ടി20 ലോകകപ്പ് ഇന്ത്യക്കു തന്നെ; ഹീറോ സഞ്ജു തന്നെ

ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. സഞ്ജു സാംസൺ ടോപ് സ്കോറർ. ന്യൂസിലൻഡ് 159 ഓൾ‍ഔട്ട്
India wins ICC men's T20 cricket World Cup

ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ട്രോഫിയുമായി.

Updated on

അഹമ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് ഇന്ത്യ നിലനിർത്തി. ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിനു കീഴടക്കി ആധികാരികമായാണ് മൂന്നാം കിരീടധാരണം. 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇതോടെ, ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി.

മലയാളി ഓപ്പണർ സഞ്ജു സാംസൺ 46 പന്തിൽ 89 റൺസുമായി ഫൈനലിൽ ടോപ് സ്കോററായി. ടൂർണമെന്‍റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് (321) എടുത്ത സഞ്ജു തന്നെ പ്ലെയർ ഓഫ് ദ ടൂർണമെന്‍റ്. ഫൈനലിൽ സഞ്ജുവിനെ കൂടാതെ ഓപ്പണർ അഭിഷേക് ശർമയും (21 പന്തിൽ 52) വൺഡൗൺ ബാറ്റർ ഇഷാൻ കിഷനും (25 പന്തിൽ 54) അർധ സെഞ്ചുറി നേടി. അക്ഷർ പട്ടേലിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനവും ജസ്പ്രീത് ബുംറയുടെ നാല് വിക്കറ്റ് പ്രകടനവും ഇന്ത്യൻ ജയം എളുപ്പമാക്കി. ബുംറയാണ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച്.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് ആദ്യ പ്രഹരം ഏൽപ്പിച്ചത് അക്ഷർ പട്ടേലാണ്. അപകടകാരിയായ ഫിൻ അലൻ (9) മൂന്നാം ഓവറിൽ തിലക് വർമയുടെ കൈയിലെത്തി. പിന്നാലെ ജസ്പ്രീത് ബുംറയുടെ ആദ്യ പന്തിൽ രചിൻ രവീന്ദ്രയും (1), ശേഷം അക്ഷറിന്‍റെ തന്നെ പന്തിൽ ഗ്ലെൻ ഫിലിപ്പ്സും (5) പുറത്തായതോടെ ഇന്ത്യ വിജയം മണത്തു തുടങ്ങി.

T20 World Cup final India vs New Zealand

ടി20 ലോകകപ്പ് ഇന്ത്യ നിലനിർത്തി.

ബാറ്റിങ്ങിൽ പരാജയമാകുകയും ആദ്യ ഓവറിൽ കണക്കിന് അടിവാങ്ങുകയും ചെയ്ത ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് പിന്നെ കണ്ടത്. മാർക്ക് ചാപ്മാൻ (3) പ്ലെയ്ഡ് ഓൺ. എട്ടോവർ കഴിഞ്ഞപ്പോഴേക്കും ന്യൂസിലൻഡിന് അഞ്ചാം വിക്കറ്റും നഷ്ടമായി. 26 പന്തിൽ നിന്ന് 52 റൺസെടുത്ത സീഫർട്ടിന്‍റെ രൂപത്തിൽ കിവീസിന്‍റെ അവസാനത്തെ ചിറകടിയും നിലയ്ക്കുകയായിരുന്നു. വരുൺ ചക്രവർത്തിയുടെ പന്തിൽ ഇഷാൻ കിഷന്‍റെ ക്യാച്ചിലാണ് സീഫർട്ട് മടങ്ങിയത്.

തുടർന്നങ്ങോട്ട് എല്ലാം ചടങ്ങ് മാത്രം. ഡാരിൽ മിച്ചലിന്‍റെ രൂപത്തിൽ (17) അക്ഷറിനു മൂന്നാം വിക്കറ്റ്. ബുംറയുടെ മൂന്നാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ ജെയിംസ് നിഷാമും (8) മാറ്റ് ഹെൻറിയും (0) വീണു. തന്‍റെ അവസാന ഓവറിൽ ബുംറ നാലാം വിക്കറ്റും സ്വന്തമാക്കി, ടൂർണമെന്‍റിൽ വരുൺ ചക്രവർത്തിക്കൊപ്പം ടോപ് വിക്കറ്റ് ടേക്കർ സ്ഥാനം പങ്കുവച്ചു. ഇരുവർക്കും 14 വിക്കറ്റ് വീതം.

43 റൺസടിച്ച മിച്ചൽ സാന്‍റ്നറുടെ ചെറുത്തുനിൽപ്പ് ഫലം ചെയ്തില്ല. ജയമുറപ്പിച്ച ശേഷം പന്തു കിട്ടിയ അഭിഷേക് ശർമ ജേക്കബ് ഡഫിയെ പുറത്താക്കി ഇന്ത്യൻ വിജയം പൂർത്തിയാക്കുകയും ചെയ്തു.

T20 World Cup final India vs New Zealand

ടി20 ലോകകപ്പ് ഫൈനലിൽ അക്ഷർ പട്ടേൽ നിർണായക പ്രകടനം പുറത്തെടുത്തു.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 255 റൺസെ‌ടുത്തത്. 46 പന്തിൽ 89 റൺസെടുത്ത മലയാളി ഓപ്പണർ സഞ്ജു സാംസൺ ഒരിക്കൽക്കൂടി ആരാധകരുടെ പ്രതീക്ഷ കാത്തു. ആറോവർ പവർപ്ലേ പൂർത്തിയാകുമ്പോൾ തന്നെ ഇന്ത്യൻ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസിലെത്തിയിരുന്നു. 10 ഓവറിൽ 127 റൺസിലെത്തിയ ഇന്ത്യ, 15 ഓവറിൽ 200 റൺസും പിന്നിട്ടു. 7.1 ഓവറിൽ ടീം സ്കോർ 98 റൺസിൽ എത്തിയപ്പോഴാണ് ഓപ്പണിങ് സഖ്യം പൊളിഞ്ഞത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ ഇതിനു മുൻപുള്ള ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് 48 റൺസിന്‍റേതായിരുന്നു.

അഭിഷേക് ശർമ 18 പന്തിൽ അർധ സെഞ്ചുറിയും തികച്ചു. ഈ ടൂർണമെന്‍റിലെ വേഗമേറിയ അർധ സെഞ്ചുറിയാണിത്. ആകെ 21 പന്തിൽ 52 റൺസെടുത്താണ് അഭിഷേക് പുറത്തായത്. ആറ് ഫോറും മൂന്നു സിക്സും ഉൾപ്പെട്ടതായിരുന്നു വെടിക്കെട്ട് ഇന്നിങ്സ്.

ഇഷാൻ കിഷൻ വന്ന് അടി തുടങ്ങിയതിനു പിന്നാലെ സഞ്ജു സാംസൺ 33 പന്തിൽ തന്‍റെ തുടർച്ചയായ മൂന്നാം അർധ സെഞ്ചുറിയും തികച്ചു. 46 പന്തിൽ 89 റൺസെടുത്ത് സഞ്ജു മടങ്ങുമ്പോൾ ഇന്ത്യ 203 റൺസിലെത്തിക്കഴിഞ്ഞിരുന്നു. അഞ്ച് ഫോറും എട്ട് സിക്സും ഉൾപ്പെട്ടതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്.

സഞ്ജുവിനു പിന്നാലെ, 23 പന്തിൽ അർധ സെഞ്ചുറി തികച്ച കിഷൻ അതേ ഓവറിൽ തന്നെ പുറത്തായി. 25 പന്തിൽ നാല് വീതം ഫോറും സിക്സും സഹിതം 55 റൺസാണെടുത്തത്. ജയിംസ് നീഷം എറിഞ്ഞ ഇതേ ഓവറിലെ തൊട്ടടുത്ത പന്തിൽ സൂര്യകുമാർ (0) യാദവും മടങ്ങിയതോടെ ഇന്ത്യൻ റൺ റേറ്റിന് ബ്രേക്ക് വീണു.

T20 World Cup final India vs New Zealand

സഞ്ജു സാംസൺ, അഭിഷേക് ശർമ - 98 റൺസ് ഓപ്പണിങ് സഖ്യത്തിനിടെ.

സൂര്യക്കു മുൻപേ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യക്കും (13 പന്തിൽ 18) കാര്യമായൊന്നും ചെയ്യാനായില്ല. എന്നാൽ, വെറും എട്ട് പന്തിൽ 26 റൺസെടുത്ത് പുറത്താകാതെ നിന്ന ശിവം ദുബെ ഇന്ത്യൻ സ്കോർ 250 കടത്തി. ജയിംസ് നീഷാം എറിഞ്ഞ അവസാന ഓവറിൽ 24 റൺസാണ് ദുബെ അടിച്ചെടുത്തത്. തിലക് വർമ 6 പന്തിൽ 8 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ നാല് ഓവറിൽ തന്നെ ഇന്ത്യൻ സ്കോർ 50 റൺസ് മറികടന്നു. സഞ്ജുവും അഭിഷേകും നിയന്ത്രണത്തോടെയാണ് തുടക്കത്തിൽ കളിച്ചതെങ്കിലും, 24 റൺസ് പിറന്ന ലോക്കി ഫെർഗൂസന്‍റെ ഓവറിൽ കളി മാറി. ജേക്കബ് ഡഫി എറിഞ്ഞ ആറാം ഓവറിൽ 20 റൺസും വീണു.

ടോസ് നേടിയ കിവി ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നേടിയാൽ ബാറ്റ് ചെയ്യാനായിരുന്നു തീരുമാനമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും വ്യക്തമാക്കി.

T20 World Cup final India vs New Zealand

ഐസിസി മെൻസ് ടി20 ക്രിക്കറ്റ് ലോകകപ്പ് ട്രോഫിക്കടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച പ്ലെയിങ് ഇലവനിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. അതേസമയം, ന്യൂസിലൻഡ് സെമിയിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ടീമിൽ ഒരു മാറ്റം വരുത്തി. ഓഫ് സ്പിന്നർ കോൾ മക്കോഞ്ചിക്കു പകരം പേസ് ബൗളർ ജേക്കബ് ഡഫിയെ ഉൾപ്പെടുത്തി.

ടീമുകൾ

ഇന്ത്യ - സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

ന്യൂസിലൻഡ് - ടിം സെഫർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്‍റ്നർ (ക്യാപ്റ്റൻ), ജയിംസ് നീഷം, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ, ജേക്കബ് ഡഫി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com