
ജസ്പ്രീത് ബുംറയും കരുൺ നായരും ഐപിഎൽ മത്സരത്തിനിടെ.
File photo
സ്പോർട്സ് ലേഖകൻ
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പിൽ സർപ്രൈസുകൾക്ക് സാധ്യത. ജസ്പ്രീത് ബുംറയ്ക്ക് വൈസ് ക്യാപ്റ്റൻസി നഷ്ടമാകാൻ സാധ്യത ഏറെ. അഞ്ച് ടെസ്റ്റുകൾ മാത്രമാണ് പരമ്പരയിൽ ഉൾപ്പെടുന്നത്. ഏകദിന - ട്വന്‍റി20 മത്സരങ്ങളില്ല. എന്നാൽ, പരുക്കേൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബുംറയെ എല്ലാ ടെസ്റ്റിലും കളിപ്പിക്കേണ്ടെന്നാണ് ധാരണ. ഈ സാഹചര്യത്തിൽ, എല്ലാ മത്സരങ്ങളിലും ഇടം ഉറപ്പിക്കാവുന്ന ഒരാളെ വൈസ് ക്യാപ്റ്റനാക്കാനാണ് സെലക്റ്റർമാർ ആലോചിക്കുന്നത്.
ഏകദിന ടീമിന്‍റെ വൈസ് ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിന് ടെസ്റ്റിലും ഈ റോളിലേക്ക് നറുക്ക് വീഴാൻ സാധ്യത ഏറെയാണ്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റേതാണ് സജീവ പരിഗണനയിലുള്ള മറ്റൊരു പേര്. എന്നാൽ, ഇരുവരുടെയും സമീപകാല ടെസ്റ്റ് പ്രകടനങ്ങൾ അത്ര ആശാവഹമല്ല. വിദേശ പിച്ചുകളിൽ ഗിൽ ഇനിയും മികവ് തെളിയിക്കേണ്ടിയിരിക്കുന്നു. ഐപിഎല്ലിൽ ദയനീയ ഫോമുള്ള ഋഷഭ് പന്തിന് ടെസ്റ്റ് കളിക്കാനുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെട്ടോ എന്നു സംശയിക്കേണ്ട അവസ്ഥയും.
എന്നാൽ, ടെസ്റ്റ് ക്യാപ്റ്റന്‍റെ കാര്യത്തിൽ തത്കാലം മാറ്റം വേണ്ടെന്ന നിലപാടിലാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി. ഓസ്ട്രേലിയൻ പര്യടനം പോലെ തന്നെ കടുപ്പമേറിയതായിരിക്കും ഇംഗ്ലണ്ട് പര്യടനവും. ഇങ്ങനെയൊരു പരമ്പരയിൽ ശക്തനായൊരു ക്യാപ്റ്റന്‍റെ സാന്നിധ്യം അനിവാര്യമാണ്. അതിനാൽ രോഹിത് ശർമ തന്നെ തുടരട്ടെ എന്നാണ് ധാരണ.
അതേസമയം, സീനിയർ ടീമിന്‍റെ പര്യടനത്തിനു മുന്നോടിയായി ഇന്ത്യ എ ടീമും ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പരിചയപ്പെടാൻ സീനിയർ ടീമിൽ ഉൾപ്പെട്ട ചില താരങ്ങൾക്കു കൂടി എ ടീമിൽ ഇടം നൽകാനാണ് ആലോചിക്കുന്നത്. ഇംഗ്ലണ്ടിൽ കളിച്ചിട്ടില്ലാത്ത യശസ്വി ജയ്സ്വാളിനെപ്പോലുള്ളവരെയാണ് ഇതിനായി പരിഗണിക്കുന്നത്. രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളി ജയ്സ്വാൾ തന്നെയാകും. മൂന്നാം നമ്പറിൽ ഗില്ലും നാലാം നമ്പറിൽ വിരാട് കോലിയും വരും.
ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ഉൾപ്പെടുന്ന ലോവർ മിഡിൽ ഓർഡറിനു മുകളിലായി കളിപ്പിക്കാൻ സ്ഥിരതയുള്ള ഒരു മധ്യനിര ബാറ്ററുടെ അഭാവം ഇപ്പോൾ ഇന്ത്യൻ ടീമിലുണ്ട്. സർഫറാസ് ഖാനെയും ദേവദത്ത് പടിക്കലിനെയുമൊക്കെ ഈ റോളിലേക്ക് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും ഇരുവർക്കും വിദേശ പിച്ചുകളിൽ ശോഭിക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ മലയാളി താരം കരുൺ നായരും മധ്യപ്രദേശിന്‍റെ രജത് പാട്ടീദാറും പരിഗണനയിൽ വന്നേക്കും.
വീരേന്ദർ സെവാഗിനെക്കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഏക ഇന്ത്യക്കാരനാണ് കരുൺ. എന്നാൽ, 2017നു ശേഷം ദേശീയ ടീമിൽ ഇടം കിട്ടിയിട്ടില്ല. ഇപ്പോൾ വയസ് 35 ആയെങ്കിലും കഴിഞ്ഞ ആഭ്യന്തര ക്രിക്കറ്റ് സീസണിൽ വിവിധ ഫോർമാറ്റുകളിലായി നടത്തിയ അസാമാന്യ പ്രകടനം ഒരവസരം കൂടി നൽകാൻ സെലക്റ്റർമാരെ പ്രേരിപ്പിച്ചേക്കും. 31 വയസായ രജത് പാട്ടീദാറിനും പ്രായം അത്ര അനുകൂല ഘടകമല്ല. എന്നാൽ, പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച്, മത്സര സാഹചര്യമനുസരിച്ച് ഗിയർ മാറ്റാനുള്ള ശേഷി പാട്ടീദാറിന്‍റെ പ്രത്യേകതയാണ്.
കെ.എൽ. രാഹുലിനെയും ഇതേ റോളിലേക്ക് പരിഗണിക്കാനിടയുണ്ടെങ്കിലും, കരുൺ അല്ലെങ്കിൽ രജത് റിസർവ് ബാറ്ററായെങ്കിലും ടീമിലുണ്ടാകാനാണ് സാധ്യത. ഋഷഭ് പന്തും കെ.എൽ. രാഹുലും ഒരുമിച്ച് ടീമിൽ വന്നാൽ റിസർവ് കീപ്പർക്ക് സാധ്യത കുറവാണ്. എന്നാൽ, റിസർവ് ഓപ്പണറുടെ റോളിൽ ഏറെക്കാലമായി കാത്തിരിക്കുന്ന അഭിമന്യു ഈശ്വരനു മുകളിൽ ഇത്തവണ ബി. സായ് സുദർശന് പരിഗണന കിട്ടിയാലും അദ്ഭുതപ്പെടാനില്ല. ആവശ്യം വന്നാൽ ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങി കളിക്കാനും സായ് സുദർശനു സാധിക്കും.
പേസ് ബൗളിങ് ഓൾറൗണ്ടറായി നിതീഷ് കുമാർ റെഡ്ഡി മാത്രമാണ് പരിഗണിക്കപ്പെടാനിടയുള്ളത്. ഐപിഎല്ലിൽ ഫോമിലല്ലെങ്കിലും, ഓസ്ട്രേലിയൻ പര്യടനത്തിലെ മികച്ച പ്രകടനം റെഡ്ഡിക്ക് വീണ്ടുമൊരു അവസരം ഉറപ്പ് നൽകുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ റെഡ്ഡിയുടെ സീം ബൗളിങ്ങിന് അനുകൂലമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ആർ. അശ്വിൻ വിരമിച്ച ശേഷമുള്ള ആദ്യ പരമ്പര എന്ന നിലയിൽ സ്പിന്നർമാരുടെ തെരഞ്ഞെടുപ്പും നിർണായകമായിരിക്കും. അശ്വിൻ ഇല്ലാത്ത സാഹചര്യത്തിൽ ഓൾറൗണ്ട് മികവ് കൂടി കണക്കിലെടുത്ത് രവീന്ദ്ര ജഡേജയ്ക്കായിരിക്കും ആദ്യ അവസരം. മത്സരങ്ങൾ ഇംഗ്ലണ്ടിലായതിനാൽ പ്ലെയിങ് ഇലനിൽ ഒന്നോ പരമാവധി രണ്ടോ സ്പിന്നർമാർ മാത്രമാകും ഉണ്ടാകുക. കുൽദീപ് യാദവും മുംബൈ താരം തനുഷ് കൊടിയാനുമാകും അടുത്ത പരിഗണന. ബാറ്റിങ് മികവ് കൂടി കണക്കിലെടുത്ത് വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ എന്നിവരും പരിഗണിക്കപ്പെടാം.
പേസ് ബൗളിങ് നിരയിൽ ജസ്പ്രീത് ബുംറയ്ക്കൊപ്പം മുഹമ്മദ് ഷമിയെ പ്രതീക്ഷിക്കാം. കൂടെ, പ്രസിദ്ധ് കൃഷ്ണയ്ക്കും ഹർഷിത് റാണയ്ക്കും അവസരമുണ്ടാകും. ഇംഗ്ലണ്ടിലെ പിച്ചുകളുടെ സ്വഭാവം മുഹമ്മദ് സിറാജിന്‍റെ തിരിച്ചുവരവിനും സാധ്യത തുറന്നിടുന്നതാണ്.