ഇന്ത്യ - ഇംഗ്ലണ്ട് സെമി മഴ മുടക്കിയാൽ ഈ ടീം ഫൈനലിലെത്തും

ഇന്ത്യൻ സമയമനുസരിച്ച് വ്യാഴാഴ്ചയാണ് രണ്ട് സെമി ഫൈനൽ മത്സരങ്ങളും. എന്നാൽ, പ്രാദേശിക സമയം അനുസരിച്ച് ഇതു രണ്ടും രണ്ടു ദിവസമാണ്.
This team will play final if India vs England semi final is washed out in rain
ജോസ് ബട്ലർ, രോഹിത് ശർമFile photo

ഗയാന: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന രണ്ടാം സെമി ഫൈനൽ മത്സരം മഴ തടസപ്പെടുത്താൻ സാധ്യത. 90 ശതമാനം മഴ സാധ്യതയാണ് വ്യാഴാഴ്ച പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ സമയമനുസരിച്ച് വ്യാഴാഴ്ചയാണ് രണ്ട് സെമി ഫൈനൽ മത്സരങ്ങളും- ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ മത്സരം രാവിലെ ആറു മുതലും, ഇന്ത്യ ഇംഗ്ലണ്ട് മത്സരം വൈകിട്ട് എട്ട് മുതലും. എന്നാൽ, പ്രാദേശിക സമയം അനുസരിച്ച് ഇതു രണ്ടും രണ്ടു ദിവസമാണ്. ആദ്യ സെമിക്ക് ഒരു റിസർവ് ദിനവും അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്ന രണ്ടാം സെമി ഫൈനലിന് റിസർവ് ഡേ ഇല്ല. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഫൈനൽ നടക്കാനിരിക്കുന്നതാണ് കാരണം.

പ്രാദേശിക സമയം രാവിലെയാണ് മത്സരം എന്നതിനാൽ, ഇന്ത്യ - ഇംഗ്ലണ്ട് സെമി മഴ തടസപ്പെടുത്തിയാലും പൂർത്തിയാക്കാൻ 250 മിനിറ്റ് അധികം നീക്കിവച്ചിട്ടുണ്ട്. ആദ്യ സെമിക്ക് ഒരു റിസർവ് ദിനം കൂടാതെ 60 മിനിറ്റ് അധിക സമയവും. മത്സരം റിസർവ് ദിനത്തിലേക്കു നീണ്ടാൽ തുടക്കം മുതൽ വീണ്ടും കളിക്കില്ല, പകരം ആദ്യ ദിവസം അവസാനിപ്പിച്ചിടത്തു വച്ച് അടുത്ത ദിവസം പുനരാരംഭിക്കുകയാവും ചെയ്യുക.

സെമി ഫൈനലുകൾ മഴ കാരണം പൂർണമായി തടസപ്പെട്ടാൽ എന്തു ചെയ്യണം എന്നതു സംബന്ധിച്ചും ചട്ടം തയാറാക്കിയിട്ടുണ്ട്. സൂപ്പർ 8 ഘട്ടത്തിലെ പോയിന്‍റ് നില പ്രകാരം ഉയർന്ന സ്ഥാനത്തു നിൽക്കുന്ന ടീമായിരിക്കും ഈ ചട്ടമനുസരിച്ച് ഫൈനലിൽ കടക്കുക.

ഇതു പ്രകാരം, ഇന്ത്യ - ഇംഗ്ലണ്ട് മത്സരം മഴ മുടക്കിയാൽ, കൂടുതൽ പോയിന്‍റുള്ള ഇന്ത്യ ഫൈനലിലെത്തും. അതുപോലെ, ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ദക്ഷിണാഫ്രിക്കയും ഫൈനലിലെത്തും.

Trending

No stories found.

Latest News

No stories found.