ബംഗ്ലാദേശിനെതിരായ ടെസ്റ്റ് തോൽവി; പാക്കിസ്ഥാൻ ക‍്യാപ്റ്റനെയും പരിശീലകനെയും മാറ്റിയേക്കും

സർഫറാസിനെ മുഖ‍്യ പരിശീലക സ്ഥാനത്ത് നിന്നും നീക്കി അണ്ടർ 19, പാക്കിസ്ഥാൻ എ ടീമിന്‍റെ പരിശീലകനായി നിയമിക്കാൻ നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ
Test defeat against Bangladesh; Pakistan to replace captain and coach

സർഫറാസ് അഹ്മദ്, ഷാൻ മസൂദ്

Updated on

ന‍്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തോറ്റതോടെ നിലവിലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുഖ‍്യ പരിശീലകൻ‌ സർഫറാസ് അഹ്മദിനെയും ക‍്യാപ്റ്റൻ ഷാൻ മസൂദിനെയും സ്ഥാനങ്ങളിൽ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോർട്ട്.

പിസിബിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത് അനുസരിച്ച് മുൻ പാക്കിസ്ഥാൻ താരങ്ങളായ യൂനസ് ഖാൻ, മുഹമ്മദ് ഹഫീസ് എന്നിവരോട് പാക്കിസ്ഥാൻ ദേശീയ ടീമിന്‍റെ ഉന്നത പദവികൾ ഏറ്റെടുക്കാൻ ആവശ‍്യപ്പെട്ടതായാണ് വിവരം. സർഫറാസിനെ മുഖ‍്യ പരിശീലക സ്ഥാനത്ത് നിന്നും നീക്കി അണ്ടർ 19, പാക്കിസ്ഥാൻ എ ടീമിന്‍റെ പരിശീലകനായി നിയമിക്കാൻ നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ യൂനസ് ഖാനുമായി പിസിബി ധാരണയിലെത്തിയാൽ മാത്രമെ സർഫറാസിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റുന്ന കാര‍്യത്തിൽ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ എന്നാണ് വിവരം. ഹഫീസിനെ ചീഫ് സെലക്റ്ററായി നിയമിക്കാനാണ് നീക്കം. എന്നാൽ മാധ‍്യമങ്ങളിലൂടെ ബോർഡിനെ കടന്നാക്രമിക്കുന്ന ഹഫീസിന് ഉന്നത പദവി നൽകുമോയെന്നാണ് കണ്ടറിയേണ്ടത്.

അതേസമയം, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് പര‍്യടനങ്ങൾ കൂടി ടീമിനെ നയിക്കാൻ അവസരം നൽകണമെന്ന് ഷാൻ മസൂദ് ബോർഡിനോട് ആവശ‍്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷമായിരിക്കും പുതിയ ക‍്യാപ്റ്റനെ തെരഞ്ഞെടുക്കുന്ന കാര‍്യത്തിൽ തീരുമാനമെടുക്കുക. ഷാൻ മസൂദിനെ ക‍്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കിയാൽ ബാബർ‌ അസമായിരിക്കും ക‍്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ‍്യത.

logo
Metro Vaartha
www.metrovaartha.com