ദിശാബോധം നൽകിയ കായിക ഉച്ചകോടി

സംസ്ഥാനത്തെ കായിക രംഗത്ത് ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നില്ല ഈ യാഥാർഥ്യം മനസിലാക്കണം
ദിശാബോധം നൽകിയ കായിക ഉച്ചകോടി

##അഡ്വ.ജി.സുഗുണന്‍

കായിക രംഗത്ത് കേരളം മെച്ചപ്പെട്ട പ്രകടനമാണ് നടത്തി കൊണ്ടിരുന്നത്. ഇപ്പോഴും ഈ സ്ഥിതി നമുക്ക് കാണാനും കഴിയും. എന്നാല്‍ ഈ അടുത്തകാലത്ത് ഈ സ്ഥിതിയില്‍ ചെറിയ മാറ്റം വന്നിട്ടുണ്ടന്നുള്ളത് ഒരു വസ്തുയാണ്. സംസ്ഥാനത്തെ കായിക രംഗത്ത് ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നില്ല ഈ യാഥാർഥ്യം മനസിലാക്കിക്കൊണ്ട് സ്പോർട്സ്, ഗെയിംസ് രംഗത്ത് സംസ്ഥാനത്തിന്‍റെ കൊടിക്കൂറ ഉയര്‍ത്തിക്കെട്ടാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് കഴിഞ്ഞയാഴ്ച നാലു ദിവസം നീണ്ടുനിന്ന അന്താരാഷ്‌ട്ര കായിക ഉച്ചകോടി തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്.

കേരളത്തിലെ കായിക ലോകത്തിന് പുത്തന്‍ ഉണര്‍വും ദിശബോധവും നല്‍കി കൊണ്ട് നാലു ദിവസം നീണ്ട തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്‌ട്ര കായിക ഉച്ചകോടി എന്തുകൊണ്ടും എടുത്തു പറയേണ്ട ഒന്നായിരുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു സംസ്ഥാനം സംഘടിപ്പിക്കുന്ന കായിക ഉച്ചകോടിയില്‍ കായിക-സാമ്പത്തിക വ്യവസ്ഥയിലൂന്നിയുള്ള നിരവധി സെഷനുകള്‍ സംഘടിപ്പിച്ചു. 25 പദ്ധതികളിലായി 5025 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാന്‍ ഉച്ചകോടിക്കായി എന്നത് ഏറെ അഭിമാനകരമായ നേട്ടമാണ് എന്ന് കായിക മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.

ജനുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 2281 മുഴുവന്‍ സമയ പ്രതിനിധികള്‍ പങ്കെടുത്തു. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 13 വിദേശ അതിഥികളും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 35 കായിക വിദഗ്ധരും പങ്കെടുത്തു. 47 ഗവേഷണ പ്രബന്ധങ്ങളാണ് സമ്മിറ്റില്‍ അവതരിപ്പിച്ചത്. ഇതില്‍ മികച്ച പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും, പുസ്തകരൂപത്തിലും ഇ-ടെക്സ്റ്റുകളായും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പബ്ലിക് ഡൊമൈനില്‍ പ്രഡിദ്ധീകരിക്കും. ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് പിച്ചില്‍ 18 സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിച്ചു. 41 കായിക അസോസിയേഷനുകള്‍ അവരുടെ മാസ്റ്റര്‍പ്ലാനുകള്‍ അവതരിപ്പിച്ചു. 14 ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ തയാറാക്കിയ മാസ്റ്റര്‍പ്ലാനുകളും സമ്മിറ്റുകളും 14 ജില്ലാ സമ്മിറ്റുകളും അന്താരാഷ്‌ട്ര ഉച്ചകോടിക്ക് മുന്നേടിയായി പൂര്‍ത്തിയാക്കി.

100 ല്‍ അധികം വണ്‍ ടു വണ്‍ ബിസിനസ് മീറ്റപ്പുകള്‍ സമ്മിറ്റില്‍ നടന്നു. 55 കമ്പിനികള്‍ സ്പോര്‍ട്സ് എക്സിബിഷനില്‍ പങ്കെടുത്തു. ഈ സ്പോര്‍ട്സ് രംഗത്തെ അന്തര്‍ദേശിയ കമ്പനികളുടെ പ്രദര്‍ശനം മികച്ച ബിസിനസ് അവസരം തുറക്കുന്നതിന് വഴി തെളിച്ചു. കൊച്ചിയില്‍ ഒരു അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് സിറ്റി പദ്ധതിക്കും, കോഴിക്കോട്, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകളിലെ പദ്ധതികള്‍ക്കുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ 1200 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി കേരള ഫുട്ബോള്‍ അസോസിയേഷനുമായി ചേര്‍ന്ന് എട്ട് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയങ്ങളും, നാല് ഫുട്ബോള്‍ അക്കാഡമികളും സ്ഥാപിക്കുന്നതിന് 800 കോടി രൂപയുടെ നിക്ഷേപം ഗ്രൂപ്പ് മീരാനും സ്കോരലൈന്‍ സ്പോര്‍ട്സും ചേര്‍ന്ന് വാഗ്ദാനം ചെയ്തു. കൊച്ചിയില്‍ 650 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കായിക സമുച്ചയമായ ലോഡ്സ് സ്പോര്‍ട്സ് സിറ്റിയാണ് മറ്റൊരു പദ്ധതി. വിവിധ കായിക ഇനങ്ങളെയും, അനുബന്ധ ആക്റ്റിവിറ്റികളെയും ഒരു കുടയ്ക്കു കീഴില്‍ കൊണ്ടുവരുന്ന ബൃഹത് പദ്ധതിയാണിത്.

അതിവേഗം വളരുന്ന ഇ-സ്പോര്‍ട്സ് രംഗത്തും മികച്ച നിക്ഷേപം ആകര്‍ഷിക്കാന്‍ കേരളത്തിനു കഴിഞ്ഞു. നോ സ്കോപ്പ് ഗെയിമിങ് ഈ രംഗത്ത് കേരളത്തില്‍ 350 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചുട്ടുണ്ട്. കേരളത്തില്‍ വലിയ വളര്‍ച്ചാ സാധ്യതകളുള്ള സാഹസിക കായിക വിനോദം, ജല കായിക വിനോദം എന്നീ രംഗങ്ങളില്‍ 200 കോടി രൂപയുടെ നിക്ഷേപം ഈ രംഗത്തെ മുന്‍നിരക്കാരായ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് വാഗ്ദാനം ചെയ്തു. കോഴിക്കോട് സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട് 450 കോടി രൂപയുടെ നിക്ഷേപം പ്രീമിയര്‍ ഗ്രൂപ്പും വാഗ്ദാനം ചെയ്തു. ഫുട്ബോള്‍ താരം സി.കെ. വിനീതിന്‍റെ നേതൃത്വത്തിലുള്ള തേര്‍ട്ടീന്‍ത്ത് ഫൗണ്ടേഷന്‍ 300 കോടിയുടെ നിക്ഷേപവുമായി അത്യാധുനിക കായിക പരിശീലന കേന്ദ്രവും ഭവന സമുച്ചയവും ഉള്‍പ്പെടുന്ന സ്പോര്‍ട്സ് കോംപ്ലക്സ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിച്ച ഇന്‍റര്‍നാഷനല്‍ സ്പോര്‍ട്സ് സമ്മിറ്റിന്‍റെ ആദ്യ രണ്ടു ദിവസങ്ങളിലായി കായിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളടം 19 പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാനത്തുടനീളം കായിക പദ്ധതികള്‍ താഴെത്തട്ടിലെത്തിക്കുന്നതിന് 100 കോടി ചെലവില്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ പദ്ധതിയും പ്രഖ്യാപിച്ചു. കൊച്ചിയില്‍ തന്നെ മൂലന്‍സ് ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ 100 കോടി നിക്ഷേപത്തില്‍ മറ്റൊരു നഗര കായിക സമുച്ചയം കൂടി വരുന്നു. ജിസിഡിഎ, ഇന്ത്യ ഖേലോ ഫുട്ബോള്‍, വിവിധ ക്ലബ്ബുകള്‍, പ്രോ സ്പോര്‍ട്സ് വെഞ്ചേഴ്സ്, സ്പോര്‍ട്സ് എക്സോട്ടിക്ക, സ്പോര്‍ട്സ് ആന്‍റ് മാനേജ്മെന്‍റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍ബി ഫിറ്റ്നസ് അക്കാഡമി, കേരളീയം മോട്ടോര്‍ സ്പോര്‍ട്സ് അസോസിയേഷന്‍, ആര്‍ബിഎസ് കോര്‍പ്പറേഷന്‍, ബാവാസ് സ്പോര്‍ട്സ് വില്ലെജ്, റീജന്‍സി ഗ്രൂപ്പ് ദുബായ്, നോവൂസ് സോക്കര്‍ അക്കാഡമി, പിഹാസ് സ്പോര്‍ട്സ് മാനെജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, പ്ലേ സ്പോര്‍ട്സ്, ബ്ലൈനഡ് ഇസ്പോര്‍ട്സ്, ഐ കോര്‍ ബിസിനസ് സോല്യൂഷന്‍സ് തുടങ്ങിയ സംരംഭകരും 50 മുതല്‍ 20 കോടി രൂപ വരെയുള്ള വിവിധ നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്തു. സംസ്ഥാന കായിക മേഖലയെ വളത്തിയെടുക്കുന്നതിന് പര്യപ്തമായ വിപുലമായ പരിപാടികളാണ് ഈ ഉച്ചകോടിയില്‍ തീരുമാനിക്കപ്പെട്ടത്.

സംസ്ഥാനത്തെ കായിക താരങ്ങളുടെയും പ്രമുഖരായ കായിക താരങ്ങളുടെയും സ്ഥിതി ഇപ്പോഴും ശോചനിയം തന്നെയാണ്. സര്‍ക്കാര്‍ സര്‍വീസിലേക്ക് സെലക്ഷന്‍ ലഭിച്ച കായിക താരങ്ങള്‍ക്ക് പോലും സെക്രട്ടറിയേറ്റിനു മുമ്പില്‍ നീണ്ട സമരം നടത്തി തങ്ങളുടെ ആവശ്യം നേടിയെടുക്കേണ്ട സ്ഥിതിയാണ് ഉള്ളത്. ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട പല സ്ഥാപനങ്ങളിലും ഇപ്പോഴും ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് സ്പോര്‍ട്സ് മെന്‍ സംവരണം ഇല്ല. സ്റ്റേറ്റ് സ്കൂള്‍ ടീമിലും, സംസ്ഥാന ടീമിലുമെല്ലാം സെലക്ഷന്‍ ലഭിക്കുന്ന കായിക താരങ്ങള്‍ക്ക് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ട്രെയിനില്‍ തേര്‍ഡ് ക്ലാസിലെ ഓര്‍ഡിനറി കംപാര്‍ട്ടുമെന്‍റുകളില്‍ യാത്രചെയ്യേണ്ട സാഹചര്യമാണ് ഉള്ളത്. പല സംസ്ഥാന സ്പോര്‍ട്സ് അസോസിയേഷനുകളും ഫണ്ട് ഇല്ലെന്ന് പറഞ്ഞ് താരങ്ങളുടെ സ്വന്തം ചെലവില്‍ നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കേണ്ട സ്ഥിതിയും ഉണ്ടായിട്ടുണ്ട്. പ്രമുഖരായ സ്പോര്‍ട്സ് താരങ്ങള്‍ക്ക് നല്‍കി വരുന്ന പ്രതിമാസ പെന്‍ഷന്‍ 1600 രൂപ മാത്രമാണ്. പെന്‍ഷന്‍ അപേക്ഷിക്കുന്ന വാര്‍ഷിക വരുമാന പരിധി 100000 രൂപ യാണ് ആയതിനാല്‍ പലര്‍ക്കും ഇതിനായി അപേക്ഷിക്കാന്‍ പോലും കഴിയുന്നില്ല. പെന്‍ഷന്‍ തുക 3000 രൂപയെങ്കിലും ആക്കി ഉയര്‍ത്തുകയും, ഇതിനുള്ള വരുമാന പരിധി 200000 രൂപ യാക്കി ഉയര്‍ത്തുകയും വേണം എങ്കില്‍ മാത്രമെ കായിക താരങ്ങള്‍ക്ക് പെന്‍ഷനു വേണ്ടി അപേക്ഷിക്കാനും, അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാക്കാനും കഴിയുകയുള്ളു.

എല്ലാ സ്കൂളുകളിലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍മാരെ (ഡ്രില്‍ മാസ്റ്റര്‍) നിയമിക്കാന്‍ അടിയന്തിര നടപടി വേണ്ടിയിരിക്കുകയാണ്. എങ്കില്‍ മാത്രമെ സ്കൂള്‍ കുട്ടികളെ സ്പോര്‍ട്സ് രംഗത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിയുകയുള്ളു. ബഹുഭൂരിപക്ഷം സ്കൂളുകളിലും ഇപ്പോള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍മാര്‍ ഇല്ലാത്ത സ്ഥിതിയാണ്. അതുപോലെ തന്നെ അംഗീകൃത സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും സംസ്ഥാന സര്‍ക്കാരിന് കഴിയണം. എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതാണ്. നിര്‍ഭാഗ്യവശാല്‍ ഇതു നടപ്പാക്കുന്നതിനുള്ള ഒരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ ഈ കായിക ഉച്ചകോടിയുമായി ബന്ധപ്പെട്ട് വളരെ പ്രധാന്യത്തോടെ ചര്‍ച്ച ചെയ്യുകയും അനുകൂലമായ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളുകയും ചെയ്യേണ്ടിരിക്കുകയാണ്. ഈ നിലയിലുള്ള കായിക മേഖലയെ ബാധിക്കുന്ന അടിസ്ഥാനപരമായ തീരുമാനങ്ങളിലേക്ക് സര്‍ക്കാര്‍ കടന്നാല്‍ മാത്രമെ അന്തരാഷ്‌ട്ര കായിക ഉച്ചകോടി നടത്തിയതുകൊണ്ടുള്ള പ്രയോജനം ഇവിടത്തെ സ്പോര്‍ട്സ് കായിക മേഖലയ്ക്ക് ലഭ്യമാവുകയുള്ളു.

(ലേഖകന്‍ റീജ്യനല്‍ സ്പോര്‍ട്സ് & ഗെയിംസ് അസോസിയേഷന്‍

പ്രസിഡന്‍റാണ്. ഫോണ്‍: 9847132428, Email: advgsugunan@gmail.com))

Trending

No stories found.

Latest News

No stories found.