തിരുവനന്തപുരം: ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ മിന്നുന്ന പ്രകടനത്തോടെ മെഡല്‍ നേടി രാജ്യത്തിന്റെ യശസുയര്‍ത്തിയ മലയാളി കായികതാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്യാഷ് പ്രൈസ് ഇിയും വിതരണം ചെയ്തില്ല. കഴിഞ്ഞ ഒക്ടോബര്‍ 18-ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കായിക താരങ്ങള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്. മെഡല്‍ ജേതാക്കളെ സര്‍ക്കാര്‍ നേരില്‍ വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തില്ലെന്ന് നേരത്തേ തന്നെ ആരോപമമുയര്ന്നിരുന്നു.
സ്വര്‍ണമെഡല്‍ നേടിയ താരങ്ങള്‍ക്ക് 25 ലക്ഷം രൂപയും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷവും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയുമായിരുന്നു സമ്മാനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപനം വന്നിട്ട് ഇപ്പോള്‍ ഒന്നര മാസം പിന്നിട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും വന്നിട്ടില്ലെന്ന് കായിക താരങ്ങള്‍ പറഞ്ഞു. എന്നാല്‍ പ്രഖ്യാപനം വന്ന് ഒന്നരമാസത്തോളമായിട്ടും താരങ്ങള്‍ക്ക് ഈ തുക ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക ഒരാഴ്ചയ്ക്കുള്ളില്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്നായിരുന്നു കായിക മന്ത്രി വി.അബ്ദുറഹിമാന് പറഞ്ഞിരുന്നത്.
പുരുഷ ഹോക്കിയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പര്‍ പി. ആര് ശ്രീജേഷ്, 4400 മീറ്റര്‍ പുരുഷ റിലേയില്‍ സ്വര്‍ണം നേടിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, പുരുഷ ലോങ്ജംപില്‍ വെള്ളി നേടിയ എം. ശ്രീശങ്കര്‍, വനിതാ ലോങ്ജംപില്‍ വെള്ളി നേടിയ ആന്‍സി സോജന്, 800 മീറ്ററില്‍ വെള്ളി നേടിയ മുഹമ്മദ് അഫ്സല്, ബാഡ്മിന്റന്‍ ടീം ഇനത്തില്‍ വെള്ളി നേടിയ എം.ആര് അര്ജുന്, 1500 മീറ്ററില്‍ വെങ്കലം നേടിയ ജിന്സന് ജോണ്സണ്, വനിതാ ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം മിന്നുമണി, സ്ക്വാഷ് മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടിയ ദീപിക പള്ളിക്കല്‍ എന്നിവരാണ് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍.
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മറ്റ് കായിക താരങ്ങള്‍ക്ക് അവരുടെ സംസ്ഥാന സര്‍ക്കാരുകള്‍ വലിയ വാഗ്ദാനങ്ങളും സമ്മാനങ്ങളുമെല്ലാം പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പി.ആര് ശ്രീജേഷ് പരസ്യമായി പ്രതികരിച്ചത് വിവാദമായിരുന്നു. കായിക രംഗത്ത് വലിയ മുന്നേറ്റം കേരളം ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍ക്ക് പ്രഖ്യാപിച്ച തുക പോലും നല്‍കാനാകാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.