

ഇന്ത‍്യൻ ടീം
ന‍്യൂഡൽഹി: ന‍്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ നിന്നും പേസർ പ്രസിദ്ധ് കൃഷ്ണ പുറത്തായതായി റിപ്പോർട്ട്. കായികക്ഷമത വീണ്ടെടുക്കുമെന്ന വിശ്വാസത്തിന്‍റെ പുറത്താണ് പ്രസിദ്ധ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയത്.
എന്നാൽ മാധ‍്യമപ്രവർത്തകൻ മൊഹ്സിൻ കമാൽ പറയുന്നത് അനുസരിച്ച് പ്രസിദ്ധ് കിവീസിനെതിരേ ഏകദിന പരമ്പര കളിക്കില്ലെന്നാണ്. എക്സിലൂടെയാണ് മൊഹ്സിൻ ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രസിദ്ധ് കൃഷ്ണ
അങ്ങനെയെങ്കിൽ ബാരമുള്ള എക്സ്പ്രസ് എന്നറിയപ്പെടുന്ന ആക്വിബ് നബി ഇന്ത‍്യൻ ടീമിന്‍റെ ഭാഗമായേക്കും. അവസാന രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ മാത്രമാണ് ആക്വിബ് നബിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രസിദ്ധ് കളിച്ചില്ലെങ്കിൽ ആക്വിബ് പരമ്പരയിലുടനീളം ടീമിനൊപ്പമുണ്ടാകും.
വെസ്റ്റ് ഇൻഡീസിനെതിരേ ഒക്റ്റോബറിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിനിടെയാണ് പ്രസിദ്ധ് കൃഷ്ണയ്ക്ക് പരുക്കേൽക്കുന്നത്. അന്ന് മുതൽ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്‍റർ ഓഫ് എക്സലൻസിൽ പരുക്ക് ഭേദമാകാൻ ചികിത്സയും കായികക്ഷമത വീണ്ടെടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് താരം. എന്നാൽ ബിസിസിഐ മെഡിക്കൽ ടീമിന്‍റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെടാനാണ് സാധ‍്യത.
അതേസമയം, പ്രസിദ്ധിന്‍റെ അഭാവം ഇന്ത‍്യൻ ടീമിനും കോച്ച് ഗൗതം ഗംഭീറിനും വലിയ തലവേദനയാകും. 2027ലെ ഏകദിന ലോകകപ്പ് മുൻനിർത്തി ഫിറ്റ്നസ് നിലനിർത്താൻ സാധിക്കുന്ന മികച്ച പേസർമാരെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത‍്യ. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ ജോലിഭാരം നിയന്ത്രിച്ചു കൊണ്ടുപോകേണ്ട സാഹചര‍്യത്തിലാണ് ഇത്തരത്തിലൊരു വെല്ലുവിളിയുണ്ടായിരിക്കുന്നത്.
6 അടി മൂന്നിഞ്ച് ഉയരമുള്ളതിനാൽ ദക്ഷിണാഫ്രിക്കൻ സാഹചര‍്യങ്ങളിൽ ഹിറ്റ് ദി ഡെക്ക് തന്ത്രം എളുപ്പത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുന്ന ബൗളറായാണ് പ്രസിദ്ധ് കൃഷ്ണയെ ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്. ഈ വർഷം കളിച്ച 9 മത്സരങ്ങളിൽ നിന്നും 16 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട് പ്രസിദ്ധ്. ഇതോടെ 2026ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി പ്രസിദ്ധ് മാറുകയും ചെയ്തിരുന്നു.