

ഏഷ്യൻ ഗെയിംസ് ആർച്ചറി കോമ്പൗണ്ട് വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ പുരുഷ ടീം.
നാഗോയ: ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ ഇന്ത്യക്ക് ട്രിപ്പിൾ സ്വർണം. കോമ്പൗണ്ട് ടീം ഇനങ്ങളിൽ മൂന്ന് സ്വർണ മെഡലുകളും സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. മിക്സഡ്, വനിതാ, പുരുഷ ടീം ഇനങ്ങളിലാണ് ഇന്ത്യ സുവർണ വിജയം നേടിയത്.
ഇതിൽ മിക്സഡ് ടീം ഇനത്തിൽ ചാമ്പ്യന്മാരായതോടെ ചികിത തനിപാർത്തിയും സാഹിൽ ജാദവും 2028-ലെ ലോസ് ഏഞ്ചൽസ് ഒളിംപിക്സിനുള്ള യോഗ്യതയും ഉറപ്പിച്ചു. ലോസ് ഏഞ്ചൽസ് ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്ന കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിലേക്ക് ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
വനിതാ വിഭാഗത്തിൽ ജ്യോതി സുരേഖ വെണ്ണം, ചികിത തനിപാർത്തി, പൃഥിക പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് ആദ്യം സ്വർണം നേടിയത്. ചൈനീസ് തായ്പെയെ പരാജയപ്പെടുത്തിയാണ് വനിതാ ടീം സ്വർണം നിലനിർത്തിയത്. മത്സരത്തിൽ ലോക റെക്കോഡിന് ഒപ്പമെത്തുന്ന പ്രകടനമാണ് ഇന്ത്യൻ വനിതകൾ കാഴ്ചവച്ചത്. 2014-ൽ ദക്ഷിണ കൊറിയ സ്ഥാപിച്ചതാണ് ലോക റെക്കോഡ്.
തുടർന്ന് നടന്ന ആവേശകരമായ മിക്സഡ് ടീം ഫൈനലിൽ ചികിത-സാഹിൽ സഖ്യം ദക്ഷിണ കൊറിയയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും 158-158 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ കൃത്യതയാർന്ന ഷോട്ടുകളിലൂടെ ഇന്ത്യൻ താരങ്ങൾ സ്വർണം സ്വന്തമാക്കുകയായിരുന്നു.
പുരുഷന്മാരുടെ ഫൈനലിൽ കുശാൽ ദലാൽ, സാഹിൽ ജാദവ്, ഗണേഷ് മണിരത്നം തിരുമുരു എന്നിവരടങ്ങുന്ന സംഘം ചൈനീസ് എതിരാളികളെ 238-237 എന്ന സ്കോറിന് അട്ടിമറിച്ചാണ് സ്വർണം നേടിയത്. സമ്മർദ്ദങ്ങളെ അതിജീവിച്ച് ഇന്ത്യൻ താരങ്ങൾ നടത്തിയ ഈ പ്രകടനം ഏഷ്യൻ ഗെയിംസ് അർച്ചറി ചരിത്രത്തിൽ ഇന്ത്യയുടെ സുവർണ നേട്ടമായി മാറി.