SENA രാജ്യങ്ങളിൽ ടെസ്റ്റ് സെഞ്ചുറി; ചരിത്രനേട്ടവുമായി ഋഷഭ് പന്ത്, ഇന്ത്യക്ക് റെക്കോഡ് കുതിപ്പ്

ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ നാലാം ദിനമായ ഞായറാഴ്ചയാണ് പന്ത് ഒൻപതാം ടെസ്റ്റ് സെഞ്ചുറി നേടിയത്

Rishabh Pant

ഋഷഭ് പന്ത്

Updated on: 

വെല്ലിങ്ടൺ: SENA (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിലെല്ലാം ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററെന്ന നേട്ടം സ്വന്തമാക്കി ഋഷഭ് പന്ത്. ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ ആദ്യ വിക്കറ്റ് കീപ്പറെന്ന ചരിത്രവും പന്ത് കുറിച്ചു.

ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ നാലാം ദിനമായ ഞായറാഴ്ചയാണ് പന്ത് ഒൻപതാം ടെസ്റ്റ് സെഞ്ചുറി നേടിയത്. ശനിയാഴ്ച കെ.എൽ. രാഹുൽ എല്ലാ സേന രാജ്യങ്ങളിലും സെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. സച്ചിൻ തെൻഡുൽക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ, രാഹുൽ ദ്രാവിഡ്, വിരാട് കോലി എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ.

ഇംഗ്ലണ്ടിൽ നാല് ടെസ്റ്റ് സെഞ്ചുറികളും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഓരോ സെഞ്ചുറിയും പന്തിന്‍റെ പേരിലുണ്ട്. ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറാണ് ഇപ്പോൾ പന്ത്. ആഡം ഗിൽക്രിസ്റ്റും (17) ആൻഡി ഫ്ളവറുമാണ് (12) ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

108 സിക്സറുകളുമായി ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു റെക്കോഡിനു കൂടി അടുത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സിക്സറുകളുടെ എണ്ണത്തിൽ ബ്രണ്ടൻ മക്കല്ലം (138) മാത്രമാണ് ഇനി മുന്നിൽ.

720/9 എന്ന റെക്കോഡ് സ്കോറിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. വിദേശ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോറാണിത്. ന്യൂസിലൻഡിൽ ഏതൊരു ടീമും നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇതുതന്നെ. ന്യൂസിലൻഡിനെതിരേ മറ്റൊരു ടീമും ഇതുവരെ 700 റൺസ് കടന്നിട്ടില്ല.

ഇന്ത്യയുടെ ആദ്യത്തെ ഏഴ് വിക്കറ്റ് കൂട്ടുകെട്ടുകളും അമ്പത് റൺസിലധികം സ്കോർ ചെയ്തിട്ടുണ്ട്. ഇതും റെക്കോഡാണ്. ആറ് ഇന്ത്യൻ താരങ്ങൾ 70 റൺസിനു മുകളിൽ സ്കോർ ചെയ്തത് മറ്റൊരു റെക്കോഡ് (യശസ്വി ജയ്സ്വാൾ - 85, കെ.എൽ. രാഹുൽ - 136, ദേവദത്ത് പടിക്കൽ -80, ശുഭ്മൻ ഗിൽ-98, ഋഷഭ് പന്ത്-128, ധ്രുവ് ജുറെൽ-78).

നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 119/2 എന്ന നിലയിൽ പൊരുതുകയാണ് കിവീസ്. ഇന്നിങ്സ് പരാജയം ഒഴിവാക്കാൻ അവർക്കിനിയും 233 റൺസ് കൂടി വേണം. ക്യാപ്റ്റൻ ടോം ലാഥം (0), ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ഹെൻറി നിക്കോൾസ് (31) എന്നിവരുടെ വിക്കറ്റാണ് വീണത്. ലാഥമിനെ ജസ്പ്രീത് ബുംറയും നിക്കോൾസിനെ പ്രസിദ്ധ് കൃഷ്ണയും തിരിച്ചയച്ചു.‌

അഞ്ചാം ദിവസം ഓപ്പണർ ഡെവൺ കോൺവെയും (59*) യുവതാരം രചിൻ രവീന്ദ്രയും (27*) ആയിരിക്കും ന്യൂസിലൻഡിന്‍റെ ഇന്നിങ്സ് പുനരാരംഭിക്കുക. ആദ്യ ഇന്നിങ്സിൽ 368 റൺസാണ് ആതിഥേയർ നേടിയത്.