
#പീറ്റർ ജയിംസ്
ടീം ഇന്ത്യക്ക് ലോക കിരീടത്തിലേക്ക് ഇനി ഒരു വിജയത്തിന്റെ ദൂരം മാത്രം. പിന്നിട്ട വഴികളിൽ മുന്നിൽ നിന്നു നയിച്ചവരെ നമ്മൾ കണ്ടുകഴിഞ്ഞു. അണിയറയിൽ അവർക്ക് കരുത്ത് പകർന്ന് മറ്റൊരു കൂട്ടം ആളുകളുണ്ട്, ഈ ടീമിൽ അവരും താരങ്ങളാണ്.
അഹമ്മദാബാദിൽ നാളെ ഓസ്ട്രേലിയയെ ഫൈനലിൽ നേരിടാൻ തയാറെടുക്കുന്ന ടീം ഇന്ത്യയുടെ പരിശീലക സംഘത്തെ പരിചയപ്പെടാം:
ഹെഡ് കോച്ച്: രാഹുൽ ദ്രാവിഡ്
കഴിഞ്ഞ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടാതെ വന്നതോടെയാണ് രവി ശാസ്ത്രിക്കു പകരം രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായി നിയമിതനാകുന്നത്. സ്ഥാനമേറ്റതിനു പിന്നാലെ ഉണ്ടായ തുടർ തോൽവികൾ അദ്ദേഹത്തിന്റെ കടുത്ത ആരാധകരെപ്പോലും അകറ്റി. എന്നാൽ, അതൊന്നും ഗൗനിക്കാതെ ടീമിനെ ഉടച്ചുവാർക്കുന്നതിലായിരുന്നു ദ്രാവിഡിന്റെ ശ്രദ്ധ. വിജയം മാത്രം ലക്ഷ്യമാക്കുന്ന, ഇതുവരെ കാണാത്ത കില്ലർ ഇൻസ്റ്റിങ്റ്റുള്ള ടീമാക്കി വളർത്തി.
2007 ൽ എല്ലാം നഷ്ടപ്പെട്ട ലോകകപ്പ് നായകൻ 2018ലെ അണ്ടർ-19 ലോകകപ്പ് വിജയത്തിലേക്ക് കൗമാര താരങ്ങളെ നയിച്ച പരിശീലകനായി. പക്ഷേ, യഥാർഥ ചക്ക് ദേ മൊമന്റ് സംഭവിക്കണമെങ്കിൽ അദ്ദേഹത്തിന്റെ ടീം ഈ ലോക കിരീടം തന്നെ നേടണം.
ബാറ്റിങ് കോച്ച്: വിക്രം റാത്തോഡ്
2019ലെ ഏകദിന ലോകകപ്പിന ശേഷമാണ് സഞ്ജയ് ബംഗാറിനു പകരം വിക്രം റാത്തോഡ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനാകുന്നത്. അന്താരാഷ്ട്ര മത്സര പരിചയം തീരെ കുറവെങ്കിലും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ എന്ന നിലയിൽ 33 സെഞ്ചുറികൾ ഉൾപ്പെടെ 11000 റൺസിലധികം നേടിയ ഓപ്പണറായിരുന്നു. ആറ് ടെസ്റ്റ് മത്സരങ്ങൾ. പത്ത് ഇന്നിങ്സുകളിൽ നിന്ന് 34.20 ശരാശരിയിൽ 131 റൺസ് മാത്രം. ഏഴ് ഏകദിനങ്ങൾ കളിച്ചപ്പോൾ 27 റൺസ് ശരാശരിയിൽ 193 റൺസും.
കണക്ക് നോക്കിയാൽ പരാജയപ്പെട്ട ക്രിക്കറ്ററെന്ന് പെട്ടെന്നൊരു നിഗമനത്തിലെത്താം. പക്ഷേ, തനിക്കു സാധിക്കാതിരുന്നത് ഇന്ത്യൻ ടീമിൽ ശുഭ്മാൻ ഗില്ലിനെക്കൊണ്ടും ശ്രേയസ് അയ്യരെക്കൊണ്ടും സൂര്യകുമാർ യാദവിനെക്കൊണ്ടുമെല്ലാം സാധിച്ചെടുക്കുന്നുണ്ട് റാത്തോഡ്. രോഹിത് ശർമയുടെ ബാറ്റിങ് ശൈലിയിൽ ടീം പ്ലാൻ അനുസരിച്ചു വരുത്തിയ മാറ്റത്തിനും, വിരാട് കോലിയെ ഫോമിലേക്ക് തിരിച്ചുകൊണ്ടുവന്നതിനുമെല്ലാം പിന്നിൽ റാത്തോഡിന്റെ കൂടി അധ്വാനമുണ്ട്.
ബൗളിങ് കോച്ച്: പരസ് മാംബ്രെ
മനോജ് പ്രഭാകർക്കു ശേഷം ഒരു സ്വിങ് ബൗളറെ തേടിക്കൊണ്ടിരുന്ന ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു ഒരു കാലത്ത് പരസ് മാംബ്രെ. ബനാനാ സ്വിങ് എന്നു വിളിക്കാവുന്ന രീതിയിൽ പന്ത് സ്വിങ് ചെയ്യിക്കാൻ കഴിഞ്ഞിരുന്ന മാംബ്രെയുടെ അന്താരാഷ്ട്ര കരിയർ, വേഗക്കുറവും നിയന്ത്രണമില്ലായ്മയും കാരണം അൽപ്പായുസ്സായി. പക്ഷേ, മാംബ്രെയുടെ കാലം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അണ്ടർ 19 ലോകകപ്പ് നേടിയ ടീമിന്റെയും ഇന്ത്യ എ ടീമിന്റെയും പരിശീലകസംഘത്തിൽ രാഹുൽ ദ്രാവിഡിനൊപ്പം മാംബ്രെയും ഉണ്ടായിരുന്നു.
ഇന്ന് ജസ്പ്രീതം ബുംറയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഉൾപ്പെട്ട ഇന്ത്യൻ പേസ് ബാറ്ററി ലോകോത്തരമെന്നു വിശേഷിപ്പിക്കപ്പെടുമ്പോൾ, അതിനു പിന്നിൽ മാംബ്രെയുടെ ടെക്നിക്കുകളുമുണ്ട്. ഇവരെക്കൂടാതെ, ശാർദൂൽ ഠാക്കൂറും പ്രസിദ്ധ് കൃഷ്ണയും ആവേശ് ഖാനുമെല്ലാം മാംബ്രെയുടെ കളരിയിൽ പഠിച്ചവരാണ്. അദ്ദേഹത്തിന്റെ ശിഷ്യൻമാർ ലോകകപ്പിൽ ഇതുവരെ കളിച്ച പത്ത് മത്സരങ്ങളിൽ എട്ടിലും എതിരാളികളെ ഓൾഔട്ടാക്കിക്കഴിഞ്ഞു. സ്പിന്നിന്റെ അക്ഷയഖനിയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് ഇത്രയധികം ഫാസ്റ്റ് ബൗളർമാരെ ലോക നിലവാരത്തിലേക്കുയർത്തി പരിശീലകനാണ് മാംബ്രെ.
ഫീൽഡിങ് കോച്ച്: ടി. ദിലീപ്
കളിക്കുന്ന കാലത്ത് ദിലീപ് ഓൾറൗണ്ടറായിരുന്നു. ചിയർഫുൾ ക്ലബ്, ന്യൂ ബ്ലൂസ്, ഡെക്കാൻ ചാർജേഴ്സ് എന്നിവയിൽ അംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും, ഹൈദരാബാദ് ടീമിന്റെയും ഇന്ത്യ എ ടീമിന്റെയും പരിശീലകസംഘത്തിലുണ്ടായിരുന്നു. 2018 മുതൽ രാഹുൽ ദ്രാവിഡിന്റെ ട്രസ്റ്റഡ് ലെഫ്റ്റനന്റ്. 2021ൽ തന്റെ നാട്ടുകാരനായ ആർ. ശ്രീധറിന്റെ പിൻഗാമിയായി ദിലീപ് ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് കോച്ചായി. ഫീൽഡിലെ ടീമിന്റെ മികച്ച നിലവാരത്തിനു പിന്നിലും, ലോകകപ്പ് മത്സരശേഷം മികച്ച ഫീൽഡർക്ക് നൽകുന്ന മെഡലും അത് കൊടുക്കുന്ന സർപ്രൈസ് രീതികളുമെല്ലാം ദിലീപിനെ ഇതിനകം സോഷ്യൽ മീഡിയയിൽ താരമാക്കിക്കഴിഞ്ഞു.
ഫിസിയോ: നിതിൻ പാട്ടീൽ
ഒരു ദശാബ്ദത്തിലേറെയായി നിതിൻ പാട്ടീലിന് ഇന്ത്യൻ ടീമുമായി അടുത്ത ബന്ധമുണ്ട്. 2007ലും 2015 ലോകകപ്പിലും ഇന്ത്യൻ ടീമിനൊപ്പമായിരുന്ന അദ്ദേഹം പിന്നീട് മുംബൈ ഇന്ത്യൻസിൽ ഫിസിയോ ആയി ചേർന്നു. ഇംഗ്ലണ്ടിൽ നടന്ന ഐസിസി ലോകകപ്പിന് ശേഷം 2019ൽ പാട്രിക് ഫർഹാർട്ട് പോയതിന് ശേഷമാണ് വീണ്ടും ടീമിനൊപ്പം ചേരുന്നത്.
സ്ട്രെങ്തനിങ് ആൻഡ് കണ്ടീഷനിങ് കോച്ച്: സൗഹും ദേശായി
ഏറെക്കാലമായി ഇന്ത്യൻ ടീമിന്റെ ഭാഗമാണ് ദേശായി. 2019 ലോകകപ്പ് വരെ അദ്ദേഹം നിക്ക് വെബ്ബിനെ സഹായിച്ചു. വെബ് സ്ഥാനമൊഴിഞ്ഞതിന് ശേഷം സ്വതന്ത്ര ചുമതല ഏറ്റെടുത്തു. മുമ്പ് ദേശീയ ക്രിക്കറ്റ് അക്കാഡമിയിലും പ്രവർത്തിച്ചിട്ടുണ്ട്. ഓരോ ഗെയിമിനു ശേഷവും കളിക്കാരെ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുകയും അവർ അടുത്ത ഗെയിമുകൾക്കുള്ള ശാരീരികക്ഷമതയും ആരോഗ്യകരമായ ഭക്ഷണക്രമവും ഉറപ്പാക്കുകയും ചെയ്യുന്നു.
മെന്റൽ കണ്ടീഷനിങ് കോച്ച്: പാഡി അപ്റ്റൺ
ഇന്ത്യൻ ഡ്രസിങ് റൂമിൽ പുതുമുഖമല്ല പാഡി. 2011ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോഴും മെന്റൽ കണ്ടീഷനിങ് കോച്ചായി അദ്ദേഹം കൂടെയുണ്ട്. സമ്മർദ ഘട്ടങ്ങളിൽ കാലിടറുന്ന പതിവിൽ നിന്ന് ടീമിനെ കരകയറ്റുന്നതിൽ പാഡി വഹിച്ച പങ്ക് വലുതാണ്. സമ്മർദ്ദ സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രത്യേക പരിശീലനമുറകൾ അദ്ദേഹം നടപ്പാക്കിവരുന്നു.
ത്രോഡൗൺ സ്പെഷ്യലിസ്റ്റ്: എസ്. രഘു
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ട് ക്രൂവിലെ ഒരു പ്രധാന ഭാഗമാണ് രാഘവേന്ദ്ര എന്ന രഘു. 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന ബൗളർമാർ ഇന്ത്യയിൽ കുറവുള്ള സാഹചര്യത്തിലാണ് അത്രയും വേഗത്തിൽ ത്രോഡൗൺ ചെയ്യാൻ സാധിക്കുന്ന സ്പെഷ്യലിസ്റ്റുമാരുടെ പ്രാധാന്യം വർധിക്കുന്നത്. ഇന്ത്യൻ ടീമിലെ ഏക 'വിദേശ പേസർ' എന്ന് എം.എസ്. ധോണി അദ്ദേഹത്തെ വിശേഷിപ്പിച്ചത് വെറുതെയയായിരുന്നില്ല. തന്റെ ബാറ്റിങ് സാങ്കേതിക പിഴവ് പരിഹരിക്കുന്നതിൽ രഘു വഹിച്ച പങ്കിനെ വിരാട് കോലി പരസ്യമായി അഭിനന്ദിച്ചിരുന്നു. വിദേശ പിച്ചുകളിൽ മികവ് പ്രകടിപ്പിക്കാൻ കഴിയുന്ന ബാറ്റിങ് യൂണിറ്റായി ടീം ഇന്ത്യയെ പരുവപ്പെടുത്തിയതിൽ രഘുവിന്റെ പങ്കും നിർണായകം.