ടി20 ലോകകപ്പ്: ഇന്ത്യ ഇറങ്ങുന്നു

ട്വന്‍റി20 ലോകകപ്പിന് ശനിയാഴ്ച തുടക്കം, ആദ്യ ദിനം മൂന്നു മത്സരങ്ങൾ, ഇന്ത്യ യുഎസ്എയുമായി ഏറ്റുമുട്ടും
 T20 world cup curtainraiser

ലോകകപ്പിന് കൊടിയേറുന്നു

Updated on

ന്യൂഡൽഹി/കൊളംബൊ: ട്വന്‍റി20 ക്രിക്കറ്റിന്‍റെ ലോക പോരാട്ട വേദിയിലെ ആവേശത്തിന് ശനിയാഴ്ച തുടക്കം. ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥ്യം ഒരുക്കുന്ന ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിൽ പാക്കിസ്ഥാനും നെതർലൻഡ്സും കൊമ്പുകോർക്കും. ആദ്യ ദിനത്തിൽ, രണ്ടു തവണ ചാംപ്യൻമാരായ വെസ്റ്റിൻഡീസ് സ്കോട്ട്ലൻഡിനെയും നിലവിലെ ജേതാവ് ഇന്ത്യ യുഎസ്എയെയും നേരിടും.

മേൽക്കൈ ഇന്ത്യയ്ക്ക്

ഇന്ത്യ ലോക കിരീടം നിലനിർത്തുമോയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ബാറ്റിങ് ലൈനപ്പിലെ വമ്പൻമാരുടെ ഫോമാണ് ഇന്ത്യയുടെ സാധ്യതകൾ വർധിപ്പിക്കുന്നത്. ഓപ്പണർ അഭിഷേക് ശർമ, ഇഷാൻ കിഷൻ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർ അപാര ഫോമിലാണ്. തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ് എന്നീ പവർ ഹിറ്റർമാരും ഇന്ത്യൻ ബാറ്റിങ്ങിന്‍റെ ആഴം അടിവരയിടുന്നു.

സ്റ്റാർ പേസർ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യൻ ബൗളിങ്ങിനെ നയിക്കുക. യുവ പേസർ അർഷ്ദീപ് സിങ്, സ്പിന്നർമാരായ വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരുടെ പ്രകടനവും ഇന്ത്യയുടെ വിധി നിർണയിക്കും.

ഫോം നഷ്ടമായ മലയാളി ബാറ്റർ സഞ്ജു സാംസനു പകരം ഇഷാൻ കിഷന് ഒന്നാം വിക്കറ്റ് കീപ്പർ സ്ഥാനം ലഭിക്കാനാണ് സാധ്യത. ന്യൂസിലൻഡിനെ 4-1ന് തകർത്തതിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്.

ഓസീസ് വെല്ലുവിളി

ഐസിസി ടൂർണമെന്‍റുകളിൽ എക്കാലത്തും മികച്ച റെക്കോഡ് കാത്തുസൂക്ഷിക്കുന്ന ഓസ്ട്രേലിയ ഏതു ടീമിനും വെല്ലുവിളി സൃഷ്ടിക്കും. ട്രാവിസ് ഹെഡും ക്യാപ്റ്റൻ മിച്ചൽ മാർഷും ഗ്ലെൻ മാക്സ്‌വെലും മാർക്ക് സ്റ്റോയ്നിസും ടിം ഡേവിഡും ജോഷ് ഇംഗ്ലിസും ഉൾപ്പെട്ട ഓസീസ് ബാറ്റിങ് ലൈനപ്പ് കരുത്തുറ്റതാണ്.

പക്ഷേ, ഓസീസ് ബൗളിങ് നിരയ്ക്ക് കരുത്തു പോര. സ്റ്റാർ പേസർമാരായ പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും പരുക്കേറ്റ് പുറത്തുപോയത് അവർക്ക് തിരിച്ചടിയാണ്. ബെൻ ഡ്വാർഷൂയിസ്, സേവ്യർ ബാർട്ട്‌ലെറ്റ്, നതാൻ എല്ലിസ് എന്നിവരാണ് കംഗാരുക്കളുടെ പേസ് ത്രയത്തിലുള്ളത്. സ്പിന്നർമാരായ ആദം സാംപയെയും മാത്യു കുൻമാനെയും എന്നിവരെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിജയങ്ങൾക്കായി ഓസ്ട്രേലിയ ഏറെ ആശ്രയിക്കും.

കണക്കുതീർക്കാൻ ദക്ഷിണാഫ്രിക്ക

കഴിഞ്ഞ തവണ ഫൈനലിൽ ഇന്ത്യയ്ക്ക് മുന്നിൽ കൈവിട്ട കിരീടം ഇക്കുറിയെങ്കിലും കൈപ്പിടിയിലാക്കാൻ മോഹിക്കുന്ന ദക്ഷിണാഫ്രിക്കയും സെമി ഫൈനലിൽ കടക്കാൻ ഏറെ സാധ്യതയുള്ള ടീമാണ്. കാഗിസോ റബാഡ, ആൻറിച്ച് നോർക്കിയ, മാർക്കോ യാൻസൻ, കേശവ് മഹരാജ് എന്നിവരടങ്ങിയ ബൗളിങ് നിരയാണ് അവരുടെ യഥാർഥ ശക്തി.

ക്വിന്‍റൺ ഡി കോക്ക്, ക്യാപ്റ്റൻ എയ്ദൻ മാർക്രം, ഡേവിഡ് മില്ലർ, റ്യാൻ റിക്കെൽട്ടൺ, ട്രിസ്റ്റൺ സ്റ്റബ്സ് തുടങ്ങിയവർ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരിലെ അപകടകാരികളാണ്. ട്വന്‍റി20ക്ക് ആവശ്യമായ ചേരുവകൾ അടങ്ങിയ ന്യൂസിലൻഡ്, വെസ്റ്റിൻഡീസ് ടീമുകളെയും എഴുതിത്തള്ളാനാവില്ല.

ഹൈടെക്ക് ക്ലാഷിലെ കരിനിഴൽ

ക്രിക്കറ്റ് ആരാധകരുടെ ഹരമായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ട്വന്‍റി20 ലോകകപ്പിന് നഷ്ടമാകുമോയെന്നതാണ് പ്രധാന ആശങ്ക. ലോകകപ്പിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയുമായുള്ള ഗ്രൂപ്പ് മത്സരം ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ.

ടൂർണമെന്‍റിന്‍റെ പിന്നീടുള്ള ഘട്ടത്തിൽ ഇന്ത്യയുമായി മത്സരിക്കേണ്ടിവന്നാൽ എന്തു ചെയ്യണമെന്ന് സർക്കാരും പിസിബിയും (പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്) തീരുമാനിക്കുമെന്നാണ് പാക് നായകൻ സൽമാൻ അലി ആഗ പറയുന്നത്. നിശ്ചിത ഓവർ ക്രിക്കറ്റിലെ അപകടകാരികളായ ബംഗ്ലാദേശിന്‍റെ അഭാവവും ടൂർണമെന്‍റിന്‍റെ ശോഭയ്ക്ക് മങ്ങലേൽപ്പിക്കും.

സ്കോട്ട്ലൻഡാണ് ബംഗ്ലാദേശിന്‍റെ‌ പകരക്കാർ. ഇറ്റലി ലോകകപ്പിൽ അരങ്ങേറുമ്പോൾ ഒരു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ക്യാനഡയും ഇക്കുറി കളിക്കാനെത്തുന്നു.

ഇന്ത്യയുടെ മത്സരങ്ങൾ

  • ഫെബ്രുവരി 7: vs യുഎസ്എ, രാത്രി 7.00, മുംബൈ

  • ഫെബ്രുവരി 12: vs നമീബിയ, രാത്രി 7.00, ഡൽഹി

  • ഫെബ്രുവരി 15 vs പാക്കിസ്ഥാൻ, രാത്രി 7.00, കൊളംബോ

  • ഫെബ്രുവരി 18 vs നെതർലൻഡ്സ്, രാത്രി 7.00, അഹമ്മദാബാദ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com