

ടെംബ ബവുമ
ദക്ഷിണാഫ്രിക്കയുടെ ഔദ‍്യോഗിക ഭാഷയായ സോക്സയിൽ 'ടെംബ' എന്ന പദത്തിനർഥം പ്രതീക്ഷയെന്നാണ്. ഇന്ന് ദക്ഷിണാഫ്രിക്കൻ ടീമിന് പ്രതീക്ഷ വേണ്ട അനുയോജ‍്യമായ സമയത്ത് തന്നെ ബവുമയ്ക്ക് അത് ടീമിന് നൽകാൻ സാധിച്ചു. 12 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ബവുമ ദക്ഷിണാഫ്രിക്കയെ ക‍്യാപ്റ്റനായി നയിച്ചിട്ടുള്ളത്.
അതിൽ 11 മത്സരങ്ങളും ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു. ക‍്യാപ്റ്റനായുള്ള ബവുമയുടെ വിജയയാത്ര തുടരുമ്പോൾ പുതിയൊരു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് യുഗത്തിനാണ് തുടക്കമാവുന്നത്. ദക്ഷിണാഫ്രിക്കയുടെ ഏക്കാലത്തെയും മികച്ച ക‍്യാപ്റ്റനായ ഗ്രേം സ്മിത്ത് സഞ്ചരിച്ച വഴി ബവുമ തുടരുമ്പോൾ ഒരു രാജ‍്യത്തിന്‍റെ ഒട്ടവനധി പ്രതീക്ഷകളാണ് ഒപ്പം സഞ്ചരിക്കുന്നത്.
ഇന്ത‍്യയെ സ്വന്തം നാട്ടിൽ 2 ടെസ്റ്റ് മത്സരങ്ങളും തോൽപ്പിച്ച് പരമ്പര തൂത്തുവാരിയിരിക്കുകയാണ് ടെംബ ബവുമയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ ടീം. സൈമൺ ഹാർമറെയും പേസർ മാർക്കോ യാൻസനെയും എല്ലാവരും വാനോളം പുകഴ്ത്തുമ്പോഴും ടെംബ ബവുമ എന്ന ക‍്യാപ്റ്റനെ പറ്റി പറയാതിരിക്കാൻ വയ്യ. കോൽക്കത്തയിൽ വച്ചു നടന്ന ആദ‍്യ ടെസ്റ്റ് മത്സരത്തിനിടെ ബവുമയെ കുള്ളനെന്നായിരുന്നു ഇന്ത‍്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ വിശേഷിപ്പിച്ചത്. എന്നാൽ ഇതിനെയൊന്നും വകവയ്ക്കാതെ ആ അഞ്ചടി നാലിഞ്ചുള്ള മനുഷ‍്യൻ മറുപടി നൽകിയത് പരമ്പര നേടിക്കൊണ്ടായിരുന്നു.
ഇക്കഴിഞ്ഞ ജൂണിൽ ക്രിക്കറ്റിലെ കരുത്തരായ കംഗാരുപ്പടയെ തോൽപ്പിച്ചുകൊണ്ട് ദക്ഷിണാഫ്രിക്ക ഐസിസി ട്രോഫിയിൽ മുത്തമിട്ടിരുന്നു. 1998 ശേഷം ഒരു ദക്ഷിണാഫ്രിക്കൻ ക‍്യാപ്റ്റനും സാധിക്കാത്ത നേട്ടമായിരുന്നു ബവുമ രചിച്ചത്. ഇപ്പോഴിതാ ഇന്ത‍്യക്കെതിരേ ഇന്ത‍്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ‍്യ ദക്ഷിണാഫ്രിക്കൻ ക‍്യാപ്റ്റനെന്ന ചരിത്ര നേട്ടവും ബവുമ കുറിച്ചു. ക്രിക്കറ്റിന്‍റെ ചിരിത്രത്താളുകളിൽ ബവുമ രചിച നേട്ടം എന്നും ഓർമിക്കപ്പെടും.