ന്യൂഡൽഹി: ട്വന്‍റി20 ക്രിക്കറ്റിന്‍റെ ഒറ്റ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് പിറന്നതിനുള്ള റെക്കോഡ് തകർന്നു. സമോവയുടെ മധ്യനിര ബാറ്റർ ഡാരിയസ് വിസർ ആറു സിക്സർ നേടിയ ഓവറിൽ മൂന്ന് നോബോൾ സഹിതം 39 റൺസാണ് വന്നത്. ട്വന്‍റി20 ലോകകപ്പിനുള്ള ഈസ്റ്റ് ഏഷ്യ-പസഫിക് യോഗ്യതാ റൗണ്ടിൽ വനോറ്റുവിനെതിരേയാണ് നേട്ടം.
പേസ് ബൗളർ നളിൻ നിപികോയുടെ പേരിലാണ് ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയതിന്‍റെ പുതിയ റെക്കോഡ്.
തന്‍റെ മൂന്നാമത്തെ മാത്രം അന്താരാഷ്ട്ര ട്വന്‍റി20 മത്സരത്തിലാണ് ഇരുപത്തെട്ടുകാരനായ ബാറ്റർ ചരിത്ര നേട്ടത്തിന്‍റെ ഭാഗമായത്. ആകെ 62 പന്ത് നേരിട്ട വിസർ 132 റൺസെടുത്തു. ഇതിൽ അഞ്ച് ഫോറും പതിനാല് സിക്സറുകളും ഉൾപ്പെടുന്നു.
അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ ഇതിനു മുൻപ് അഞ്ച് വട്ടം ഒരോവറിൽ 36 റൺസ് വീതം പിറന്നിട്ടുണ്ട്. സ്റ്റ്യുവർട്ട് ബ്രോഡ്, അഖില ധനഞ്ജയ, കരിം ജന്നത്, കമ്രാൻ ഖാൻ, അസ്മത്തുള്ള ഒമർസായ് എന്നിവരാണ് ആഗ്രഹിക്കാത്ത ഈ റെക്കോഡിന് ഉടമകളായിട്ടുള്ള ബൗളർമാർ. ഇവർ അഞ്ച് പേരുടെയും നാണക്കേട് ഒറ്റയടിക്ക് സ്വന്തം പേരിലേക്ക് എഴുതിച്ചേർക്കുകയായിരുന്നു നളിൻ നിപികോ.
ട്വന്‍റി20 ക്രിക്കറ്റിൽ ആദ്യമായാണ് സമോവയുടെ ഒരു ബാറ്റർ സെഞ്ചുറി നേടുന്നത്. എന്നാൽ, അദ്ദേഹത്തിന്‍റെ ടീം ആകെ നേടിയത് 174 റൺസിന് ഓൾഔട്ടായി. 16 റൺസാണ് രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ. വനൗറ്റു മറുപടി ബാറ്റിങ്ങിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്ത്, 10 റൺസിന്‍റെ പരാജയം വഴങ്ങി.