
ട്രിവാൻഡ്രം റോയൽസ്, കെസിഎൽ ടീം.
തിരുവനന്തപുരം: ആവേശക്രിക്കറ്റിന് ഓഗസ്റ്റ് 21ന് തിരിതെളിയുമ്പോള്‍ റോയല്‍ പ്രകടനം കാഴ്ച വയ്ക്കാനുള്ള തയാറെടുപ്പിലാണ് ട്രിവാന്‍ഡ്രം റോയല്‍സ്. ആറ് ബാറ്റര്‍മാരും അഞ്ച് ഓള്‍റൗണ്ടര്‍മാരും അഞ്ച് ബൗളര്‍മാരും അടങ്ങുന്ന ടീമിനെ ഇത്തവണ നയിക്കുന്നത് കൃഷ്ണ പ്രസാദാണ്. ക്യാപ്റ്റന്‍റെ നേതൃത്വത്തിലുള്ള ബാറ്റിങ് നിര വെടിക്കെട്ട് തീര്‍ക്കാന്‍ കഴിവുള്ളവരാണ്. യുവതാരം ഗോവിന്ദ് ദേവ് പൈ ആണ് ഉപനായകന്‍. ബേസില്‍ തമ്പി, അബ്ദുള്‍ ബാസിത് എന്നിവരാണ് ടീമിലെ പ്രധാന സംസ്ഥാന താരങ്ങള്‍.
അബ്ദുള്‍ ബാസിത്തായിരുന്നു കഴിഞ്ഞ സീസണില്‍ ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്‍റെ നായകന്‍. ഗോവിന്ദ് ദേവ് പൈ, സുബിന്‍ എസ്, ടി.എസ്. വിനില്‍ എന്നിവരെയാണ് റോയല്‍സ് ടീമില്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ റോയല്‍സിനായി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ താരമാണ് അബ്ദുള്‍ ബാസിത്. റോയല്‍സിന്‍റെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമന്‍. നിര്‍ണായക ഘട്ടത്തില്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും കളിയുടെ ഗതി തിരിക്കാന്‍ കഴിവുള്ള താരമാണ് അബ്ദുള്‍ ബാസിത്.
ബേസില്‍ തമ്പി കൂടിയെത്തുമ്പോള്‍ ടീം കൂടുതല്‍ കരുത്തുറ്റതാവുകയാണ്. കഴിഞ്ഞ സീസണില്‍ അഖില്‍ സ്‌കറിയയും ഷറഫുദ്ദീനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം ബേസില്‍ തമ്പി ആയിരുന്നു. ബേസിലിന്‍റെ അനുഭവസമ്പത്തും ഐപിഎല്ലിൽ ഉള്‍പ്പടെ പന്തെറിഞ്ഞ പരിചയവും ടീമിന് മുതല്‍ക്കൂട്ടാവും.
കഴിഞ്ഞ സീസണിലും ടീമിലുണ്ടായിരുന്ന ഗോവിന്ദ് ദേവ് പൈയും എസ്. സുബിനും സമീപ കാലത്ത് മികച്ച ഫോമിലാണ്. രണ്ട് അര്‍ധ സെഞ്ച്വറിയടക്കം 300 റണ്‍സ് സ്വന്തമാക്കിയ ഗോവിന്ദ് ആയിരുന്നു കഴിഞ്ഞ സീസണില്‍ ടീമിന്‍റെ ടോപ് സ്‌കോറര്‍. കൂറ്റനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ മികവുള്ള സുബിനും അടുത്തിടെ നടന്ന ടൂര്‍ണമെന്‍റുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. കൃഷ്ണപ്രസാദ്, അഭിജിത് പ്രവീണ്‍, റിയ ബഷീര്‍ തുടങ്ങിയവരും ടീമിനു ബാറ്റിങ് കരുത്തേറ്റുന്നു.
ബൗളിങ് നിരയില്‍ ഫൈസ് ഫാനൂസിനെയും എം. നിഖിലിനെയും കൂടി ടീമിലെത്തിക്കാനായതും നേട്ടമായി. ആലപ്പി റിപ്പിള്‍സിനു വേണ്ടി കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് ഫാനൂസ്. വി. അജിത്ത് ആകട്ടെ എന്‍എസ്‌കെ ട്രോഫിയില്‍ ഏറ്റവും മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എം. നിഖില്‍ കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു.
മുന്‍ രഞ്ജി താരം എസ്. മനോജാണ് ടീമിന്‍റെ മുഖ്യ പരിശീലകന്‍. സംവിധായകന്‍ പ്രിയദര്‍ശന്‍, ജോസ് പട്ടാറ എന്നിവര്‍ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ടീം.
ടീം ഇങ്ങനെ:
ബാറ്റര്‍മാർ- കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), ഗോവിന്ദ് ദേവ് പൈ (വൈസ് ക്യാപ്റ്റന്‍), റിയാ ബഷീര്‍, സഞ്ജീവ് സതീശന്‍.
ഓള്‍റൗണ്ടര്‍മാർ- അബ്ദുള്‍ ബാസിത്, അനന്തകൃഷ്ണന്‍, അഭിജിത്ത് പ്രവീണ്‍, ടി.എസ്. വിനില്‍, എസ്. നിഖില്‍.
ഫാസ്റ്റ് ബൗളർമാർ- ബേസില്‍ തമ്പി, ഫൈസ് ഫാനൂസ്, ആസിഫ് സലാം.
സ്പിന്നര്‍മാർ- വി. അജിത്, ജെ.എസ്. അനുരാജ്.
വിക്കറ്റ് കീപ്പര്‍മാർ- എസ്. സുബിന്‍, അദ്വൈത് പ്രിന്‍സ്.