നേട്ടങ്ങളിൽ 'സ്കൈ' എന്നും മേലെ മേലെ; കണക്കുകൾ മറന്നത് നീതികേട്

അൺ ഓർത്ത്ഡോക്സ് ഷോട്ടുകൾ‌ കൊണ്ട് വിസ്മയിപ്പിക്കുന്ന ഐതിഹാസിക താരം എ.ബി. ഡിവില്ലിയേഴ്സിന്‍റെ ഷോട്ടുകളോട് താരതമ‍്യമുള്ളതിനാൽ അയാൾക്ക് മിസ്റ്റർ‌ 360‍യെന്ന് ആരാധകർ പേരു ചാർത്തികൊടുത്തു
suryakumar yadav most explosive batter in t20 cricket mr 360 captain with dominant record

സൂര‍്യകുമാർ യാദവ്

Updated on

അഞ്ച് കൊല്ലം മുൻപായിരുന്നു അത്. കൃത‍്യമായി പറഞ്ഞാൽ 2021 മാർച്ച് 18. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട ഇന്ത‍്യ ബാറ്റിങ്ങിനിറങ്ങുന്നു. 3.4 ഓവറിൽ ആദ‍്യ വിക്കറ്റ് വീണു. പതിവിന് വിപരീതമായി വിരാട് കോലിക്കു പകരം മൂന്നാമനായി ഇറങ്ങിയത് ഒരു അരങ്ങേറ്റക്കാരൻ.

പന്തെറിയുന്നത് പേസ് കൊണ്ട് എതിരാളികളെ വീഴ്ത്തുന്ന ജോഫ്ര ആർച്ചറും. ബൗണ്ടറി ലൈനിന്‍റെ അടുത്തുനിന്നെന്ന പോലെ ആർച്ചർ റണ്ണപ്പെടുത്തു. 143.9 കിലോമീറ്റർ വേഗത്തിൽ ഒരു ഷോർട്ട് പിച്ച് പന്ത്. ലെഗ് സ്റ്റംപിൽ നിന്നു ട്രിഗർ മൂവ്മെന്‍റെടുത്ത് ലെഗ് സൈഡിൽ ഒരു കൂറ്റൻ സിക്സർ. കണ്ടു നിന്ന ആരാധകർ ആകെ അമ്പരന്നു. പിന്നെ നിലയ്ക്കാത്ത് കരഘോഷം. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദമായിരുന്നു ആ കണ്ടത്.

പിന്നീട് അഞ്ച് കൊല്ലം നീണ്ട ടി20 കരിയറിൽ അയാൾക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അൺ ഓർത്ത്ഡോക്സ് ഷോട്ടുകൾ‌ കൊണ്ട് വിസ്മയിപ്പിക്കുന്ന ഐതിഹാസിക താരം എ.ബി. ഡിവില്ലിയേഴ്സിന്‍റെ ഷോട്ടുകളോട് താരതമ‍്യമുള്ളതിനാൽ അയാൾക്ക് മിസ്റ്റർ‌ 360‍യെന്ന് ആരാധകർ പേരു ചാർത്തികൊടുത്തു. ഇന്ത‍്യയ്ക്ക് ടി20 ലോകകപ്പ് നേടി തന്ന ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ്.

ഇന്ത‍്യൻ ടീമിൽ നിന്നു സെലക്റ്റർമാർ സൂര‍്യയെ പുറത്താക്കിയെങ്കിലും കഴിഞ്ഞ 5 കൊല്ലം സൂര‍്യ ടീമിനു നൽകിയ നേട്ടങ്ങൾ എണ്ണി പറഞ്ഞാൽ തീരില്ല. ഇന്ത‍്യയ്ക്കു വേണ്ടി 113 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 36.4 ശരാശരിയിൽ 3,272 റൺസ് നേടിയിട്ടുണ്ട്. 4 സെഞ്ചുറിയും 25 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. രോഹിത് ശർമയുടെ വിരമിക്കലിനു ശേഷമാണ് ടി20യിൽ ഇന്ത‍്യൻ ടീമിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം സൂര‍്യയെ തേടിയെത്തുന്നത്. 52 മത്സരങ്ങളിൽ ടീമിനെ നയിച്ചു. അതിൽ 42 മത്സരങ്ങളും ജയിച്ചു. 8 മത്സരം മാത്രമാണ് തോറ്റത്.

2026ലെ ടി20 ലോകകപ്പ് വിജയം, 2025 ഏഷ‍്യ കപ്പ് കിരീട നേട്ടം എന്നിവയാണ് സൂര‍്യയുടെ കരിയറിൽ ക‍്യാപ്റ്റൻ എന്ന നിലയ്ക്കുള്ള സുപ്രധാന നേട്ടങ്ങൾ. ടി20 ഫോർമാറ്റിൽ നേടിയിട്ടുള്ള 3,272 റൺസിൽ‌ 3,172 റൺസും നേടിയത് മൂന്നാം നമ്പറിലോ അതിനു താഴെയോ ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ്. ഓപ്പണിങ്ങിറങ്ങാതെ 3000 റൺസ് ടി20യിൽ നേടുന്ന രണ്ട് താരങ്ങളിൽ ഒരാളാണ് സൂര‍്യ. വിരാട് കോലിയാണ് (3637 റൺസ്) സൂര‍്യയ്ക്ക് മുന്നിലുള്ളത്.

ഓപ്പണിങ് ബാറ്റർ അല്ലാതെ തന്നെ ടി20യിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയതും സൂര‍്യ തന്നെ (171 സിക്സർ). രണ്ടു തവണ ഐസിസി ടി20 താരമായി സൂര‍്യയെ തെരഞ്ഞെടുത്തിട്ടുണ്ട്. പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് 17 തവണയും പരമ്പരയുടെ താരമായി ആറു തവണയും തെരഞ്ഞെടുക്കപ്പെട്ടു.

ക‍്യാപ്റ്റൻ എന്ന നിലയിൽ ടി20യിൽ വിജയ ശരാശരി 80.77. സൂര്യകുമാറിന്‍റെ കാലത്ത്, ഇന്ത്യ ഒരു ദ്വിരാഷ്ട്ര പരമ്പര പോലും തോറ്റിട്ടില്ല. ഈ റെക്കോഡുകൾ എല്ലാം ഒരുനാൾ തകർക്കപ്പെടുമെന്ന് കരുതാമെങ്കിലും, ക്രിക്കറ്റിലെ തന്നെ ഏറ്റവും ചെറിയ ഫോർമാറ്റിൽ പിന്നിലായിരുന്ന ടീമിനെ മികച്ചതാക്കി മാറ്റുന്നതിൽ അടിത്തറ പാകിയത് സൂര‍്യകുമാർ യാദവിന്‍റെ അസാധാരണമായ ആക്രമണോത്സുക ബാറ്റിങ് ആണെന്നതിൽ മറ്റൊന്ന് ചിന്തിക്കേണ്ടിവരില്ല.

logo
Metro Vaartha
www.metrovaartha.com