
ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) യുടെ പച്ചക്കൊടി. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ടി20 ക്രിക്കറ്റും അരങ്ങേറും.
ക്രിക്കറ്റടക്കം 5 മത്സര ഇനങ്ങളാണ് പുതിയതായി ഒളിംപിക്‌സിലേക്കെത്തുന്നത്. ടി20 ക്രിക്കറ്റ്, ഫഌഗ് ബോള്‍, സ്‌ക്വാഷ്, ലാക്രോസ്, ബെയ്‌സ്‌ബോള്‍/സോഫ്റ്റ് ബോള്‍ മത്സരങ്ങളാണ് പുതിയതായി ഒളിംപിക്‌സില്‍ ഉള്‍പ്പെടിത്തിയിരിക്കുന്നത്. മുംബൈയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്.
ഈ തീരുമാനം ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ പ്രധാന നാഴികകല്ലാണ്. ടി20 ക്രിക്കറ്റിന്‍റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി ഇതിലൂടെ തങ്ങള്‍ മനസിലാക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ 2028 ല്‍ യുഎസിലേക്ക് സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍കെ പ്രതികരിച്ചു.
ഇതിനു മുൻപ് ആദ്യമായും അവസാനമായും ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയത് 1900 ത്തിലായിരുന്നു. അന്നു നടന്നത് ഒരേയൊരു മത്സരം, ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ.128 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒളിംപിക്സിലേക്കുള്ള ക്രിക്കറ്റിന്‍റെ തിരിച്ചുവരവ്.