''അടഞ്ഞ വാതിൽ ഇനി തുറക്കില്ല'', ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ച് സുനിൽ നരെയ്ൻ

''കഴിഞ്ഞ പന്ത്രണ്ട് മാസമായി ഞാനവന്‍റെ ചെവിയിൽ ഓതിക്കൊണ്ടിരിക്കുകയാണ്''- റോവ്മാൻ പവൽ (വെസ്റ്റിൻഡീസിന്‍റെ ട്വന്‍റി20 ക്യാപ്റ്റൻ)
Sunil Narine
Sunil Narine

2007നു ശേഷം ആദ്യമായൊരു ലോകകപ്പിന് ആതിഥ്യം വഹിക്കാനൊരുങ്ങുകയാണ് വെസ്റ്റിൻഡീസ്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ പഴയ പ്രതാപത്തിന്‍റെ നിഴൽ മാത്രമാണെങ്കിലും, ട്വന്‍റി20 ക്രിക്കറ്റിൽ ഇന്നും അദ്ഭുതം കാട്ടാൻ ശേഷിയുള്ള ടീമാണ് വെസ്റ്റിൻഡീസിന്‍റേത്. പീക്ക് ഫോമിൽ നിൽക്കുന്ന സമയത്ത് കരൺ പൊള്ളാർഡും ഡ്വെയ്ൻ ബ്രാവോയും ക്രിസ് ഗെയ്‌ലും മുതൽ സുനിൽ നരെയ്നും ആന്ദ്രെ റസലും വരെയുള്ളവരെ ടീമിനു പുറത്തുനിർത്തിയ പാരമ്പര്യമാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡിനുള്ളത്. വർഷങ്ങളായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡും മുതിർന്ന കളിക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ അത്രത്തോളം രൂക്ഷമാണ്.

ഐപിഎൽ സീസണിലെ മിന്നുന്ന ഫോമിന്‍റെ പശ്ചാത്തലത്തിൽ, കോൽക്കത്ത നൈറ്റ്റൈഡേഴ്സ് താരം സുനിൽ നരെയ്ൻ ലോകകപ്പ് കളിക്കണമെന്ന അഭിപ്രായം ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ശക്തമാണ്. വിൻഡീസിന്‍റെ ട്വന്‍റി20 ക്യാപ്റ്റനും രാജസ്ഥാൻ റോയൽസ് താരവുമായ റോവ്മാൻ പവൽ പരസ്യമായി തന്നെ ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ''12 മാസമായി ഞാനവന്‍റെ കാതിൽ ഓതിക്കൊണ്ടിരിക്കുന്ന കാര്യമാണത്'', പവർ തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാലിപ്പോൾ സുനിൽ നരെയ്ൻ ഈ വിഷയത്തിൽ തന്‍റെ നയം വ്യക്തമാക്കിയിരിക്കുകയാണ്, ''ആ വാതിൽ എന്നേയ്ക്കുമായി അ‌ടഞ്ഞതാണ്. ഞാൻ മുൻപ് നിരാശയൊക്കെയുണ്ടായിരുന്നു. പക്ഷേ, ഞാനിപ്പോൾ അതുമായെല്ലാം പൊരുത്തപ്പെട്ടു കഴിഞ്ഞു. അടഞ്ഞ വാതിൽ ഇനി തുറക്കില്ല. ഞാൻ വെസ്റ്റിൻഡീസ് ടീമിൽ തിരിച്ചുവരണമെന്ന് ആഗ്രഹിച്ചവർക്കെല്ലാം നന്ദി. ജൂണിൽ ടീമംഗങ്ങളെ പ്രചോദിപ്പിക്കാൻ ഞാനുണ്ടാവും. അവർക്ക് എല്ലാ നന്മകളും നേരുന്നു....''

സീസണിൽ കോൽക്കത്ത നൈറ്റ്റൈഡേഴ്സിന്‍റെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലാണ് നരെയ്ൻ. ഓവറിൽ ശരാശരി ഏഴു റൺസ് മാത്രം വഴങ്ങി ഒമ്പത് വിക്കറ്റ് നേടിക്കഴിഞ്ഞു. ഓപ്പണിങ് റോളിൽ ബാറ്റ് ചെയ്യുന്ന നരെയ്ൻ മുപ്പത്തഞ്ചാം വയസിൽ തന്‍റെ ട്വന്‍റി20 കരിയറിലെ ആദ്യ സെഞ്ചുറിയും നേടിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com