
ലോർഡ്സിന്‍റെ ബാൽക്കണിയിൽ ദക്ഷിണാഫ്രിക്കയുടെ വിജയം ആഘോഷിക്കുന്ന ക്യാപ്റ്റൻ ടെംബ ബവുമ
വി.കെ. സഞ്ജു
2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്ന കാലം. ടെംബ ബവുമ എന്ന ലോ പ്രൊഫൈൽ ക്രിക്കറ്റർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയമായത് അന്നായിരിക്കണം. ദക്ഷിണാഫ്രിക്കൻ ടീമിലെ ഫാസ്റ്റ് ബൗളർമാരുമായി അയാളുടെ ഉയരം താരതമ്യം ചെയ്തും, ഉറങ്ങുന്നതിന്‍റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുമെല്ലാം പരിഹാസങ്ങളുടെ പെരുമഴ പെയ്യിക്കുകയായിരുന്നു ക്രിക്കറ്റ് ട്രോളൻമാർ. സംവരണത്തിലൂടെ വരുന്നവർ പൊതുവേ മെറിറ്റ് ഇല്ലാത്തവരാണെന്നു സ്ഥാപിക്കാൻ മലയാളി ട്രോളൻമാർ ഉപയോഗിച്ചത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഉറങ്ങുന്ന ചിത്രമാണ്! ക്വോട്ട സമ്പ്രദായത്തോടു കലഹിച്ച് 'പ്യുവര്‍' വൈറ്റ് രാജ്യമായ ഇംഗ്ലണ്ടിലേക്കു കുടിയേറിയ കെവിന്‍ പീറ്റേഴ്‌സൺ 'ജനറൽ ക്വോട്ട' വിഭാഗത്തിന്‍റെ വീരനായകനുമായി!
ദക്ഷിണാഫ്രിക്കൻ ടീമിൽ ക്വോട്ട സിസ്റ്റം ഉണ്ടെന്നതു യാഥാർഥ്യം തന്നെയാണ്. വെള്ളക്കാരല്ലാത്ത ആറു പേർ ടീമിലുണ്ടാകണം; അതിൽ രണ്ടു പേരെങ്കിലും കറുത്ത വർഗക്കാരുമായിരിക്കണം. ദക്ഷിണാഫ്രിക്കൻ ജനതയിൽ 80 ശതമാനവും കറുത്ത വർഗക്കാരാണ്, എട്ട് ശതമാനം വെള്ളക്കാരും. പക്ഷേ, സംവരണമില്ലെങ്കിൽ ആ ടീമിൽ തെരഞ്ഞെടുക്കപ്പെടുന്ന മുഴുവനാളുകളും ഈ എട്ടു ശതമാനത്തിന്‍റെ പ്രതിനിധികളായിരിക്കും. അങ്ങനെയൊരു വിവേചനം ഒഴിവാക്കുക എന്നതാണ് ലോകത്തു മറ്റെവിടെയും എന്നതു പോലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ സംവരണത്തിന്‍റെയും യുക്തി. മഖായ എൻടിനിയെപ്പോലൊരു വേൾഡ് ക്ലാസ് ബൗളർക്കു പോലും സംവരണമില്ലെങ്കിൽ ആ ടീമിന്‍റെ പരിസരത്തു കാലു കുത്താനാവുമായിരുന്നില്ല. വർണ വിവേചനം നിയമപരമായിരുന്ന രാജ്യമാണത്. അവിടെ ബവുമ ആ ടീമിന്‍റെ ക്യാപ്റ്റൻ വരെയാകണമെങ്കിൽ അയാൾക്കതിന് അർഹതയുള്ളതുകൊണ്ടു മാത്രമാണ്. ടീമിൽ ഇടം കിട്ടാൻ മാത്രമാണ് അവിടെ സംവരണമുള്ളത്, ക്യാപ്റ്റൻസിക്ക് അതില്ല.
1998നു ശേഷം ആദ്യമായൊരു ഐസിസി ട്രോഫിയിൽ കൈവയ്ക്കാൻ അർഹത നേടിയ ആദ്യത്തെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനാണ് ഇന്നു ടെംബ ബവുമ. 27 വർഷം മുൻപ് ഹാൻസി ക്രോണ്യെ ഏറ്റവാങ്ങിയ ചാംപ്യൻസ് ട്രോഫിക്കു ശേഷം ഇതാദ്യമായാണ് ഒരു ഐസിസി ട്രോഫി ദക്ഷിണാഫ്രിക്കയ്ക്കു സ്വന്തമാകുന്നത്- ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്! അതേറ്റു വാങ്ങിയ ബവുമയുടെ പൊക്കം മഹാരഥികളായ മുൻഗാമികളെക്കാൾ ഒരുപാട് കൂടുതലാണ്, അയാൾ ഉയർത്തിപ്പിടിച്ച രാജ്യത്തിന്‍റെ അഭിമാനം ആകാശംമുട്ടെയാണ്. പടിക്കൽ കലമുടയ്ക്കുന്നവർ എന്ന വിശേഷണം ദക്ഷിണാഫ്രിക്കൻ ടീമിന്‍റെ നെറ്റിയിൽ നിന്നു മായ്ച്ചു കളയാൻ സാധിച്ചിട്ടുള്ള അവരുടെ രണ്ടാമത്തെ മാത്രം ക്യാപ്റ്റനാണയാൾ.
2023 ലോകകപ്പിൽ കളിച്ച ഏഴു മത്സരങ്ങളിൽ 8, 35, 16, 28, 24, 11, 0 എന്നിങ്ങനെയായിരുന്നു ബവുമയുടെ സ്കോർ. ഇതാണ് ക്രിക്കറ്റ് വിശകലനത്തിൽ തുടങ്ങി വർണവെറിയിൽ അവസാനിച്ച രൂക്ഷമായ പരിഹാസത്തിനു കാരണമായത്. എന്നാൽ, സംവരണം കൊണ്ടു മാത്രം ടീമിലെത്തിയവനെന്ന് ആക്ഷേപിച്ചവർ അറിഞ്ഞിരുന്നില്ല, ആ വർഷം ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ (637) റൺസെടുത്ത ബാറ്ററായിരുന്നു ബവുമ. 2023ൽ അയാളുടെ ബാറ്റിങ് ശരാശരി 79.6 റൺസും സ്ട്രൈക്ക് റേറ്റ് 104ഉം ആയിരുന്നു!
ഫാസ്റ്റ് ബൗളർമാരുമായി ഉയരം താരതമ്യം ചെയ്തും, ഉറങ്ങുന്നതിന്‍റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുമെല്ലാം ട്രോളൻമാർ ടെംബ ബവുമയെ പരിഹസിച്ചിരുന്നു...
പ്രകടനം മോശമായാൽ സച്ചിൻ ടെൻഡുൽക്കർ മുതൽ വിരാട് കോലി വരെ വിമർശിക്കപ്പെടും. പക്ഷേ, ഉയരവും രൂപവും നിറവുമൊക്കെ വിമർശനത്തിന് അടിസ്ഥാനമാകുമ്പോൾ അത് വംശീയത മാത്രമാണ്. അതേ ലോകകപ്പിൽ ബവുമയെക്കാൾ വലിയ പരാജയമായിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറുടെ നിറവും രൂപവും ഉയരവും പരിഹസിക്കപ്പെട്ടില്ല. 2011ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ എം.എസ്. ധോണി തന്‍റെ ടീമിലെ റൺ സ്കോറർമാരിൽ ആറാം സ്ഥാനത്തായിരുന്നു, സ്ട്രൈക്ക് റേറ്റിൽ ഒമ്പതാമതും. 2019ല്‍ ഇംഗ്ലണ്ട് ലോകകപ്പ് നേടുമ്പോള്‍ അവരുടെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ റണ്‍ സ്‌കോറര്‍മാരില്‍ അഞ്ചാമതായിരുന്നു; 2015ല്‍ ഓസ്‌ട്രേലിയ കപ്പ് നേടുമ്പോള്‍ മൈക്കല്‍ ക്ലാര്‍ക്ക് റൺവേട്ടയിൽ അഞ്ചാമൻ മാത്രമായിരുന്നു.... പക്ഷേ, അതിന്‍റെ പേരിൽ അവരുടെ ആരുടെയും അർഹത ചോദ്യം ചെയ്യപ്പെട്ടില്ല, ആരും അവരുടെ ഉയരമളക്കാനും പോയില്ല. പക്ഷേ, ഇന്ത്യ പാക്കിസ്ഥാനോടു തോറ്റപ്പോൾ മുഹമ്മദ് ഷമിയുടെ മതം ഇവിടെ ചർച്ചയായി.... അങ്ങനെയൊക്കെയാണ് ഒളിഞ്ഞിരിക്കുന്ന വിവേചന ചിന്തകൾ അറിയാതെ പുറത്തുവരുന്നത്.
കപ്പെടുക്കാൻ മാത്രം കൈ നീട്ടിയ ക്യാപ്റ്റനായല്ല ബവുമ ചരിത്രപ്രസിദ്ധമായ ലോർഡ്സിന്‍റെ പവലിനിയനിൽ തലയുയർത്തി നിന്നത്. വെള്ളക്കാരന്‍റെ കളിയിൽ ആദ്യ രണ്ട് ലോകകപ്പും നേടിയ ക്ലൈവ് ലോയ്ഡും മൂന്നാമത്തെ ലോകകപ്പ് നേടിയ കപിൽ ദേവും വിരിഞ്ഞു നിന്ന അതേ മട്ടുപ്പാവിൽ ഇതാ അടിച്ചമർത്തപ്പെട്ട ജനതയുടെ മറ്റൊരു പ്രതിനിധി- ടെംബ ബവുമ!