

ശ്രേയസ് അയ്യർ, തിലക് വർമ
ന‍്യൂഡൽഹി: 2027ലെ ഏകദിന ലോകകപ്പ് ലക്ഷ‍്യംവച്ച് ശ്രേയസ് അയ്യരുടെ ബാക്ക് അപ്പായി യുവതാരം തിലക് വർമയെ ഉയർത്തികൊണ്ടുവരാൻ ഇന്ത‍്യൻ ടീം മാനേജ്മെന്‍റും സെലക്റ്റർമാരും പദ്ധതിയിടുന്നു. ദേശീയ മാധ‍്യമമായ ടൈംസ് ഓഫ് ഇന്ത‍്യയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വലം കൈയ്യൻ ബാറ്റർമാർ ആധിപത‍്യം പുലർത്തുന്ന ഇന്ത‍്യൻ ബാറ്റിങ് നിരയിൽ തിലക് വർമയ്ക്ക് വ‍്യത‍്യസ്തത കൊണ്ടുവരാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. തിലക് അത‍്യാവശ‍്യം സ്പിൻ എറിയുന്നതിനാൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ടീം മാനേജ്മെന്‍റ് താരത്തോട് നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ.
ഓൾറൗണ്ടർമായ ഹാർദിക് പാണ്ഡ‍്യയ്ക്കും നിതീഷ് കുമാർ റെഡ്ഡിക്കും നിരന്തരം പരുക്കേൽക്കുന്നതിനാൽ ഏകദിനത്തിൽ നാലോവർ വീതം പന്തെറിയാൻ സാധിക്കുന്ന ബാറ്ററെയാണ് ടീം മാനേജ്മെന്‍റ് ലക്ഷ‍്യമിടുന്നത്. സീനിയർ താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും പ്രായം ഏറിവരുകയാണ്. അടുത്ത ലോകകപ്പ് വരുമ്പോഴേക്കും കെ.എൽ. രാഹുലിന് 35 വയസ് പിന്നിടും.
ടീമിൽ രവീന്ദ്ര ജഡേജയുടെ സ്ഥാനം സംബന്ധിച്ച് ഉറപ്പില്ല. ഫിറ്റ്നസ് പ്രശ്നങ്ങളുള്ളതിനാൽ ടീമിന്‍റെ ഫീൽഡിങ് അത്ര മികച്ചതല്ല. അതിനാൽ യുവതാരങ്ങളെയാണ് ടീം മാനേജ്മെന്‍റ് നോക്കുന്നത്. സെപ്റ്റംബർ 27ന് ആരംഭിക്കുന്ന ന‍്യൂസിലൻഡ് പരമ്പരയോടെ ഇന്ത‍്യയുടെ ലോകകപ്പ് തയാറെടുപ്പുകൾക്ക് തുടക്കമാകും.
അതേസമയം, 5 ഏകദിന മത്സരങ്ങൾ മാത്രമാണ് തിലക് വർമ ഇന്ത‍്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ളത്. 22.67 ബാറ്റിങ് ശരാശരിയിൽ ആകെ നേടിയതാകട്ടെ 68 റൺസും. 2023ൽ അരങ്ങേറ്റം കുറിച്ച താരം ദക്ഷിണാഫ്രിക്കയ്ക്കെതിരേ 2025ലാണ് അവസാനമായി ഏകദിന മത്സരം കളിച്ചത്. ഏകദിനത്തിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം ടീമിനെ തെരഞ്ഞെടുക്കുകയാണെങ്കിൽ ഇന്ത‍്യൻ ടീമിൽ ഉൾപ്പെടേണ്ട ആളല്ല തിലക് വർമ. എന്നാൽ പ്രധാന താരങ്ങൾക്ക് പ്രായമേറി വരുന്നത് കണക്കിലെടുക്കുമ്പോൾ തിലക് വർമയെ പോലെയൊരു യുവതാരത്തെ ടീമിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. തിലക് വർമ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ വിശ്വസ്ത താരമായതിനാൽ ടീമിൽ ഇടം ലഭിച്ചേക്കും.