
ടെസ്റ്റ് ചാംപ‍്യന്‍ഷിപ്പ് ജേതാക്കൾക്ക് 30 കോടി; സമ്മാന തുക പ്രഖ‍്യാപിച്ച് ഐസിസി, ഇന്ത‍്യയ്ക്ക് എത്ര കിട്ടും?
ദുബായ്: ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് അരങ്ങേറാൻ ആഴ്ചകൾ ശേഷിക്കെ ജേതാക്കൾക്കുള്ള സമ്മാനതുക പ്രഖ‍്യാപിച്ച് ഐസിസി. 3.6 ദശലക്ഷം ഡോളർ ഏകദേശം 30.77 കോടി ഇന്ത‍്യൻ രൂപയാണ് ജേതാക്കൾക്ക് ലഭിക്കുക. മുമ്പ് ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിൽ വിജയികൾക്ക് ലഭിച്ചതിന്‍റെ ഇരട്ടിയിലേറെയാണ് ഇത്തവണ ലഭിക്കുന്നത്.
2021,2023 വർഷങ്ങളിൽ ജേതാക്കൾക്ക് ലഭിച്ചത് 1.6 ദശലക്ഷം (13.67 കോടി രൂപ) ഡോളറായിരുന്നു. ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും.
രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 18.46 കോടിയും മൂന്നാം സ്ഥാനത്തുള്ള ഇന്ത‍്യയ്ക്ക് 12.31 കോടിയുമാണ് സമ്മാന തുക ലഭിക്കുക. അതേസമയം നാലാം സ്ഥാനത്തുള്ള ന‍്യൂസിലൻഡിന് 10.26 കോടിയും പട്ടികയിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത പാക്കിസ്ഥാന് 4.10 കോടി രൂപയും സമ്മാനതുക ലഭിക്കും. കഴിഞ്ഞ രണ്ടു തവണയും ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിൽ ഇന്ത‍്യ കളിച്ചിരുന്നുവെങ്കിലും വിജയം നേടാനായില്ല.