ഇന്ത്യ അണ്ടർ-19 ടീമിൽനിന്ന് തഴഞ്ഞു, പിന്നാലെ യുവരാജിന്‍റെ റെക്കോഡ് തകർത്ത് കർണാടക താരം

കർണാടക താരത്തിന്‍റെ നേട്ടം ഇന്ത്യ അണ്ടർ-19 ടീമിൽനിന്നു തഴയപ്പെട്ടതിനു പിന്നാലെ
ഇന്ത്യ അണ്ടർ-19 ടീമിൽനിന്ന് തഴഞ്ഞു, പിന്നാലെ യുവരാജിന്‍റെ റെക്കോഡ് തകർത്ത് കർണാടക താരം

ശിവമൊഗ്ഗ: വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ ഓർമിപ്പിച്ച ഇന്നിങ്സിലൂടെ പ്രഖാർ ചതുർവേദി 400 കടന്നപ്പോൾ ഒന്നാം ഇന്നിങ്സ് ലീഡിലൂടെ കൂച്ച്ബിഹാർ ട്രോഫി കർണാടക സ്വന്തമാക്കി. 638 പന്തിൽ നിന്ന് 46 ബൗണ്ടറികളും മൂന്നു സിക്സറുകളമടക്കം പുറത്താകാതെ 404 റൺസാണ് ഫൈനലിൽ മുംബൈയ്ക്കെതിരേ പ്രഭാകർ നേടിയത്. മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡിന്‍റെ മകൻ സമിത്ത് കർണാടകയ്ക്കുവേണ്ടി രണ്ടു വിക്കറ്റുകളും വീഴ്ത്തി.

ഒന്നാമിന്നിങ്സിൽ 380 റൺസ് നേടിയ മുംബൈക്കെതിരേ പ്രഭാകറിന്‍റെ ഉജ്വല പ്രകടനത്തിന്‍റെ പിൻബലത്തിൽ കർണാടക എട്ടു വിക്കറ്റ് നഷ്ടത്തിൽ 890 റൺസാണു കുറിച്ചത്. ഒന്നാം ഇന്നിങ്സ് ലീഡിലൂടെ കിരീടവും ആതിഥേയർ നേടി.

ശിവമൊഗ്ഗയിലെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വിസ്മയിപ്പിക്കുന്ന ബാറ്റിങ് വിരുന്നാണ് പ്രഖാർ ചതുർവേദി ഒരുക്കിയത്. രാജ്യത്തെ പ്രമുഖമായ ചതുർദിന അണ്ടർ 19 മത്സരത്തിൽ ഇതാദ്യമാണ് ഒരു താരം 400 കടക്കുന്നത്. മുൻ ഇന്ത്യൻ താരം യുവരാജ് സിങ് 1999ൽ പഞ്ചാബിനെതിരേ നേടിയ 358 റൺസ് ആയിരുന്നു ഇതേവരെയുള്ള മികച്ച സ്കോർ.

അണ്ടർ-19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടാതിരുന്ന പ്രഖാറിന് വൈകാതെ കർണാടകയുടെ രഞ്ജി ട്രോഫി ടീമിലേക്ക് വിളി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നിങ്സ് ഓപ്പൺ ചെയ്ത് തുടർച്ചയായി രണ്ടു ദിവസം 100 ഓവറിലേറെ ബാറ്റ് ചെയ്ത പ്രഖാർ നീണ്ട ഇന്നിങ്സ് കളിക്കാനുള്ള ശേഷി തനിക്കുണ്ടെന്നു തെളിയിച്ചു. മുംബൈയുടെ ആകെ സ്കോറിനെക്കാൾ 24 റൺസ് അധികമാണ് പ്രഖാറിന്‍റെ വ്യക്തിഗത സ്കോർ.

169 റൺസെടുത്ത ഹരിശീൽ ധർ‌മാനിയും 72 റൺസെടുത്ത കെ.പി. കാർത്തികേയയും പ്രഖാറിന് ഉറച്ച പിന്തുണ നൽകി. ദ്രാവിഡിന്‍റെ മകൻ സമിത്ത് 46 പന്തിൽ 22 റൺസെടുത്തു.

മുംബൈക്കു വേണ്ടി പ്രേംദിവാകർ 30 ഓവറിൽ 136 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മുംബൈയുടെ ആകാശ് പവാറും മന്നൻ ഭട്ടും യഥാക്രമം 45, 47 ഓവറുകൾ വീതമണ് ബൗൾ ചെയ്തത്. ആയുഷ് മാത്രെയുടെ സെഞ്ചുറി (145)യായിരുന്നു മുംബൈ ഇന്നിങ്സിന്‍റെ അടിത്തറ. ടോസ് ജയിച്ച കർണാടക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കൂച്ച് ബിഹാർ മഹാരാജാവിന്‍റെ ഓർമയ്ക്കായി തുടങ്ങിയ ടൂർണമെന്‍റ് ഇന്ത്യയുടെ ആഭ്യന്തരക്രിക്കറ്റിന്‍റെ അടിത്തറയായാണു വിലയിരുത്തപ്പെടുന്നത്. 1945-46ൽ തുടങ്ങിയ ടൂർണമെന്‍റ് 1986-87 വരെ സ്കൂൾ തല മത്സരമായിരുന്നു. പിന്നീടിത് അണ്ടർ 19 തലത്തിലേക്ക് ഉയർത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com