷങ്ങളാണ് ഓംകാര്‍ സമ്പാദിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വെര്‍ച്വല്‍ ക്രിക്കറ്റ് ടീമിനെ പ്രവചിച്ചും, കൃത്യമായ വിശകലനങ്ങള്‍ നടത്തിയുമാണ് ഓംകാര്‍ പണം കൊയ്യുന്നത്.

ചെറുപ്പം മുതലേ ക്രിക്കറ്റിനോട് അഗാധമായ പ്രണയമായിരുന്നു ഓംകാറിന്. എല്ലാ ടീമിന്‍റെയും കളികള്‍ കാണും. മാച്ചിനു ശേഷമുള്ള വിദ്ഗധരുടെ വിശകലനങ്ങളും മുടങ്ങാതെ വീക്ഷിച്ചു. എന്നാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു മേഖല കരിയറാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ എന്‍ജിനിയറിങ് പഠനത്തിനു ചേര്‍ന്നു. ഓണ്‍ലൈന്‍ ഇടങ്ങളില്‍ ഫാന്‍റസി ക്രിക്കറ്റ് ടീമിനെ പ്രവചിക്കാന്‍ സുഹൃത്തുക്കളെ സഹായിച്ചു കൊണ്ടായിരുന്നു തുടക്കം. പ്രവചനങ്ങള്‍ ഏറെക്കുറെ കൃത്യമായി വന്നപ്പോള്‍ ഈ മേഖല എന്തുകൊണ്ട് കരിയറായി തെരഞ്ഞെടുത്തുകൂടാ എന്നു ചിന്തിച്ചു.

അങ്ങനെ മൂന്നു വര്‍ഷം മുമ്പ് ടീംസ് ഫോര്‍ വിന്‍ എന്ന യുട്യൂബ് ചാനല്‍ ആരംഭിച്ചു. ഫാന്‍റസി ക്രിക്കറ്റ് ടീമിനുള്ള ടിപ്പുകള്‍ നല്‍കിയും വിശകലനം നടത്തിയും യുട്യൂബ് ചാനല്‍ മുന്നേറി. ഇപ്പോള്‍ രണ്ടു ലക്ഷത്തിനടുത്ത് ഫോളോവേഴ്സുണ്ട് ഈ ചാനലിന്. പിന്തുടരുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന ഫാന്‍റസി ക്രിക്കറ്റ് ടീം അനലിസ്റ്റാണ് ഓംകാര്‍.

ക്രിക്കറ്റ് അനലിസ്റ്റ് എന്ന രീതിയില്‍ ഒരു ബ്രാന്‍ഡായി ഓംകാര്‍ വളര്‍ന്നുകഴിഞ്ഞു. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന യുട്യൂബ് ചാനലായി ടീംസ് ഫോര്‍ വിന്നിനെ വളര്‍ത്തുക എന്നതാണ് ലക്ഷ്യം. അത്രയേറെ ആരാധനയുള്ള ഒരു കായികയിനവുമായി ബന്ധപ്പെട്ട മേഖല തന്നെ കരിയറായി തെരഞ്ഞെടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഓംകാറിന്‍റെ ഏറ്റവും വലിയ സന്തോഷം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com