

മത്സരത്തിൽ നിന്ന്
അഹമ്മദാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ജയം. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 82 റൺസിനാണ് ഗുജറാത്ത് വിജയിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിനെ ഗുജറാത്ത് 86 റൺസിന് കൂടാരം കയറ്റി. ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡിനെ (0) പുറത്താക്കികൊണ്ട് ഗുജറാത്ത് പേസർ മുഹമ്മദ് സിറാജാണ് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്.
സിറാജിനു പിന്നാലെ അഭിഷേക് ശർമയെ (6) കാഗിസോ റബാഡ പുറത്താക്കിയതോടെ 2 വിക്കറ്റ് നഷ്ടത്തിൽ 6 റൺസെന്ന നിലയിലായി സൺറൈസേഴ്സ്. മൂന്നാമനായി എത്തിയ ഇഷാൻ ഒരു സിക്സർ അടിച്ച് അൽപ്പം പ്രതീക്ഷ നൽകാൻ ശ്രമിച്ചെങ്കിലും റബാഡയുടെ പേസിനു പിന്നിൽ മുട്ടുമടക്കി. 7 പന്തിൽ നിന്നും 11 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
രവിചന്ദ്രൻ സ്മരൺ 9 പന്തിൽ 15 റൺസും വമ്പൻ ഹിറ്റർ ഹെൻറിക് ക്ലാസൻ 16 പന്തിൽ 14 റൺസും സലീൽ അരോര 13 പന്തിൽ 16 റൺസും നേടി മടങ്ങി ആരാധകരെ നിരാശയിലാക്കി. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്കും (2) ഷിവാങ്ങ് കുമാറിനും (4) തിളങ്ങാനായില്ല. ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ പാറ്റ് കമ്മിൻസ് 211 സ്ട്രൈക്ക് റേറ്റിൽ 9 പന്തിൽ 19 റൺസ് നേടി പുറത്തായപ്പോൾ ഇഷാൻ മലിംഗ പുറത്താവാതെ നിന്നു. പ്രഫുൾ ഹിംഗയ്ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല.
ഗുജറാത്തിനു വേണ്ടി ജേസൻ ഹോൾഡറും കാഗിസോ റബാഡയും മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വിജയലക്ഷ്യം മറികടക്കാൻ ബാറ്റേന്തിയ എസ്ആർഎച്ചിന് തുടക്കത്തിലെ തന്നെ തിരിച്ചടി നേരിട്ടിരുന്നു.
തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതാണ് ടീമിനെ കൂട്ടത്തകർച്ചയിലേക്ക് തള്ളിവിട്ടത്. വിക്കറ്റ് നഷ്ടപ്പെടുമ്പോഴും ബാറ്റർമാർ ആക്രമണോത്സുക പുറത്തെടുത്ത് ബൗണ്ടറികൾ പറത്താനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാൽ ശ്രമങ്ങളൊന്നും ആർക്കും പൂർത്തികരിക്കാനായില്ലെന്നത് ടീമിനെ പരാജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നിന്നും 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് അടിച്ചെടുത്തിരുന്നു. 44 പന്തിൽ 5 ബൗണ്ടറിയും 2 സിക്സും അടക്കം 61 റൺസ് നേടിയ ഓപ്പണിങ് ബാറ്റർ സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.
സൺറൈസേഴ്സിനു വേണ്ടി പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസൈൻ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഒരു വിക്കറ്റ് പിഴുതു. മറ്റു ബൗളർമാർക്ക് വിക്കറ്റ് വീഴ്ത്താനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് അത്ര ശുഭകരമായ ഒരു തുടക്കമല്ല ലഭിച്ചത്. 2.2 ഓവറിൽ തന്നെ ഓപ്പണിങ് ബാറ്റർ ശുഭ്മൻ ഗില്ലിനെ ടീമിന് നഷ്ടമായി. 7 പന്തിൽ നിന്നും 5 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ ജോസ് ബട്ട്ലർ (7) 5.1 ഓവറിൽ പുറത്തായതോടെ ടീം പ്രതിരോധത്തിലായി. പവർ പ്ലേ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. നാലാമനായി ബാറ്റിങ്ങിനിറങ്ങിയ നിഷാന്ത് സിന്ധു (14 പന്തിൽ 22) കാഴ്ചവച്ച മിന്നൽ പ്രകടനം ടീമിന് ആശ്വാസമേകി.
എന്നാൽ സായ്ക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കാൻ നിഷാന്തിനും സാധിച്ചില്ല. അതിനു മുന്നേ പാറ്റ് കമ്മിൻസ് താരത്തെ ഗ്യാലറിയിലേക്ക് പറഞ്ഞയച്ചു. വിക്കറ്റ് നഷ്ടപ്പെടുത്താതെ സായ് ഒരു വശത്ത് നിലയുറപ്പിച്ചതോടെയാണ് ഗുജറാത്തിന് അൽപ്പമെങ്കിലും ഭേദപ്പെട്ട റൺസ് നേടാൻ കഴിഞ്ഞത്. 16.2 ഓവറിലാണ് സായ് സുദർശൻ പുറത്താകുന്നത്. വാഷിങ്ടൺ സുന്ദർ 33 പന്തിൽ നിന്നും 7 ബൗണ്ടറിയും ഒരു സിക്സും അടക്കം 50 റൺസ് അടിച്ചെടുത്ത് തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ഗുജറാത്ത് ടൈറ്റൻസിന്റെ സ്കോർ 160 കടന്നു.