

ലയണൽ മെസിയും ലയണൽ സ്കലോണിയും.
File photo
ന്യൂയോര്‍ക്ക്: ഈ വർഷം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ അർജന്‍റീന പോരിനിറങ്ങുമ്പോൾ നയിക്കാൻ ലയണൽ മെസിയുണ്ടാകുമോ? ഫാൻസും ഹേറ്റേഴ്സും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇക്കാര്യത്തിൽ ഒരു അവസാന തീരുമാനമറിയാൻ. അടുത്തിടെ അര്‍ജന്‍റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി മെസിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഈ ചര്‍ച്ചകൾ വീണ്ടും സജീവമായത്.
മെസിയുടെ അവധിക്കാല വസതിയായ ഫ്യൂണസിന് അടുത്തുള്ള റൊസാരിയോയില്‍ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. എന്നാൽ, ഇതെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഇരുവരും തയാറായില്ല. "ഞങ്ങള്‍ അടുത്തടുത്ത സ്ഥലങ്ങളില്‍ ഉണ്ടായിരുന്നതുകൊണ്ട് നേരില്‍ കണ്ടു, ഒരുമിച്ച് ഓരോ കോഫി കുടിച്ചു'', സ്‌കലോണി പറഞ്ഞു. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു ഇതെന്നാണ് അദ്ദേഹം പറയുന്നത്.
2026 ലോകകപ്പിനെക്കുറിച്ച് തങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിട്ടേയില്ലെന്നും സ്‌കലോണി. ശരിയായ തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ നമ്മള്‍ സ്വതന്ത്രനായി വിടണമെന്നും സ്‌കലോണി പറഞ്ഞു. ബാഹ്യമായ സമ്മദങ്ങളില്ലാതെ മെസി തന്നെ തന്‍റെ ഭാവി തീരുമാനിക്കട്ടെ എന്നതാണ് കോച്ചിന്‍റെ നിലപാട്. അതേസമയം മെസി എന്ത് തീരുമാനമെടുത്താലും അതനുസരിച്ച് ടീമിനെ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പറയുന്നത് ഇങ്ങനെയൊക്കെയാണെങ്കിലും, മെസി കളിച്ചേക്കുമെന്ന പരോക്ഷ സൂചനയാണ് സ്‌കലോണിയുടെ വാക്കുകളിൽനിന്ന് അർജന്‍റീന ആരാധകർ വായിച്ചെടുക്കുന്നത്. "അദ്ദേഹം എപ്പോഴും കളിക്കാന്‍ ആഗ്രഹിക്കുന്നു. മെസിക്ക് എപ്പോഴും കളിക്കളത്തില്‍ ഉണ്ടാകാനാണ് ആഗ്രഹം. വിശ്രമിക്കാന്‍ ആഗ്രഹിക്കാത്ത ആ സ്വഭാവം ടീമിലെ മറ്റ് കളിക്കാര്‍ക്ക് വലിയ മാതൃകയാണ്'', സ്കലോണി ചൂണ്ടിക്കാട്ടി. ലോകകപ്പിന് ഇനിയും സമയമുണ്ടെന്നും അതിനാല്‍ തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കരുതെന്നും മെസിയോട് പറഞ്ഞിട്ടുള്ളതായും പരിശീലകന്‍ വ്യക്തമാക്കി.
നിലവില്‍ ഇന്‍റര്‍ മയാമിക്ക് വേണ്ടി കളിക്കുന്ന മെസി, അര്‍ജന്‍റീനയ്ക്കായി വീണ്ടും ലോകകപ്പ് കളിക്കാനിറങ്ങുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. പന്ത് ഇപ്പോള്‍ മെസിയുടെ കോര്‍ട്ടിലാണെന്നാണ് സ്‌കലോണിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.