പീറ്റർ ജയിംസ്
ടീം ഇന്ത്യ അപരാജിത കുതിപ്പുമായി ലോകകപ്പിന്‍റെ സെമി ഫൈനലിൽ എത്തിയിരിക്കുന്നു. ഒൻപത് മത്സരങ്ങളിൽ എട്ടിലും ടോപ് ഓർഡർ ബാറ്റർമാരുടെ മികവിലായിരുന്നു മുന്നേറ്റം. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനു ശേഷം, മുൻപില്ലാത്ത വിധം ഒത്തിണക്കതോടെയാണ് ടോപ് ഓർഡർ കളിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനക്കാരും റൺസ് നേടിയില്ലെങ്കിൽ അമ്പേ തകർന്നു പോകുന്ന ഇന്ത്യൻ ബാറ്റിങ്നിരയുടെ ശാപം മാറി. അവസാന മത്സരങ്ങളിൽ മധ്യനിരയിൽ നിന്ന് മികച്ച ഇന്നിങ്സുകൾ കണ്ടത് ടീം ഇന്ത്യയുടെ സെമി പോരാട്ടങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം സമ്മാനിക്കും. ടോപ് ക്ലാസ് പ്രകടനം നടത്തുന്ന ഇന്ത്യൻ ടോപ് ഫൈവിന്‍റെ പ്രകടനങ്ങളിലേക്ക്...
ഇന്നിങ്സ്: 9
റൺസ്: 594
ഉയർന്ന സ്കോർ: 103*
ശരാശരി: 99.00
സ്ട്രൈക്ക് റേറ്റ്: 88.52
സെഞ്ചുറി: 2
ഫിഫ്റ്റി: 5
ലോകകപ്പിലെ റൺവേട്ടക്കാരിൽ മുന്നിൽ നിന്ന് നയിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരേ അർധസെഞ്ചുറി നേടിയതോടെ ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റൺ ഡി കോക്കിനെ മറികടന്നു. ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുമ്പോൾ വിരാടിന്‍റെ ബാറ്റിൽ തന്നെയാണ് പ്രധാന പ്രതീക്ഷ. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ ഏകദിന സെഞ്ചുറികളുടെ റെക്കോഡ് മറികടക്കാൻ വാംഖഡെയിൽ അദ്ദേഹത്തിനാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടൂർണമെന്‍റിൽ ഒന്നിലധികം തവണ ചേസ് മാസ്റ്റർ ഇന്ത്യക്ക് ബാറ്റ് കൊണ്ട് വിജയമൊരുക്കി. ഏകദിന ഫോർമാറ്റിൽ ഏറ്റവും കൂടുതൽ തവണ ഒറ്റ വർഷം ആയിരം റൺസ് തികയ്ക്കുന്ന ബാറ്റർ എന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നതാണ് അവസാന നേട്ടം.
ഇന്നിങ്സ്: 9
റൺസ്: 503
ഉയർന്ന സ്കോർ: 131
ശരാശരി: 55.88
സ്ട്രൈക്ക് റേറ്റ്: 121.49
സെഞ്ചുറി: 1
ഫിഫ്റ്റി: 3
ടീം ഇന്ത്യക്ക് സ്ഫേടനാത്മക തുടക്കങ്ങൾ സമ്മാനിക്കുന്ന ഇന്ത്യൻ നായകൻ ടൂർണമെന്‍റിൽ വലിയ ഇന്നിങ്സുകൾ കളിച്ചത് ചുരുക്കം മാത്രമാണ്. ലഖ്‌നൗവിൽ ഇംഗ്ലണ്ടിനെതിരേ മികച്ച ഇന്നിങ്സുമായി നയിച്ച രോഹിത്, ലോകകപ്പിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ നാലാം നമ്പറിലേക്ക് ഉയർന്നു. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ 131 റൺസാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ 24 പന്തിൽ 40 റൺസാണ് രോഹിത് നേടിയത്. ബുധനാഴ്ച മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയിൽ ന്യൂസിലൻഡിനെതിരേ മികച്ച തുടക്കം നൽകാൻ രോഹിത്തിനു സാധിച്ചാൽ ഇന്ത്യ കളി പകുതി ജയിച്ചെന്നു കരുതാം. അതിന്‍റെ അടിസ്ഥാനത്തിലാകും ഇന്ത്യയുടെ ഫൈനൽ സ്വപ്നങ്ങൾ.
ഇന്നിങ്സ്: 9
റൺസ്: 421
ഉയർന്ന സ്കോർ: 128*
ശരാശരി: 70.16
സ്ട്രൈക്ക് റേറ്റ്: 106.58
സെഞ്ചുറി: 1
ഫിഫ്റ്റി: 3
ലോകകപ്പിന്‍റെ കഴിഞ്ഞ എഡിഷനിൽ ഇന്ത്യൻ ബാറ്റിങ്നിര നേരിട്ട പ്രധാന പ്രശ്നമായിരുന്ന നാലാം നമ്പറിൽ ഒരു സ്പെഷ്യലിസ്റ്റ് ഇല്ലാത്തത്. ഇന്ത്യൻ മണ്ണിൽ ലോകകപ്പ് പോരാട്ടം അരങ്ങറിയപ്പോൾ നറുക്ക് വീണത് യുവതാരം ശ്രേയസ് അയ്യർക്ക്. ഏറെനാൾ പരുക്കേറ്റ് മാറിനിന്നിട്ടും അയ്യർ തിരിച്ചെത്താൻ ടീം മാനെജ്മെന്‍റ് ക്ഷമ കാണിച്ചു. ആദ്യ മത്സരങ്ങളിൽ നിറംമങ്ങയതിനാൽ വിമർശനം ഏറ്റു വാങ്ങിയിരുന്നു. പിന്നാലെ ചില മികച്ച ഇന്നിങ്സുകൾ കളിച്ച അയ്യർ ഒടുവിൽ നെതർലൻഡ്സിനെതിരേ ലോകകപ്പിലെ തന്‍റെ ആദ്യ സെഞ്ച്വറി നേടി. മൂന്ന് അർധസെഞ്ചുറികൾ നേരത്തെ നേടിയ അയ്യർ പേരുകേട്ട കിവീസ് സീമർമാർക്കെതിരേ തന്‍റെ ഹോം ഗ്രൗണ്ടിൽ മികച്ച സ്കോർ നേടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഇന്നിങ്സ്: 8
റൺസ്: 347
ഉയർന്ന സ്കോർ: 102
ശരാശരി: 69.40
സ്ട്രൈക്ക് റേറ്റ്: 93.53
സെഞ്ചുറി: 1
ഫിഫ്റ്റി: 1
പാർട്ട്ടൈം വിക്കറ്റ് കീപ്പറായ കെ.എൽ. രാഹുലിനെ ലോകകപ്പ് പോലൊരു വലിയ വേദിയിൽ വിക്കറ്റിന് പിന്നിൽ നിർത്തിയതിനെച്ചൊല്ലി ഏറെ വിമർശനങ്ങൾ ഇന്ത്യൻ ടീം മാനെജ്മെന്‍റ് കേട്ടിരുന്നു. പ്രാഥമിക മത്സരങ്ങൾ പൂർത്തിയായപ്പോൾ ടീം തന്നിൽ ഏൽപ്പിച്ച വിശ്വാസം പൂർണമായി നിറവേറ്റിക്കഴിഞ്ഞു രാഹുൽ. വിക്കറ്റിനു പിന്നിൽ മാത്രമല്ല, ക്രീസിലെത്താൻ അവസരം ലഭിച്ചപ്പോഴൊക്കെ രാഹുലിന്‍റെ ബാറ്റ് ഇന്ത്യക്കായി റൺസ് വാരിക്കൂട്ടി. 2023 ലോകകപ്പിൽ ഉടനീളം കെ.എൽ. രാഹുൽ ഇന്ത്യക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. നെതർലൻഡിസിനെതിരേ ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്‍റെ അതിവേഗ സെഞ്ചുറി പൂർത്തിയാക്കിയ താരം 69.40 എന്ന മികച്ച ശരാശരിയിൽ 347 റൺസ് നേടിക്കഴിഞ്ഞു.
ഇന്നിങ്സ്: 7
റൺസ്: 270
ഉയർന്ന സ്കോർ: 92
ശരാശരി: 38.57
സ്ട്രൈക്ക് റേറ്റ്: 104.65
സെഞ്ചുറി: 0
ഫിഫ്റ്റി: 3
ഇന്ത്യൻ യുവ ഓപ്പണർ ലോകകപ്പിൽ റെക്കോഡുകൾ വാരിക്കൂട്ടുകയാണ്. കലണ്ടർ വർഷം 2000 റൺസ് പൂർത്തിയാക്കിയതാണ് പുതിയ നേട്ടം. രോഹിത് ശർമയ്ക്കൊപ്പം മികച്ച തുടക്കങ്ങൾ സമ്മാനിക്കാൻ താരത്തിന് സാധിക്കുന്നുണ്ടെങ്കിലും ആദ്യ ലോകകപ്പ് സെഞ്ചുറി ഇപ്പോഴും അകലെയാണ്. വാംഖഡെയിൽ ആ വലിയ ഇന്നിങ്സ് പ്രതീക്ഷിക്കുന്നവർ ഏറെയാണ്. പനി ബാധിച്ച് ആദ്യ രണ്ടു മത്സരങ്ങൾ നഷ്ടപ്പെട്ട ഗിൽ പാക്കിസ്ഥാനെതിരേയാണ് ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയത്. പിന്നാലെ ശ്രീലങ്കയ്ക്കെതിരേ നേടിയ 92 റൺസാണ് ടൂർണമെന്‍റിലെ മികച്ച സ്കോർ. കഴിഞ്ഞ ആഴ്ച പുറത്തുവിട്ട ഐസിസി ഏകദിന റാങ്കിങ്ങിൽ പാക് സൂപ്പർ താരം ബാബർ അസമിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു താരം. നായകനൊപ്പം മികച്ചൊരു തുടക്കം ഗില്ലിന്‍റെ ബാറ്റിൽ നിന്ന് പിറക്കുന്നതിനായി മുംബൈ കാത്തിരിക്കുകയാണ്.